ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കടുത്ത നാശം വിതച്ചുകൊണ്ടെത്തിയ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായ വാർത്തകൾ പുറത്തുവരുന്നു. ലക്ഷക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടപ്പെട്ടത്. ഏകദേശം 33 ദശലക്ഷം പേരെ ഈ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്. പാക്കിസ്ഥാനിൽ ഏഴിൽ ഒരു വീടുവീതം പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

മുൻപെങ്ങുമില്ലാത്തവിധം അതിഭീകരമായിരുന്നു ഇത്തവണത്തെ കാലവർഷക്കെടുതി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കുതിച്ചെത്തിയ വെള്ളമൊഴുക്കിൽ ഒരു ഗ്രാമം അപ്പാടെ ഒലിച്ചുപോകുന്ന ഭീതിദമായ ദൃശ്യത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഈ കനത്ത പ്രതികൂലാവസ്ഥയേയും അവഗണിച്ച് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർമി ഹെലികോപ്റ്ററുകളേയും ചിത്രത്തിൽ കാണാം.

ഇത്രയും ഭീകരമായ ഒരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ റോയിറ്റേഴ്സിനോട് പറഞ്ഞത്. കനത്ത മഴയെ തുടർന്നെത്തിയ വെള്ളപ്പൊക്കത്തിൽ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും നശിച്ചും കാർഷിക വിളകൾക്കും കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേരെ അഭയാർത്ഥി ക്യാമ്പുകളിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും നൽകുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് രക്ഷാ പ്രവർത്തകർ.

ഖൈബർ പക്തൂൻക്വയിലും തെക്കൻ സിന്ധ് പ്രവിശ്യയിലുംഇന്നലെ പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇതുവരെ ഈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1,033 ആയി ഉയർന്നിട്ടുണ്ട്. 1.84.000 പേരെ മാറ്റി പാർപ്പിക്കേണ്ടി വന്നതായി ഐക്യരാഷ്ട്ര സഭയുടെ ഹുമാനിറ്റേറിയൻ സമിതി അറിയിച്ചു. ഇത് വരും നാളുകളിൽ ഇനിയും കൂടുമെന്നാണ് കരുതുന്നത്. അതിനിടയിൽ വൃക്ഷങ്ങൾ കടപുഴകി വീഴുന്നതിന്റെയും വീടുകൾ ഒലിച്ചുപോകുന്നതിന്റെയും ഭീകര ദൃശ്യങ്ങൾ പങ്കുവച്ച് മറ്റു രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ സൈനിക മേധാവി.

ഈ പതിറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്നായിരുന്നു പാക്കിസ്ഥാനി സെനറ്ററും കാലാവസ്ഥ വിദഗ്ധയുമായ ഷെറി റഹ്മാൻ പ്രതികരിച്ചത്. ഉഷ്ണതരംഗങ്ങളുടെയും, വെള്ളപ്പൊക്കങ്ങളുടെയും ഒരു നിര തന്നെയായിരുന്നുപാക്കിസ്ഥാൻ അടുത്ത കാലത്ത് ആക്രമിച്ചിരുന്നത്. അതിന്റെ ഒടുക്കമാണ് ഈ ഭീകരമായ കാലവർഷക്കെടുതി വന്നെത്തിയിരിക്കുന്നത്. എന്നും അവർ ചൂണ്ടിക്കാട്ടി

രാത്രിയിൽ സ്വാറ്റ് നദി കരകവിഞ്ഞതോടെയായിരുന്നു വടക്ക് പടിഞ്ഞാറൻ ഖൈബർ പ്രവിശ്യയിൽ കനത്ത വെള്ളപ്പൊക്കമുണ്ടായത്. പതിനായിരക്കണക്കിന് ആളുകളേയാണ് ഈ മേഖലയിൽ നിന്നും ഒഴിപ്പിച്ച് മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നത്. ചാർസദ്ദ ജില്ലയിൽ നിന്നും 1,80,000 പേരെയും നവ്ഷെഹ്റ ജില്ലയിൽ നിന്നും 1,50,000 പേരെയും മാറ്റി പാർപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവരിൽ പലരും അഭയാർത്ഥി ക്യാമ്പുകളിൽ ഇടം ലഭിക്കാതെ തെരുവോരങ്ങളിലും അഭയം തേടിയിട്ടുണ്ട്.

രാജ്യത്തെ നാല് പ്രവിശ്യകളേയും കടുത്ത വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഏകദേശം 3 ലക്ഷത്തോളം വീടുകൾ പൂർണ്ണമായും നശിച്ചതായാണ് കണക്കാക്കുന്നത്. റോഡുകൾ പലയിടങ്ങളിലും തകർന്നപ്പോൾ വൈദ്യൂതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. അതിനിടയിൽ രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഒരുന്തഴ്‌വരയിൽ കുടുങ്ങിപ്പോയ 22 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് അറിയിച്ചു തെക്കൻ സിന്ധിലെ വെള്ളപ്പൊക്ക പ്രദേശങ്ങൾ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സന്ദർശിച്ചു.

അതിനിടയിൽ സ്വാത് മേഖലയിലെ ഏറ്റവും വലുതും പ്രശസ്തവുമായ ആഡംബര ഹോട്ടലായ ന്യു ഹണിമൂൺ ഹോട്ടൽ ഇന്നലെ വെള്ളപ്പൊക്കത്തിൽ നിലംപൊത്തി. 150 മുറികളുൾല ഈ ഹോട്ടൽ കലാം നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ ഹോട്ടലിന്റെ അസ്ഥിവാരം ഇളകിപ്പോവുകയായിരുന്നു. സാധാരണയായി ജൂലായ് മാസത്തിലാണ് പാക്കിസ്ഥാനിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഈ വർഷം ഇത് ജൂണിൽ തന്നെ എത്തുകയായിരുന്നു.

ആഡംബര ഹോട്ടൽ തകർന്നു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഏതാനും നിമിഷങ്ങൾ കൊണ്ടാണ് വൻ കെട്ടിടം മണ്ണടിഞ്ഞത്. ആദ്യം കെട്ടിടത്തിന്റെ ഇടതുവശം താഴേക്ക് വീഴുകയായിരുന്നു. ഏറെ വൈകാതെ കെട്ടിടം പൂർണ്ണമായും നിലംപൊത്തി. മറ്റൊരു വീഡിയോയിൽ തകർന്നടിയുന്ന ഹോട്ടലിന്റെ പരിസരത്തു നിന്നും ഓടിമാറുന്ന ആളുകളേയും കാണാം. അതേസമയം, സർക്കാർ നിർദ്ദേശത്തെ തുടർന്ന് താമസക്കാരും ജീവനക്കാരും ബുധനാഴ്‌ച്ച തന്നെ ഒഴിഞ്ഞു പോയിരുന്നതിനാൽ ആളപായം ഒന്നുമുണ്ടായിട്ടില്ല.