- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ മൂന്നു ദിവസമായി കാണാനില്ല; ഒരു കെട്ടു വിറകും ഭക്ഷണവുമായി ചങ്ങാടം കക്കി ഡാമിൽ ഒഴുകി നടക്കുന്ന നിലയിൽ; ഫയർഫോഴ്സ് തെരച്ചിൽ തുടങ്ങി
പത്തനംതിട്ട: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ മൂന്നു ദിവസമായി കാണുന്നില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാർ രാമചന്ദ്രനെ(45)യാണ് കഴിഞ്ഞ 18 ന് രാവിലെ എട്ടര മുതൽ കാണാനില്ലെന്ന് കാട്ടി ഒപ്പം കഴിഞ്ഞിരുന്ന കൃഷ്ണൻ കാണി മൂഴിയാർ പൊലീസിൽ പരാതി നൽകിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ചങ്ങാടം കക്കി ഡാമിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ഇതിൽ ഒരു കെട്ടു വിറകും ഭക്ഷണവും ഉണ്ടായിരുന്നു. രാമചന്ദ്രൻ ഡാമിൽ വീണിരിക്കാമെന്ന സംശയത്തിൽ ഫയർഫോഴ്സും സ്‌കൂബ ടീമും തെരച്ചിൽ തുടങ്ങി.
രാമചന്ദ്രൻ അവിവാഹിതനാണ്. ബന്ധുക്കളെപ്പെറ്റിയും വിവരമില്ല. കൃഷ്ണൻ കാണിക്കൊപ്പമായിരുന്നു താമസം. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് ജീവിക്കുന്നത്. രാവിലെ ഒരു ചങ്ങാടത്തിൽ ഡാം മുറിച്ചു കടന്ന് വനത്തിൽ കയറി കുന്തിരിക്കം പോലുള്ള വനവിഭവങ്ങൾ ശേഖരിച്ച് വൈകുന്നേരം മടങ്ങുന്നതാണ് പതിവ്. ഇയാൾക്ക് പല വിധ അസുഖങ്ങളും ഉള്ളതായി പറയുന്നു.
കൃത്യമായി എവിടേക്ക് പോകുന്നുവെന്ന് പറയാത്തതിനാൽ ആരും ഇയാളെ ശ്രദ്ധിക്കാറില്ലായിരുന്നു. വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കാൻ പോയതാണെന്നാണ് പലരും കരുതിയിരുന്നത്. രണ്ടു ദിവസമായിട്ടും കാണാതെ വന്നപ്പോൾ ഇവർ നടത്തിയ തെരച്ചിലിൽ ഒഴുകി നടക്കുന്ന ചങ്ങാടം കണ്ടു. അതിനുള്ളിലെ ഭക്ഷണവും വിറകും കണ്ടപ്പോഴാണ് ഡാമിൽ വീണിരിക്കാമെന്ന് സംശയിക്കുന്നത്. കാണാതാകുമ്പോൾ കൈലിയും ഷർട്ടുമായിരുന്നു വേഷം.
ഇന്നലെ മൂഴിയാർ പൊലീസ് തിരോധാനക്കേസ് രജിസ്റ്റർ ചെയ്യുകയും ഡാമിൽ തെരച്ചിൽ നടത്തുന്നതിന് ഫയർ ഫോഴ്സിന്റെ സഹായം തേടുകയുമായിരുന്നു. അതനുസരിച്ച് ഇന്ന് രാവിലെ ഫയർ ഫോഴ്സ് എത്തി തെരച്ചിൽ തുടങ്ങി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്