ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ വ്യോമസേന കനത്ത പ്രഹരം ഏല്‍പ്പിച്ച പ്രധാന എയര്‍ബേസായ നൂര്‍ഖാന്‍ വ്യോമതാവളത്തിന്റെ പുനര്‍നിര്‍മാണം തുടരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍. പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ എയര്‍ബേസ്. പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മേഖലയില്‍ പുനര്‍നിര്‍മാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ആക്രമണത്തില്‍ സൈനിക ട്രക്കുകള്‍ അടക്കം വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂര്‍ഖാന്‍ ബേസില്‍ പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ ആക്രമണത്തിന്റെ തീവ്രത വലിയതായിരിക്കാമെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനിടെ സൈനിക ട്രക്കുകള്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. പാക്കിസ്ഥാന്‍ വ്യോമ കരസേനകളുടെ ആശയവിനിമയ സംവിധാനങ്ങളെ സംയോജിപ്പിച്ചിരുന്ന കണ്‍ട്രോള്‍ സെന്ററായിരിക്കാം തകര്‍ന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.

ഇക്കഴിഞ്ഞ മേയില്‍ പാക്കിസ്ഥാന് നേരേ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാനിലെ പ്രധാന വ്യോമത്താവളമായ നൂര്‍ ഖാനും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ നാശനഷ്ടമുണ്ടായ ഭാഗങ്ങളിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 25 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പ്രധാന വ്യോമത്താവളമാണ് നൂര്‍ ഖാന്‍. പാക് വ്യോമസേനയുടെ പ്രധാന വിമാനങ്ങളടക്കം ഇവിടെയാണുള്ളത്. മെയ് പത്താം തീയതിയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നൂര്‍ ഖാന്‍ വ്യോമത്താവളത്തിന് നേരേയും ഇന്ത്യ ആക്രമണം നടത്തിയത്. വ്യോമത്താവളത്തിലുണ്ടായിരുന്ന പ്രത്യേക സൈനികവാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ മിസൈല്‍ ആക്രമണം. ബ്രഹ്‌മോസ് മിസൈലോ സ്‌കാള്‍പ് മിസൈലും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് നിഗമനം.

വ്യോമത്താവളത്തിലുണ്ടായിരുന്ന പാക്കിസ്ഥാന്റെ പ്രത്യേക സൈനികവാഹനങ്ങള്‍ തകര്‍ക്കാനാണ് ഇന്ത്യ ആക്രമണം നടത്തിയതെങ്കിലും ഇതിന്റെ ആഘാതത്തില്‍ വ്യോമത്താവളത്തിലെ ചില കെട്ടിടങ്ങള്‍ തകരുകയും മറ്റുചില കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയുമുണ്ടായി. മേയ് പത്താം തീയതിയിലെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ഇത് വ്യക്തമായിരുന്നു. എന്നാല്‍, മേയ് 17-ാം തീയതി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളടക്കം നീക്കംചെയ്തെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍നിന്ന് മനസിലായി. ഇതിനുപിന്നാലെയാണ് സെപ്റ്റംബര്‍ മൂന്നാംതീയതിയിലെ സാറ്റലൈറ്റ് ദൃശ്യത്തില്‍ വ്യോമത്താവളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കണ്ടെത്തിയത്. പുതിയ മതിലുകള്‍ അടക്കമുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ പുരോഗമിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ നൂര്‍ ഖാന്‍ വ്യോമത്താവളത്തിലെ പ്രത്യേക സൈനികവാഹനങ്ങള്‍ നശിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഈ വാഹനങ്ങള്‍ തകര്‍ത്തതോടെയാണ് ഇതിന്റെ ആഘാതത്തില്‍ സമീപത്തെ ചില കെട്ടിടങ്ങള്‍ തകരുകയും പല കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയുംചെയ്തത്. ഇതോടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ബുര്‍ഖാസ് എന്ന് വിളിക്കുന്ന പാക് വ്യോമസേനയുടെ നമ്പര്‍ 12 വിഐപി സ്‌ക്വാഡ്രണ്‍ ആണ് നൂര്‍ ഖാന്‍ വ്യോമത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയും സൈനിക മേധാവിമാരും ഉള്‍പ്പെടെയുള്ള ഉന്നതരുടെ യാത്ര ഇവരുടെ ഉത്തരവാദിത്വമാണ്. അടുത്തിടെ പാക് സൈനിക മേധാവി അസിം മുനീര്‍ എസ്.സി.ഒ. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പുറപ്പെട്ടതും നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍നിന്നായിരുന്നു. അസിം മുനിറിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത റണ്‍വേയുടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കേടുപാടുണ്ടായത്.

പാക്കിസ്ഥാന്‍ വ്യോമസേനയുടെ 12-ാം നമ്പര്‍ വിഐപി സ്‌ക്വാഡ്രണ്‍ 'ബുറാക്‌സ്' ഈ വ്യോമത്താവളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശസന്ദര്‍ശനത്തിന് പോകുന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികള്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്. പുറത്തുവന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 മോഡലില്‍ ഉള്‍പ്പെട്ട ഒരു വിവിഐപി ജെറ്റും പുനര്‍നിര്‍മ്മാണം നടക്കുന്ന മേഖലയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാം. തന്റെ പതിവ് യാത്രാ വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയപ്പോള്‍ സൈനിക മേധാവിയായ അസിം മുനീര്‍ വിദേശ യാത്രകള്‍ക്കായി ഉപയോഗിക്കുന്നത് പിഎഎഫ് ഗ്ലോബല്‍ 6000 വിമാനമാണ്.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.