ന്യൂഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്‌കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യംവച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത് രാജ്യത്ത് മതവിദ്വേഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബുധനാഴ്ച പുലര്‍ച്ചെ നടന്ന കനത്ത ഷെല്ലാക്രമണത്തിനിടയില്‍ ഒരു ഷെല്‍ പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് തൊട്ടുപിന്നില്‍ പതിക്കുകയും രണ്ട് കുട്ടികള്‍ മരിക്കുകയും മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഷെല്ലാക്രമണത്തില്‍ പൂഞ്ചിലെ ഗുരുദ്വാരയും തകര്‍ന്നു.

ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വീടിന് മുകളിലാണ് പാക്കിസ്ഥാനില്‍നിന്ന് തൊടുത്ത ഒരു ഷെല്‍ പതിച്ചത്. പുരോഹിതര്‍ക്കും കന്യസ്ത്രീകള്‍ക്കും പരിക്കേറ്റു. ഷെല്ലാക്രമണ സമയത്ത് സ്‌കൂള്‍ ജീവനക്കാരില്‍ ഭൂരിഭാഗം ആളുകളും നാട്ടുകാരും സ്‌കൂളിലെ ഭൂഗര്‍ഭ ഹാളില്‍ അഭയം തേടി. സ്‌കൂള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായതായും അദ്ദേഹം പറഞ്ഞു.

മരിച്ച വിദ്യാര്‍ത്ഥികള്‍ പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. അവരുടെ വീടുകള്‍ സ്‌കൂളിന്റെ അതിര്‍ത്തി മതിലിനോട് ചേര്‍ന്നായിരുന്നു. പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ഷെല്ല് ആക്രമണം ശക്തമാക്കിയത്.

ഗുരുദ്വാരകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകള്‍ പടച്ചുവിടുകയാണെന്നും ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. എന്നാല്‍, അത് ഇന്ത്യ ചെയ്തതാണെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുകയാണ്.

മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമമെന്നും പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാക്കിസ്ഥാനാണെന്നും ഇന്ത്യ വ്യക്തമാക്കി. ഗുരുദ്വാര ആക്രമിച്ചത് ഇന്ത്യയെന്നത് പാകിസ്താന്റെ നുണപ്രചരണമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വിക്രം മിസ്രി പറഞ്ഞു. ആരാധനലയങ്ങള്‍ ആക്രമിച്ചു എന്ന പ്രചാരണത്തിലൂടെ വര്‍ഗീയ മുതലെടുപ്പും പാകിസ്താന്‍ നടത്തുന്നുവെന്ന് അദേഹം പറഞ്ഞു.

അമൃത്സറില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന തരത്തിലും പ്രചരണം നടത്തി. ഇത്തരം പ്രവൃത്തി അവരുടെ ചരിത്രത്തില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ മതസ്പര്‍ദ്ധ വളര്‍ത്താനാണ് പാക്കിസ്ഥാന്‍ ഇതിലുടെ ശ്രമിച്ചതെന്നും വിക്രം മിസ്രി ആരോപിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, കര്‍ത്താര്‍പുര്‍ സാഹിബ് ഇടനാഴിയുടെ സേവനങ്ങള്‍ നിര്‍ത്തിവച്ചതായും അദ്ദേഹം അറിയിച്ചു.