- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിഎം റീജന്‍സിയില്‍ ഇരച്ചെത്തിയ സംഘം നേരെ പോയത് ഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും മുറിയിലേക്ക്; വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാത്ത പരിശോധന ശ്രമത്തില്‍ തുടങ്ങിയ തര്‍ക്കം; പിന്നാലെ പാര്‍ട്ടിക്കാര്‍ തമ്മിലെ ഉന്തുംതള്ളും; 12 മുറികള്‍ പരിശോധിച്ചിട്ടും കള്ളപ്പണം കിട്ടാത്ത നിരാശയില്‍ പോലീസ്; പാലക്കാട്ട് അര്‍ദ്ധ രാത്രി റെയ്ഡില്‍ സംഭവിച്ചത്
പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.എസ്.പി. അശ്വതി ജിജി പറയുമ്പോഴും ഉയരുന്നത് വലിയ രാഷ്ട്രീയ വിവാദം. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചതായും എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന ഏറെ സംഘര്‍ഷമുണ്ടാക്കി. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. എന്തിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് മറ്റ് പാര്‍ട്ടിക്കാര്‍ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം. സാധാരണ പരിശോധനയെന്ന പോലീസ് വാദമാണ് ഇതില്‍ സംശയ നിഴലിലാകുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്ക്കെത്തിയതെന്നാണ് വിവരം. കാറില്‍ പണമെത്തിച്ചെന്നാണ് ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നതായി സി.പി.എം, ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. കെ.പി.എം റീജന്‍സി ഹോട്ടലിലായിരുന്നു എല്ലാ നാടകീയ സംഭവങ്ങളും. കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്കെത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു.
ഇതിനു പിന്നാലെയാണ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ പോലീസിനെതിരേ തിരിഞ്ഞത്. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതിനല്‍കി. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി. സി.പി.എമ്മിന്റെ തിരക്കഥയാണിതെന്നും എല്ലാ മുറികളിലും പണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കണ്ടെത്തിയോയെന്ന കാര്യം പോലീസ് എഴുതിനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞാണ് തീര്‍ന്നത്. അതിനിടെ പലതവണ സ്ഥലത്ത് കോണ്‍ഗ്രസ്-സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണി വരെ പോലീസ് പരിശോധന നീണ്ടു. അതുവരെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു.
എന്നാല്‍ പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ലെന്ന് പോലീസ് പറയുന്നു. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്ന് എ.എസ്.പി. അശ്വതി ജിജി പറയുന്നു. കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയ്ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു-എ എസ് പി പറഞ്ഞു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്നകാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എ.എസ്.പി. വ്യക്തമാക്കി.
വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂര്‍ത്തിയാക്കി. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഇവര്‍ ഷാനിമോള്‍ ഉസ്മാന്‍ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പോ വ്യക്തതയോ നല്‍കാതെ പരിശോധിക്കാന്‍ കയറി. ഉദ്യോഗസ്ഥരില്‍ ചിലര്‍ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഭയന്ന് മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ വലിയ സംഘര്‍ഷാവസ്ഥയായി. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടര്‍ന്നു വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. എല്‍ഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തര്‍ക്കിച്ചു.
ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആര്‍.പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്‍, സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല.