പാലക്കാട്: അയൽക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ ഇനി വീട്ടുടമ വെട്ടിമാറ്റണം. കാലവർഷം കണക്കിലെടുത്ത് പാലക്കാട്ടെ കളക്ടറുടേതാണ് നിർണ്ണായക ഉത്തരവ്. മഴക്കാലത്ത് മരങ്ങൾ അടുത്തവീട്ടിലേക്ക് കടപുഴകിവീണും മരച്ചില്ലകൾ പൊട്ടിവീണും അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളോ, ശാഖകളോ മുറിച്ചുമാറ്റി കാലവർഷത്തിലുണ്ടാകാവുന്ന അപകടസാധ്യത ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട പരാതി കിട്ടിയാൽ പരിശോധനയും നടത്തും. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ വീടുകളിലും പി.ഡബ്ല്യു.ഡി.യുടെ നേതൃത്വത്തിൽ റോഡുവക്കുകളിലും പരിശോധന കർശനമാക്കും. പരാതികളിൽ അടിയന്തര നടപടിക്കാണ് കളക്ടറുടെ നിർദ്ദേശം.

അയൽപക്കത്തെ വീടുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ പഞ്ചായത്തിന് നിയമനടപടി സ്വീകരിക്കാം. പരാതി ലഭിച്ചാൽ വീട്ടുടമസ്ഥനെതിരേ പഞ്ചായത്ത് സെക്രട്ടറിമാരാണ് നടപടി സ്വീകരിക്കുക. മറ്റൊരാളുടെ വീട്ടിലേക്കോ വഴിയിലേക്കോ മരം വീഴാൻ സാധ്യതയുണ്ടെങ്കിൽ മരം മുറിച്ചുമാറ്റണമെന്ന നിർദ്ദേശം നൽകും.

15 ദിവസത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ പഞ്ചായത്ത് മരം മുറിക്കും. ഇതിന്റെ പൂർണ ചെലവ് വഹിക്കേണ്ടത് വീട്ടുടമസ്ഥനാണ്. മരം വീണുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമപ്രകാരം സ്ഥല ഉടമസ്ഥർ ഉത്തരവാദിയായിരിക്കും. ചെലവാകുന്ന തുക ഏതെങ്കിലും കാരണവശാൽ അടയ്ക്കാതിരുന്നാൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും.