കാബൂള്‍: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി അഫ്ഗാന്‍ ഭരണകൂടം. 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം സമ്മതിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്. പാക്ക് വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്. അര്‍ഗൂന്‍, ബെര്‍മല്‍ ജില്ലകളിലെ നിരവധി വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ മാധ്യമമായ ടോളോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ പ്രതിനിധി സംഘം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ എത്തിയ ദിവസമാണ് ഈ ആക്രമണങ്ങള്‍ നടന്നത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ അഫ്ഗാന്‍ ശ്രമിക്കുന്നതാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നത്.

അതേ സമയം അഫ്ഗാനിസ്ഥാനില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ ഭരണകൂടം രംഗത്ത് വന്നു. പണ്ടത്തെപ്പോലെ കാബൂളുമായി ബന്ധം നിലനിറുത്താന്‍ പാകിസ്ഥാന് കഴിയില്ലെന്നും പ്രതിഷേധകുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യര്‍ത്ഥനകളോ ഉണ്ടാവില്ല എന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇത് ആക്രമണം വീണ്ടും ശക്തമാക്കും എന്നതിന്റെ സൂചനയായാണ് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. പാകിസ്ഥാനിലുള്ള എല്ലാ അഫ്ഗാനികളും സ്വദേശത്തേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പാക് മണ്ണില്‍ താമസിക്കുന്ന എല്ലാ അഫ്ഗാനികളും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങണം. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ട്. കാബൂളില്‍ സ്വന്തം ഖിലാഫത്തുണ്ട്. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും 250 ദശലക്ഷം പാകിസ്ഥാനികളുടേതാണ്. ഇസ്‌ളാമാബാദ് വര്‍ഷങ്ങളായി ക്ഷമ കാണിച്ചെങ്കിലും അഫ്ഗാനില്‍ നിന്ന് അനുകൂല പ്രതികരണങ്ങളാെന്നും ലഭിച്ചില്ല. ഇനി പ്രതിഷേധകുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യര്‍ത്ഥനകളോ ഉണ്ടാവില്ല. ഒരു പ്രതിനിധി സംഘവും കാബൂളിലേക്ക് പോകില്ല. ഭീകതയുടെ ഉറവിടം എവിടെയായിരുന്നാലും അതിന് കനത്ത വില നല്‍കേണ്ടിവരും'- എന്നാണ് ഖ്വാജ ആസിഫ് കുറിച്ചത്.

കഴിഞ്ഞദിവസം അഫ്ഗാനില്‍ പാകിസ്ഥാന്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. നാല്‍പ്പത്തെട്ടുമണിക്കൂര്‍ വെടിനിറുത്തല്‍ അവസാനിച്ചശേഷമാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇതില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ഉള്‍ഗൂണ്‍ ജില്ലയില്‍ നടത്തിയ ആക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്.അതിര്‍ത്തിയില്‍ തങ്ങളുടെ സൈനികപോസ്റ്റുകള്‍ക്കുനേരെ അഫ്ഗാന്‍ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.

ഇരുഭാഗത്തിലുമായി ഒരു ഡസനിലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ബുധനാഴ്ചയാണ് വെടിനിര്‍ത്തലിന് പാകിസ്ഥാനും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവും വെടിനിര്‍ത്തലിന് ധാരണയിലെത്തിയത്. ഈ ധാരണയാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തില്‍ ഇരുവശത്തും നിരവധി പേരാണ് കൊല്ലപ്പെട്ടത്. 58 പാക് സൈനികരെ വധിച്ചതായി താലിബാന്‍ അവകാശപ്പെടുമ്പോള്‍, തങ്ങള്‍ക്ക് 23 സൈനികരെ നഷ്ടപ്പെട്ടുവെന്നും എന്നാല്‍ 200-ലധികം 'താലിബാന്‍ അനുബന്ധ ഭീകരരെ' വധിച്ചതായും പാകിസ്ഥാന്‍ സൈന്യം പറയുന്നു.

ഇതിനിടെ, പാകിസ്ഥാനിലെ മിര്‍ അലിയിലെ സൈനിക ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണമുണ്ടായി. സൈനിക ക്യാമ്പിന്റെ മതിലിലേക്ക് ഒരു തീവ്രവാദി സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഭീകരവാദികള്‍ ക്യാമ്പിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ ഏഴ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഭീകരവാദികളെ പാക് സൈന്യം വെടിവെച്ച് കൊന്നു.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ഖാലിദ് ബിന്‍ വലീദ് ചാവേര്‍ യൂണിറ്റും തെഹ്രീകെ താലിബാന്‍ ഗുല്‍ബഹാദറും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ അറിയിച്ചത്. ഈ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നാണ് വിവരം.