തിരുവനന്തപുരം: ആനവണ്ടിയെ തർക്കുന്നത് വ്യാജ ബില്ലിൽ മാഫിയയാണ്. ഗതാഗത സെക്രട്ടറിയായി ബിജു പ്രഭാകർ എത്തുമ്പോൾ പുറത്തു വരുന്നത് ഇല്ലാത്ത കെഎസ്ആർടിസി ബസിന്റെ വരെ വ്യാജബിൽ നൽകി ടോൾ പിരിവു തട്ടിപ്പ് നടത്തിയതായി ആക്ഷേപം എങ്ങനെ സർക്കാർ എടുക്കുമെന്നതാണ്. അതിശക്തമായ നടപടിയാണ് ബിജു പ്രഭാകർ ലക്ഷ്യമിടുന്നത്.

പാലിയേക്കര ടോൾ പ്ലാസ കമ്പനിക്ക് നൽകാനുള്ള 102 കോടിരൂപ തടഞ്ഞുവച്ച ഗതാഗതവകുപ്പ് ഈ തട്ടിപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. കമ്പനിയെ വിലക്കുപട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അഥോറിറ്റിയെ സമീപിക്കാനും നടപടി തുടങ്ങി. കമ്പനിക്കു കൈമാറിയ 3.06 കോടി തിരിച്ചുപിടിക്കണമെന്നും നിർദേശമുണ്ട്. ഇതോടെ ടോൾപിരിവിലും തീരുമാനം എടുക്കേണ്ടി വരും.

2011 ഡിസംബർ മുതൽ 2021 നവംബർ 30 വരെ പാലിയേക്കര ടോൾ ഗേറ്റ് വഴി കടന്നുപോയ ബസുകളുടെ ടോൾ ബില്ലാണ് കെഎസ്ആർടിസി നൽകാനുള്ളത്. ഇതു സംബന്ധിച്ച് കോടതിയിൽ കേസുണ്ട്. വിശദമായ ബിൽ പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി നൽകിയില്ലെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു. ജൂലൈ 16ന് ചീഫ് സെക്രട്ടറിയും പിഡബ്ല്യുഡി, ഗതാഗത സെക്രട്ടറിമാരും ഉൾപ്പെടുന്ന ഉന്നതതലയോഗം ചേർന്നു. പരിശോധനയിൽ 33 കോടി മാത്രമാണ് നൽകാനുള്ളതെന്ന് കണ്ടെത്തി. ബാക്കിയെല്ലാം വ്യാജ ബില്ലുകളായിരുന്നു.

102 കോടി നൽകാനാകില്ലെന്നും ബിൽ സംബന്ധിച്ചു പരാതിയുമുള്ളതിനാൽ പരമാവധി 33 കോടിയേ നൽകാനാകൂവെന്നും കെഎസ്ആർടിസി വ്യക്തമാക്കിയതാണ് നിർണ്ണായകമായത്. എന്നാൽ ബാക്കി തുകയും ആവശ്യപ്പെട്ട കമ്പനി 10 വർഷത്തെ ബില്ലുകൾ കൈമാറി. ഈ ബില്ലുകൾ പരിശോധിക്കാൻ 2 ആഴ്ച ചീഫ് സെക്രട്ടറി കെഎസ്ആർടിസിക്ക് അനുവദിച്ചു. 2014 ജൂൺ മുതൽ 2022 ജൂൺ വരെയുള്ള ബില്ലുകൾ പരിശോധിച്ചപ്പോഴാണ് വ്യാജബില്ലുകൾ കണ്ടെത്തിയത്. അതിനാൽ 102 കോടിയും തടഞ്ഞുവച്ചു. 6908 ബസുകളുടെ ട്രിപ്പുകളിൽ വ്യാജബില്ലുകളുണ്ടെന്നു വിദഗ്ധസംഘം കണ്ടെത്തി.

ടോൾ ഗേറ്റ് വഴി പരമാവധി 2 തവണ ദിവസവും കടന്നുപോകാറുള്ള സൂപ്പർ ഡീലക്‌സ് ദീർഘദൂര ബസുകൾ 6 തവണ കടന്നുപോയതായി ബില്ലുകളുണ്ട്. കെഎൽ 15,10837 എന്നിങ്ങനെ 5 അക്ക നമ്പരുള്ള 6 ബസുകൾ 70 തവണ ടോൾ ഗേറ്റ് കടന്നുപോയെന്നും ബില്ലുകളുണ്ട്. അഞ്ചക്ക നമ്പർ ഇതുവരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതൊക്കെ വ്യാജ റജിസ്‌ട്രേഷൻ നമ്പരുകളാണെന്നും അന്വേഷണം വേണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെടുന്നു.

2005 ന് മുൻപ് ആക്രി ലേലം നടത്തി പൊളിച്ച ചില ബസുകൾ 2020ൽ ടോൾ ഗേറ്റ് വഴി കടന്നുപോയതിന്റെ ബില്ലുകളുമുണ്ട്. പൊളിച്ച ബസുകളുടെ പേരിൽ 1.55 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടുപിടിച്ചു. കെഎൽ 15 എ 7821 എന്ന , ഈവർഷം രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ബസ് രണ്ടുവർഷം മുൻപ് ടോൾ ഗേറ്റ് കടന്നുപോയതായാണ് വ്യാജബിൽ. പാലിയേക്കര ടോളിന്റെ 10 കി.മീ ചുറ്റളവിനു താഴെയുള്ള ഡിപ്പോകളിൽ നിന്നുള്ള വാഹനങ്ങൾക്ക് പകുതി ചാർജ് എന്ന നിയമമുള്ളപ്പോൾ ഈ ബസുകൾക്ക് ഇരട്ടി ചാർജ് ഈടാക്കിയെന്നും കെഎസ്ആർടിസി കണ്ടെത്തി.

2016 ൽ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. ടോൾ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായും രേഖകളിൽ വ്യക്തമാണ്. 2011 വിജ്ഞാപന പ്രകാരം 40 പൈസയാണ് ടോൾ ഈടാക്കാനുള്ള അടിസ്ഥാന വില. ഇത് തിരുത്താനാകില്ല. എന്നാൽ അടിസ്ഥാന വില തിരുത്തിയതായി രേഖകളിൽ വ്യക്തമാണ്. 2016 ൽ 40 പൈസയ്ക്ക് പകരം 1 രൂപ അടിസ്ഥാന വില കണക്കാക്കിയാണ് ടോൾ നിരക്ക് കണക്കാക്കിയത്.

കഴിഞ്ഞ വർഷം മൊത്തവില സൂചികയിൽ മാറ്റം വരുത്തി ടോൾ ഈടാക്കുന്നതിന്റെ രേഖകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഒന്നുകിൽ അടിസ്ഥാന വിലയിൽ അല്ലെങ്കിൽ മൊത്തവില സൂചികയിൽ ഏതെങ്കിലും ഒന്നിൽ മാറ്റം വരുത്തി വർഷങ്ങളായി ടോൾ നിരക്കിൽ മാറ്റം വരുത്തുന്നുണ്ടെന്ന് വ്യക്തം. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് ടോൾ നിരക്ക് കണക്കാക്കാൻ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങൾ.