ഗോള ഭിക്ഷക്കാരൻ! 2002-ൽ പാക്കിസ്ഥാനിലെ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലോക രാജ്യങ്ങളെ സമീപിച്ച അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻഖാനെ പ്രതിപക്ഷം പരിഹസിച്ചത് അങ്ങനെയാണ്. ഇപ്പോൾ ഇമ്രാൻ ജയിലിലാണ്. അന്നത്തെ പ്രതിപക്ഷം ഇന്ന് ഭരണപക്ഷമായി. പക്ഷേ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഇപ്പോൾ ആഗോള ഭിക്ഷക്കാരന്റെ റോളിലാണ്. സൗദി, യുഎഇ, ചൈന എന്നിവിടങ്ങളിൽ നിന്ന് കോടിക്കണക്കിന് ഡോളർ കടം വാങ്ങി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഷഹബാസിന്റെ നീക്കം.

ഒരു ചായ കുടിക്കാൻ പോലും ഗതിയില്ലാത്തവൻ എന്ന് പഴയ സിനിമയിലൊക്കെ ചിലരെ പരിഹസിക്കുന്നത് നാം കേട്ടിട്ടുണ്ട്. പക്ഷേ ഒരു രാജ്യത്തിന് മൊത്തമായി ചായ കുടിക്കാനുള്ള ഗതിയില്ലാതായാലോ? അതാണ് സത്യത്തിൽ പാക്കിസ്ഥാനിൽ സംഭവിക്കുന്നത്. കരുതൽ ധനശേഖരം കുത്തനെ ഇടിഞ്ഞ്, ഒന്നും ഇറക്കുമതിചെയ്യാൻ കഴിയാതായതോടെ ചായപ്പൊടിക്കും കുത്തനെ വിലകൂടി. ഇതോടെ ചായയുടെ ഉപയോഗം പരമാവധി കുറക്കണമെന്ന് പാക്കിസ്ഥാൻ സർക്കാർ നിർശേദം നൽകിയിരിക്കയാണ്!

ചായയുടെ കാര്യത്തിൽ മാത്രമല്ല, ഉപ്പുതൊട്ട് കർപ്പൂരം വരെ വലിയ വിലക്കയറ്റമാണ് പാക്കിസ്ഥാനിൽ. മരുന്നിനുപോലും ക്ഷാമം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ മലയോര മേഖലകളിലൊക്കെ ധാന്യത്തിനായി ജനം അടിപിടികൂടുന്നതിന്റെ വാർത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രതിസന്ധി പരിഹരിക്കാൻ മറ്റുചില കുറുക്കുവഴികളാണ് പാക്കിസ്ഥാൻ തേടുന്നത്.

കഞ്ചാവിന്റെ ആഗോള വിപണി

ഇപ്പോൾ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങിയിരിക്കയാണ് പാക്കിസ്ഥാൻ. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി (സിസിആർഎ) രൂപീകരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പുറത്തിറക്കി.

മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വില്പന തുടങ്ങിയ പ്രക്രിയകൾക്കും ഈ റെഗുലേറ്ററി ബോർഡിനായിരിക്കും ഉത്തരവാദിത്തം. പതിമൂന്ന് അംഗങ്ങളാണ് റെഗുലേറ്ററി അഥോറിറ്റിയിലുള്ളത്. വിവിധ സർക്കാർ വകുപ്പുകൾ, രഹസ്യാന്വേഷണ ഏജൻസികൾ, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിലുള്ളവർ ഈ അഥോറിറ്റിയുടെ ഭാഗമാകും. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിസിആർ അഥോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് ആദ്യ നിർദ്ദേശം ഉയരുന്നത്.

കഞ്ചാവും ആഗോളവിപണിയിൽ അതുമായി ബന്ധപ്പെട്ട മേഖലകളിലേക്കും കടന്നുചെല്ലാനുള്ള പാക്കിസ്ഥാന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച വളരെ താഴ്ന്ന നിലയിലാണ്.

