- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാനിമോളേയും ബിന്ദുകൃഷ്ണയേയും കുടുക്കാന്‍ ശ്രമിച്ചവര്‍ ഒടുവില്‍ ആ ബാഗില്‍ അഭയം തേടി; ട്രംപ് ജയിച്ചു കയറുമ്പോള്‍ കേരളം ചര്‍ച്ച ചെയ്തത് 'അമേരിക്കന്‍ ടൂറിസ്റ്ററിന്റെ' ഒരു നീല ട്രോളി ബാഗ്; പതിരാ റെയ്ഡില്‍ വനിതാ നേതാക്കളുടെ മുറയില്‍ നിന്നും 'ഞെട്ടലിന്' വക പ്രതീക്ഷിച്ചവര്‍ക്ക് കനത്ത തിരിച്ചടി; 'ഓപ്പറേഷന് മാങ്കൂട്ടത്തില്‍' പൊളിയുമ്പോള്‍
പാലക്കാട് : അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ആധിപത്യം നേടുന്ന സമയം കേരളത്തിലെ രാഷ്ട്രീയ ഭൂകമ്പം 'അമേരിക്കന്‍ ടൂറിസ്റ്ററിന്റെ' ഒരു നീല ട്രോളി ബാഗിനെക്കുറിച്ചായിരുന്നു. ഈ ബാഗില്‍ കൊണ്ടു വന്ന് കളളപ്പണം വിതരണം ചെയ്തുവെന്നായിരുന്നു സിപിഎം ആരോപണം. ഇത് കേട്ടപാടെ കേള്‍ക്കാത്ത പാടെ പോലീസ് പാലക്കാട്ടെ കെപിഎം റിജന്‍സി ഹോട്ടലില്‍ റെയ്ഡിനെത്തി. ഒന്നും കിട്ടിയില്ല. അവിടെ 'സദാചാര' പരിശോധനയാണ് പോലീസ് നടത്തിയതെന്ന് വ്യക്തം. ആദ്യം ഷാനിമോള്‍ ഉസ്മാന്റേയും ബിന്ദു കൃഷ്ണയുടേയും മുറികളിലാണ് പോലീസ് എത്തിയത്. ബിന്ദു കൃഷ്ണയുടെ മുറിയില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. പോലീസ് എത്തിയപ്പോഴാണ് ഈ വസ്തുത പുറത്തായത്. പിന്നെ കഥ ട്രോളി ബാഗിലായി. രാഷ്ട്രീയ തിരിച്ചടി കുറയ്ക്കാനാണ് 'അമേരിക്കന്‍ ടൂറിസ്റ്ററിന്റെ' നീല ബാഗ് എടുത്തിട്ട് അലക്കിയത്. ഈ വിവാദം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. അപ്രതീക്ഷിതമായി കോണ്‍ഗ്രസിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നല്ലൊരു രാഷ്ട്രീയ ആയുധം കൊടുക്കുകയായിരുന്നു പാലക്കാട്ടെ അനാവശ്യ പാതിരാ റെയ്ഡ്.
പാലക്കാട്ടെ റെയ്ഡ് പതിവ് പരിശോധനയെന്നായിരുന്നു എസിപി വിശദീകരിച്ചത്. എന്നാല്‍ കള്ളപ്പണം കൊണ്ടു വന്ന് എന്ന വിവരം നല്‍കിയ ശേഷമുള്ള റെയ്ഡായിരുന്നു ഇതെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ വ്യക്തമായി. രാത്രി ഒന്‍പതരയോടെ ജ്യോതികുമാര്‍ ചാമക്കാലയും പിന്നീടു ഷാഫി പറമ്പിലും ഹോട്ടലില്‍ എത്തുന്നു. 10.38 നു രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നു. അതിനു മുന്‍പേ തന്നെ നീല ട്രോളി ബാഗ് ഒരാള്‍ മുറിയില്‍ എത്തിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ കേസില്‍ പ്രതിയായ ഫെനി നൈനാന്‍ ആണത്. പിന്നീട് ഈ റൂമില്‍ നിന്നു ബാഗ് മറ്റൊരു റൂമിലേക്കു മാറ്റി. ഇതിനെല്ലാം ദൃക്‌സാക്ഷികളുണ്ട്. പൊലീസിനോട് ഇതെല്ലാം പറയും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും-ഇതാണ് സിപിഎം സെക്രട്ടറിയുടെ ആരോപണം. എന്നാല്‍ ഈ ബാഗ് പോയതിന് ശേഷമാണ് പോലീസ് റെയ്ഡ്. ആ ഹോട്ടലില്‍ നിന്നും ഒന്നും കിട്ടിയുമില്ല. പണമെല്ലാം എവിടെ പോയി എന്ന് ചോദിച്ചാല്‍ മറുപടി രാഹുല്‍ കൊണ്ടു പോയെന്നാണ്. രാഹുലാകട്ടെ റെയ്ഡിന് മുമ്പ് തന്നെ പോവുകയും ചെയ്തു. ഇത് പോലും മനസ്സിലാക്കാതെ എന്തിനാണ് റെയ്ഡിന് പോലീസിനെ അവിടെ എത്തിച്ചതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ പോലീസ് ഇന്നലെ വീണ്ടും പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ഇതിനിടെ, പോലീസ് പിടിച്ചെടുത്ത സിസി ടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തു വിടുകയും ചെയ്തു.
