അഹമ്മദാബാദ്: ആയുധങ്ങളുമായി ഗുജറാത്ത് തീരത്തിനടുത്തെത്തിയ പാക് മത്സ്യബന്ധന ബോട്ട് പിടിയിൽ. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 'അൽ സഹോലി' എന്ന ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. 300 കോടി രൂപ വിലവരുന്ന 40 കിലോ ലഹരിമരുന്നും ആറു പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധസാമഗ്രികളും ബോട്ടിൽനിന്നു കണ്ടെടുത്തു.

പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നാണ് ബോട്ട് എത്തിയതെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി ബോട്ടും കസ്റ്റഡിയിലെടുത്തവരെയും ഗുജറാത്തിലെ ഒഖ തുറമുഖത്തേയ്ക്കു കൊണ്ടുപോയി. ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് പിടികൂടിയത്.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ 25 ന് അർധരാത്രി കോസ്റ്റ് ഗാർഡിന്റെ പരിശോധന. ഡിസംബർ 26 തിങ്കളാഴ്ച പുലർച്ചെയാണ് അൽ സൊഹേലി എന്ന് പേരുള്ള പാക്കിസ്ഥാനി ബോട്ട് ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനൊരുങ്ങുന്നതായി കണ്ടത്.

തുടർന്ന് കോസ്റ്റ്ഗാർഡ് ബോട്ടിനെ സമീപിക്കുകയും ചോദ്യം ചെയ്യാനൊരുങ്ങുകയും തുടങ്ങിയ ഉടനെ അവർ കടന്നുകളയാനുള്ള ശ്രമം നടത്തി. തുടർന്ന് കോസ്റ്റ് ഗാർഡ് വെടിയുതിർക്കുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ബോട്ടിൽ കയറിയ കോസ്റ്റ് ഗാർഡ് അംഗങ്ങൾ നടത്തിയ തിരച്ചിലിൽ ആയുധങ്ങളും വെടിയുണ്ടകളും മയക്കുമരുന്നും കണ്ടെടുത്തു.

കഴിഞ്ഞ 18 മാസത്തിനിടെ ഗുജറാത്തിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡും എടിഎസും ചേർന്നുള്ള ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളും, ആയുധങ്ങളും, വെടിക്കോപ്പുകളുമെല്ലാം പിടിച്ചെടുത്തു. ഇക്കാലയളവിൽ ആകെ 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോ ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ആകെ 44 പാക്കിസ്ഥാനികളും ഇറാനിൽ നിന്നുള്ള ഏഴ് പേരും പിടിയിലായി.