ഐക്യരാഷ്ട്ര സഭ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറൽ സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവർക്കും കർശനമായ പിഴ ചുമത്തും. അനധികൃതമായി കഞ്ചാവ് കൈവശം വെക്കുന്നവരിൽ നിന്ന് ഒരു കോടി പിഴ ഈടാക്കും. കമ്പനികൾക്ക് ഒരു കോടി മുതൽ 20 കോടിവരെയാണ് പിഴ. ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ അനധികൃത കഞ്ചാവ് കൃഷി തടയാൻ പുതിയ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തുന്നു. അതുപോലെ അധികാത്തിലെത്തുന്നതിന് മുമ്പ് അഫ്ഗാനിൽ താലിബാന്റെ പ്രധാന വരുമാനമാർഗം കഞ്ചാവ് കൃഷിയായിരുന്നു. ഇപ്പോൾ അവർ അധികാരത്തിലെത്തിയതോടെ, കഞ്ചാവ് കൃഷി കുറച്ചിട്ടുണ്ട്. ഇതും ഫലത്തിൽ പാക്കിസ്ഥാന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

വീണ്ടും 'ഭിക്ഷാടനം'

ഇമ്രാനെ ഭിക്ഷാടകൻ എന്ന് വിശേഷിപ്പിച്ചവർക്കും ഇപ്പോൾ മുന്നിൽ മറ്റ് വഴികളില്ല. 2024-25 സാമ്പത്തിക വർഷത്തിൽ ചൈന പോലുള്ള പ്രധാന സഖ്യകക്ഷികളിൽ നിന്ന് 12 ബില്യൺ യുഎസ് ഡോളറിന്റെ കടം വാങ്ങാനാണ് പാക്കിസ്ഥാൻ തീരുമാനിച്ചത്. ഐഎംഎഫ് ടീം സഹായത്തിന് വരുന്നതിന് മുമ്പ് പണം കൈവരിക്കാനാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. സൗദി അറേബ്യയിൽ നിന്ന് 5 ബില്യൺ ഡോളറും യുഎഇയിൽ നിന്ന് 3 ബില്യൺ ഡോളറും ചൈനയിൽ നിന്ന് 4 ബില്യൺ യുഎസ് ഡോളറും വാങ്ങാനാണ് ധനമന്ത്രാലയം ഉൾപ്പെട്ടവർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ചൈനയിൽ നിന്നുള്ള കൂടുതൽ പുതിയ ധനസഹായത്തിന്റെ എസ്റ്റിമേറ്റ് അടുത്ത സാമ്പത്തിക ബജറ്റ് വർഷത്തിൽ ഉൾപ്പെടുത്തും.പുതിയ വായ്പാ പദ്ധതിക്ക് കീഴിൽ പാക്കിസ്ഥാന് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) 1 ബില്യൺ ഡോളറിലധികം ലഭിക്കും. അതേസമയം ലോക ബാങ്കിൽ നിന്നും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ നിന്നുമുള്ള പുതിയ ധനസഹായവും കണക്കാക്കിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ കർശനമായ ചെലവ് ചുരുക്കലിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വാടകക്ക് കൊടുക്കുന്നതിനെപറ്റി ചിന്തിക്കാൻ കഴിയുമോ! എന്തൊരു നാണക്കേടാണ്. എന്നാൽ അത്തരത്തിലുള്ള ഒരു കടുംവെട്ടാണ് പാക്കിസ്ഥാനിൽ നടന്നത്. അതും ഇമ്രാനാണ് തുടങ്ങി വെച്ചത്. കട ബാധ്യതകൾ നേരിടുന്ന രാജ്യത്തിന് വരുമാനം ഉണ്ടാക്കാനായി, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ നടത്താനായാണ് പ്രധാനമന്ത്രിയുടെ വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത്! പ്രധാനമന്ത്രിയാവട്ടെ മറ്റൊരു വീട്ടിലേക്ക് മാറുകയും ചെയ്തു. ഇന്ത്യ സാമ്പത്തികമായി വളരുമ്പോൾ, ഒരേ ദിവസം സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്ഥാൻ തകർന്നു തരിപ്പണമാകുന്നതാണ് കാണാൻ കഴിയുന്നത്.