- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
2009-ല്‍ ഉപജീവനത്തിനായി ആരംഭിച്ച ഒരു ചെറിയ റസ്റ്റോറന്റ്; ഇന്ന് പാലക്കാടിന്റെ മുഖമുദ്രയായ എന്‍.എം.ആര്‍; രാവിലെ ആറ് മണിക്ക് പാചകം തുടങ്ങി പത്തിന് ദം പൊട്ടുന്ന ബിരിയാണി ചെമ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനപ്രീതി; നൂര്‍ മുഹമ്മദ് റാവുത്തറുടെ പേരിലുള്ള ഹോട്ടലിന് ഇന്ന് അമരക്കാരന് എന്‍. അബ്ദുള്‍ റസാഖ്; കടയിലെ സംതൃപ്തി വോട്ടാകുമോ? എന്‍എംആര്‍ ബിരിയാണിക്കഥ ഇങ്ങനെ

പാലക്കാട്: പാലക്കാടന്‍ മണ്ണിലെ ബിരിയാണി ചെമ്പിലെ 'രുചി' വോട്ടാക്കി മാറ്റാന്‍ സി.പി.എം. നഗരത്തിന് സുപരിചിതനായ എന്‍.എം.ആര്‍ (നൂര്‍ മുഹമ്മദ് റാവുത്തര്‍) ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം പിടിക്കാനാണ് ചുവപ്പ് പാര്‍ട്ടിയുടെ നീക്കം. തമിഴ്നാട് ശൈലിയിലുള്ള ബിരിയാണിയും അല്‍ഫാമും കൊണ്ട് പാലക്കാട്ടുകാരുടെ വയറു നിറച്ച റസാഖ്, ഇത്തവണ ബാലറ്റ് പെട്ടി നിറയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. മുസ്ലിം ലീഗ് പാളയത്തില്‍ നിന്ന് കാലുമാറി സി.പി.എമ്മിനൊപ്പം ചേര്‍ന്ന റസാഖിന്റെ പേര് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.
2009-ല്‍ ഉപജീവനത്തിനായി ആരംഭിച്ച ഒരു ചെറിയ റസ്റ്റോറന്റാണ് ഇന്ന് പാലക്കാടിന്റെ മുഖമുദ്രയായ എന്‍.എം.ആര്‍. മാലാബാറിന് തലശ്ശേരി ബിരിയാണി പോലെ പാലക്കാടിന് സ്വന്തമാണ് ഈ 'റാവുത്തര്‍ ബിരിയാണി'. തമിഴ്നാട് ശൈലിയില്‍ അരിയും ഇറച്ചിയും മസാലയും ഒരുമിച്ചിട്ട് വേവിച്ചെടുക്കുന്ന, ചുവന്ന നിറമുള്ള ഈ ബിരിയാണി രുചി കേരളത്തില്‍ മറ്റൊരിടത്തും കിട്ടില്ല. രാവിലെ ആറ് മണിക്ക് പാചകം തുടങ്ങി പത്തിന് ദം പൊട്ടുന്ന ബിരിയാണി ചെമ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനപ്രീതി വോട്ടാക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ റസാഖിന് നഗരത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ക്കിടയിലുള്ള സ്വാധീനം നിര്‍ണ്ണായകമാണ്.
പാലക്കാട്ടെ 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് റസാഖിനെ ഇറക്കുന്നതെങ്കിലും പോരാട്ടം കടുക്കും. ബി.ജെ.പിക്കായി കരുത്തുറ്റ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ മണ്ഡലം പ്രവചനാതീതമാകും. കഴിഞ്ഞ തവണ മെട്രോമാന്‍ ഇ. ശ്രീധരന്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച മണ്ഡലത്തില്‍ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണുള്ളത്. യു.ഡി.എഫ് പാളയത്തില്‍ നിന്ന് നടന്‍ രമേശ് പിഷാരടിയുടെ പേരാണ് സജീവമായി ഉയരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായതോടെ പിഷാരടി എത്തുന്നതിലൂടെ യുവവോട്ടുകള്‍ പിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
ഷാഫി പറമ്പില്‍ മുസ്ലിം മേഖലകളില്‍ ഉണ്ടാക്കിയ ആധിപത്യം തകര്‍ക്കാന്‍ റസാഖിനെ ഇറക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടാനാണ് സി.പി.എം ശ്രമം. എന്നാല്‍ വോട്ട് ഭിന്നിക്കുന്നത് ബി.ജെ.പിയെ തുണയ്ക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നു. ബിരിയാണി രുചിയില്‍ പാലക്കാടന്‍ മനസ്സ് കീഴടക്കിയ എന്‍.എം.ആര്‍ റസാഖിന് രാഷ്ട്രീയ പോരാട്ടത്തില്‍ 'ദം' പിടിക്കാനാകുമോ എന്ന് കാത്തിരുന്നു കാണണം. പാലക്കാടിന്റെ സ്വന്തം റാവുത്തര്‍ ബിരിയാണി അഥവാ എന്‍ എം ആര്‍ ബിരിയാണി. ആ രുചി പാലക്കാടിന് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തില്‍ മറ്റെവിടെയും ഈ ബിരിയാണി ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ വേറിട്ടൊരു സ്വാദിന്റെ കഥയാണ് നൂര്‍ മുഹമ്മദ് റാവുത്തര്‍ ബിരിയാണി എന്ന എന്‍ എം ആറിനു പറയാനുള്ളത്.
