കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ സമൂഹ മാധ്യമങ്ങളില്‍ പോര് തുടരുമോ? സര്‍ക്കാരിനെ തിരഞ്ഞെടുപ്പ് കാലത്ത് ഇത് വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേസ് ഒടുവില്‍ അന്വേഷിച്ച മുന്‍ എസിപി ടി.കെ. രത്‌നകുമാറിന് മറുപടിയുമായി ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി റഹീം ചെംനാട് വീണ്ടും രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ഗൗരവത്തിലുള്ള നിരീക്ഷണമാണ് റഹീമിന്റേത്. അതുകൊണ്ട് തന്നെ രത്‌നകുമാര്‍ മറുപടി പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം.

'ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം തന്നെ മാറ്റാന്‍ താങ്കള്‍ കാണിച്ച മഹാമനസ്‌കതയ്ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്! എന്നിട്ട് ആ സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താന്‍ താങ്കള്‍ കാണിച്ച ശുഷ്‌കാന്തിയാകട്ടെ അതിലും അപാരം' എന്നാണ് റഹീം സമൂഹമാധ്യമതത്തില്‍ കുറിച്ചത്. ഇത് കേസ് അന്വേഷണത്തെ അക്ഷരാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യുന്നതാണ്. ഇതിന് ഉയര്‍ത്തിയ പ്രതിരോധം ദുര്‍ബ്ബലവും. അതിനും റഹിം മറുപടി നല്‍കിയതോടെ തീര്‍ത്തും ദുരൂഹത കൂടുകയാണ് കേസില്‍. അപ്പീല്‍ അതിനിര്‍ണ്ണായകമായി മാറും. റഹീമിന്റെ വാദങ്ങള്‍ കൂടുതല്‍ ശക്തമാണ്. അങ്ങനെ എങ്കില്‍ പാലത്തായി കേസില്‍ ഹൈക്കോടതിയിലെ അപ്പീല്‍ വിധി ഏറെ പ്രധാനപ്പെട്ടതാകും.

''ഒന്നര വര്‍ഷത്തിനുശേഷം ബാത്‌റൂമില്‍നിന്നും ലഭിച്ച രക്തം പ്രസ്തുത പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചിട്ടുള്ളത്? കൂടുതല്‍ രക്തം കണ്ടെത്തിയിരുന്നുവെങ്കില്‍ അത് ആരുടേതാണെന്ന് തെളിയിക്കാന്‍ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ രക്തത്തിന്റെ അളവ് കുറച്ചു കാണിച്ചത്? അല്ലെങ്കിലും സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്‌റൂമിന്റെ തറയില്‍നിന്നും രക്തത്തിന്റെ അംശം കണ്ടെത്തിയത് ലോകാത്ഭുതം ഒന്നുമല്ലല്ലോ ? അതും 24ാളം ലേഡീസ് സ്റ്റാഫ് ഉപയോഗിക്കുന്ന ബാത്‌റൂമില്‍ നിന്നും ? രക്തത്തിന്റെ അംശത്തെക്കുറിച്ച് സയന്റിഫിക് എക്‌സ്‌പേര്‍ട്ടും താങ്കളും കോടതിയില്‍ ബോധിപ്പിച്ചത് ഒരേ കാര്യമാണോ ? മനുഷ്യ രക്തമാണെന്നു കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്‌സ്‌പെര്‍ട്ട് കോടതിയില്‍ അറിയിച്ചത് ?'' റഹീം കുറിച്ചു.

കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയരുതെന്നും കേസ് ഫയല്‍ വായിച്ചതിനുശേഷം മാത്രം നിഗമനത്തില്‍ എത്തണമെന്നുമായിരുന്നു റഹീം ആദ്യം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് രത്നകുമാറിന്റെ മറുപടി. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ തെളിവും വിശ്വാസത്തിലെടുത്താണ് പ്രതിയെ ശിക്ഷിച്ചത്. ജുഡീഷ്യറിയെ അപമാനിച്ച് മറ്റുള്ളവരെ ന്യായീകരിക്കരുത്. സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനുള്ള അങ്ങയുടെ ശ്രമത്തെ അഭിനന്ദിക്കാതെ തരമില്ലെന്നും രത്നകുമാര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് റഹീം വീണ്ടും രംഗത്തെത്തിയത്. ശ്രീകണ്ഠപുരം നഗരസഭയിലെ സിപിഎം സ്ഥാനാര്‍ഥിയാണ് ടി.കെ. രത്‌നകുമാര്‍. നവീന്‍ ബാബു കേസ് അന്വേഷിച്ചതും രത്‌നകുമാറാണ്. ആ കേസില്‍ പല പഴുതുകളും രത്‌നകുമാര്‍ അവശേഷിപ്പിച്ചു.

അതേസമയം, പാലത്തായി കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന പി.എം. ഭാസുരിയെ അഭിനന്ദിച്ച് അഭിഭാഷകനും നടനുമായ സി. ഷുക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നിരവധി കുഞ്ഞു മക്കള്‍ ലൈംഗിക പീഡനത്തിനു ഇരയായത് തൊട്ടറിയുന്ന ഒരമ്മയാണ് ഭാസുരി. നിങ്ങളുടെ മനസ്സ്, മക്കള്‍ക്ക് വിശക്കുമ്പോള്‍ ചോറു നല്‍കണമെന്ന വാശിയുള്ള മനസ്സ്, അതാണ് ഇരകളാക്കപ്പെടുന്ന മക്കള്‍ക്ക് നല്‍കുന്ന ധൈര്യമെന്നും പാലത്തായി കേസിലെ പ്രോസിക്യൂട്ടര്‍ക്ക് ബിഗ് സല്യൂട്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. അങ്ങനെ പലവിധ ചര്‍ച്ചകള്‍ തുടരുകയാണ്.