പാലക്കാട്: പാലക്കാട്ടെ കെ പി എം റീജന്‍സി ഹോട്ടലിലെ പാതിരാ റെയ്ഡിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. കോണ്‍ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിലാണ് പുതിയ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.

ഇന്നലെ ഹോട്ടലിന്റെ അകത്തുള്ള ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കെഎസ്‌യു നേതാവായ ഫെന്നി നൈനാന്‍ നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു.

നവംബര്‍ 5ന് രാത്രി 10 മുതല്‍ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങള്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട്ടേക്ക് പോയ വാഹനത്തില്‍ അല്ല രണ്ടു ട്രോളി ബാഗുകള്‍ കൊണ്ടുപോയതെന്നും ബാഗുകള്‍ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമാണ് സിപിഎം വാദം.

കെഎസ്‌യു നേതാവ് ഫെനി നൈനാന്‍ ട്രോളി ബാഗ് വെച്ച കാറില്‍ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പോയതെന്നു ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാര്‍ രാഹുല്‍ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് ആ കാറില്‍ പോയില്ലെന്നാണ് സിപിഎമ്മിന്റെ ചോദ്യം.

രാത്രി പത്തു മണിക്കാണ് രാഹുല്‍ ഹോട്ടലിലേക്ക് വരുന്നത്. പതിനൊന്നരയ്ക്ക് കോഴിക്കോട്ടേക്ക് പോയി. ഈ സമയം ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത രൂപത്തില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ ചെറിയ വ്യക്തത കുറവുണ്ട്.

റെയ്ഡ് ഹോട്ടലില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് രാഹുല്‍ തിരിച്ചുവന്നില്ലെന്നും സിപിഎം കേന്ദ്രങ്ങള്‍ ചോദിക്കുന്നുണ്ട്. പിന്നീട് മൂന്നു മണിക്കൂറിന് ശേഷം കോഴിക്കോട്ടുനിന്ന് രാഹുല്‍ ഫെയ്സ്ബുക് ലൈവ് വരികയും ചെയ്തിരുന്നു.

സിപിഎം നേതാക്കള്‍ കള്ളപ്പണ ഇടപാട് ആരോപണം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവരും ദൃശ്യങ്ങളിലുണ്ട്. ഹോട്ടല്‍ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടര്‍ന്ന് ഇടനാഴിയില്‍നിന്ന് ഇരുവരും സംസാരിക്കുകയും ചെയ്യുന്നുണ്ട്.

ഈ ട്രോളി ബാഗില്‍ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, ഇത് താന്‍ സ്ഥിരമായി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ബാഗാണെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഫെനി കൊണ്ടുവന്നതും വസ്ത്രങ്ങള്‍ പരിശോധിച്ച ശേഷം വാഹനത്തിലേക്ക് കൊടുത്തുവിട്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലില്‍ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടന്നത്. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഷാനിമോള്‍ ഏറെനേരം വാതില്‍ തുറക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാര്‍ഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.