തമിഴ്‌നാട്ടില്‍ കിട്ടുന്ന ബിരിയാണിയുടെ നിറവും രുചിയുമൊക്കെയാണ് എന്‍ എം ആര്‍ സ്‌പെഷ്യല്‍ ബിരിയാണിയ്ക്കും. സാലഡും അച്ചാറും പുഴുങ്ങിയ മുട്ടയുമൊക്കെ വിളമ്പുന്ന ആ രുചിയ്ക്ക് പാലക്കാട് മാത്രമല്ല ആരാധകരുള്ളത്. കേട്ടറിഞ്ഞു ദൂരദേശങ്ങളില്‍ നിന്നും പോലും ആളുകള്‍ ഇവിടെയെത്താറുണ്ട്. ചിക്കനില്‍ മാത്രമല്ല, ബീഫിലും മട്ടനിലുമൊക്കെ ബിരിയാണികള്‍ തയാറാക്കുന്നുണ്ട്. കേരളത്തില്‍ കിട്ടുന്ന മറ്റുള്ള ബിരിയാണികള്‍ പോലെയല്ല, മസാലകള്‍ എല്ലാം ചേര്‍ത്ത്, ചിക്കനും അരിയും ഒരുമിച്ചിട്ടാണ് വേവിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ ചുവന്ന നിറമാണ് ഈ രുചിക്കൂട്ടിന്. ഇവിടെ ബിരിയാണി മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന പൊറോട്ടയെ അപേക്ഷിച്ചു വലുപ്പമേറെയുള്ള എന്‍ എം ആര്‍ സ്‌പെഷ്യല്‍ പൊറോട്ടയും ലഭ്യമാണ്. നല്ലതു പോലെ മൊരിഞ്ഞ പൊറോട്ടയ്ക്കൊപ്പം മട്ടന്‍ കുറുമയാണ് കോമ്പിനേഷന്‍.
രാവിലെ ആറ് മണിക്കാണ് പാചകം ആരംഭിക്കുന്നത്. പത്തുമണിയോടെ ബിരിയാണി തയാറാകും. അപ്പോള്‍ മുതല്‍ തന്നെ ആളുകള്‍ വരുന്നതിനനുസരിച്ചു വിളമ്പി തുടങ്ങുകയും ചെയ്യും. രാത്രി 9.30 വരെ കട തുറന്നിരിക്കും. കഴിയുന്നതിനു അനുസരിച്ചു, വീണ്ടും വീണ്ടും ബിരിയാണികള്‍ ഉണ്ടാക്കുമെന്നത് കൊണ്ടുതന്നെ ഇവിടെയെത്തുന്നവര്‍ക്കു നിരാശയോടെ മടങ്ങേണ്ടി വരില്ല. ഇപ്പോള്‍ പാലക്കാട് മാത്രം നിരവധി കടകള്‍ എന്‍ എം ആറിന്റേതായുണ്ട്. ബിരിയാണികള്‍ മാത്രമല്ല ഇവിടെ വിളമ്പുന്നത്, ചില്ലി ചിക്കനും ചിക്കന്‍ കുറുമയും പോലുള്ള ചിക്കന്‍ രുചികളും, നിരവധി മട്ടന്‍ വിഭവങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്.
വേറിട്ടൊരു ബിരിയാണി രുചി പരീക്ഷിക്കണമെന്നുള്ളവര്‍ക്കു എന്‍ എം ആറിലേയ്ക്ക് മടിക്കാതെ കടന്നു വരാമെന്നു മാത്രമല്ല, സംതൃപ്തിയോടെ മടങ്ങുകയും ചെയ്യാം. ഈ കടയുടെ ഉടമയാണ് സിപിഎമ്മിന്റെ പാലക്കാട്ടെ സ്വതന്ത്രന്‍.