വനിതാ നേതാക്കളുടെ മുറിയില്‍ നിന്നും കേരളത്തെ ഞെട്ടിക്കാനുള്ള വക കിട്ടുമെന്ന് തിരിച്ചറിഞ്ഞാണ് എല്ലാ പ്ലാനും പദ്ധതിയും ഒരുക്കിയതെന്ന് വ്യക്തം. ഇത് പൊളിഞ്ഞതോടെ ട്രോളി ബാഗില്‍ പണം കടത്തിയെന്നായി ആരോപണം. ചെറിയ അളവില്‍ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാബിന്‍ സൈസാണ് അത്. പാലക്കാട് കെപിഎം റീജന്‍സിയിലേക്കു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗില്‍ നിറയെ പണം കൊണ്ടുവന്നു എന്നാണ് എല്‍ഡിഎഫ്, ബിജെപി ആരോപണം. പണം കടത്താന്‍ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി ഉച്ചയോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി. ഞാന്‍ 10നും 11നും ഇടയില്‍ ഹോട്ടലില്‍ പോയിട്ടുണ്ട്. നീല ട്രോളി ബാഗില്‍ എന്റെ വസ്ത്രങ്ങളായിരുന്നു. അതും കൊണ്ടു കാറില്‍ കോഴിക്കോട്ടേക്കു പോയി. പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടെത്തി. അസ്മ ടവര്‍ ഹോട്ടലിലാണു താമസിച്ചത്. ഞാന്‍ ഹോട്ടലിനു പിന്‍വാതിലിലൂടെ ഓടിപ്പോയെന്ന് ആരോപിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ സിസിടിവി പരിശോധിച്ചു ദൃശ്യങ്ങള്‍ പുറത്തുവിടണം-ഇതാണ് മാങ്കൂട്ടത്തിലിന്റെ ആവശ്യം.
പാലക്കാട്ടെ കള്ളപ്പണ ആരോപണത്തില്‍ പ്രതികരണവുമായി കെഎസ്‌യു നേതാവ് ഫെന്നി നൈനാന്‍. വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെനി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്‌യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെനി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെപിഎം ഹോട്ടലില്‍ കെഎസ്യു നേതാവ് ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ഹോട്ടലിലെ ചൊവ്വാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കള്ളുപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബാഗില്‍ പണമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസിന്റെ കള്ളപ്പണറെയ്ഡും സിപിഎം-ബിജെപി ആരോപണങ്ങളും മറ്റു വാദപ്രതിവാദങ്ങളുമാണു തെരഞ്ഞെടുപ്പുരംഗം കൊഴുപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണു വിവാദത്തിനും നേരിയ തോതിലുള്ള സംഘര്‍ഷത്തിനും തുടക്കം. തെരഞ്ഞെടുപ്പിനു കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലിലും മുറികളിലുമാണു പോലീസ് റെയ്ഡ് നടത്തിയത്. പാലക്കാട് പ്രസ്‌ക്ലബ്ബിനു സമീപം കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പരിശോധന. വി.കെ. ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നപ്പോഴാണ് മൂന്നു നിലകളിലായി പോലീസ് പരിശോധന നടത്തിയത്.
വനിതാ പോലീസ് ഇല്ലാതെ പരിശോധനനടത്താനാകില്ലെന്നു വനിതാ നേതാക്കള്‍ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പോലീസ് അരമണിക്കൂറിനുശേഷം വനിതാ പോലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവര്‍ത്തകരും ഹോട്ടല്‍ പരിസരത്തു സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റശ്രമമുണ്ടായി. എല്‍ഡിഎഫിലെ എ.എ. റഹീം എംപിയും മറ്റും പരിശോന നടത്തണമെന്നാവശ്യപ്പെട്ട് പോലീസിനോടു തര്‍ക്കിച്ചു. ബിജെപി നേതാക്കളായ വി.വി. രാജേഷ്, സി.ആര്‍. പ്രഫുല്‍കൃഷ്ണ, പ്രശാന്ത് ശിവന്‍, സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്നാവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്നു കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.
അതേസമയം, ഹോട്ടലില്‍ നടന്നതു തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവുപരിശോധനയാണെന്ന് എസിപി അശ്വതി ജിജി പിന്നീടു മാധ്യമങ്ങളോടുപറഞ്ഞു. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എസിപി വ്യക്തമാക്കി. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടന്നതെന്നും സാധാരണ നടക്കുന്ന പതിവ് പരിശോധനയാണിതെന്നും അവര്‍ പറഞ്ഞു. ഈ ഹോട്ടലില്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞതും ചര്‍ച്ചയായി മാറി.