തിരുവനന്തപുരം: പ്രസവിച്ച് നാലാം നാൾ കുഞ്ഞുമായി വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു ആ അപകടം തങ്ങളെ തേടിയെത്തിയത്. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി പറക്കമുറ്റാത്ത കുഞ്ഞുമായി സന്തോഷും ഭാര്യയും കുടുംബവും വീട്ടിലേയ്ക്കുള്ള യാത്രക്കിടെയാണ് മരണം മാടി വിളിച്ചത്. ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേർ മരിച്ച സംഭവം കല്ലമ്പലം പ്രദേശത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

കല്ലമ്പലം മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഇവരുടെ മകൾ അനുവിന്റെ പിഞ്ചു കുഞ്ഞ്, മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ ഓട്ടോ ഡ്രൈവർ സുനിൽ(40) എന്നിവരാണു മരിച്ചത്. മണമ്പൂർ സ്വദേശി മഹേഷ്, ഭാര്യ അനു, മകൻ മിഥുൻ(4) എന്നിവർക്കാണു പരുക്കേറ്റത്. മിഥുന്റെ രണ്ടു കാലുകൾക്കും പരുക്കുണ്ട്. ദമ്പതികളെ മെഡിക്കൽ കോളജിലും മിഥുനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് വർക്കലയിലേക്ക് പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിരുന്നു.

സന്തോഷും ഭാര്യയും കുടുംബവുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. എസ്എടി ആശുപത്രിയിൽ ഭാര്യ അനു പ്രസവിച്ച് നാലാം നാൾ കുഞ്ഞുമായി വീട്ടിലേക്കുള്ള യാത്രയിടെയായിരുന്നു അപകടം തേടിയെത്തിയത്. ഇടിയുടെ ആഘാതത്തിൽ നവജാത ശിശു ഓട്ടോറിക്ഷയിൽനിന്ന് അച്ഛനോടൊപ്പം റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയവർ കുഞ്ഞിനെ വാരിയെടുക്കുമ്പോൾ ആ കുരുന്ന് ശരീരത്തിൽ ചെറിയ ചൂടുണ്ടായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കുഞ്ഞിനെ ഉടനെതന്നെ കിട്ടിയ വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ചോരക്കുഞ്ഞിനു പുറമേ ശോഭയും ഓട്ടോ ഡ്രൈവർ സുനിലും മരണപ്പെടുകയായിരുന്നു.

അതേസമയം അപകടം നടന്നതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് കഴക്കൂട്ടത്തു നിന്നും അഗ്‌നിരക്ഷാസേനയും മംഗലപുരത്തുനിന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. വാഹനങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ സുനിലിനെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ഏറെ പരിശ്രമിച്ചവണ് പുറത്തെടുത്തത്.

അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ഇടമാണ് ദേശിയപാതയിലെ പള്ളിപ്പുറം പ്രദേശം. മുഖ്യമന്ത്രിയായിരിക്കെ കെ കരുണാകരന്റെ കാർ അപകടത്തിൽപ്പെട്ടത് ഇവിടെവച്ചായിരുന്നു. നടൻ സുരേഷ്‌ഗോപിയുടെ ഭാര്യയും സഹോദരനും ഉൾപ്പെടെ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് സുരേഷ്‌ഗോപിയുടെ മൂത്തമകൾ ലക്ഷ്മി മരണമടഞ്ഞതും ഈ പ്രദേശത്തു നിന്നു തന്നെയാണ്. ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നു നാട്ടുകാർ പറയുന്നു.

അതേസമയം പ്രമുഖ സംഗീത സംവിധായകനായിരുന്ന ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഇന്നലെ അപകടമുണ്ടായ സ്ഥലത്തു നിന്നും അരകിലോമീറ്റർ അകലെയാണ്. കണിയാപുരം ജംക്ഷൻ കഴിഞ്ഞ് വരുമ്പോൾ ചെറിയ വളവും സമാന്തര പാതയും അടങ്ങിയ സ്ഥലമാണിത്. ഇവിടെ എത്തുമ്പോൾ വേഗം വർധിപ്പിക്കാനുള്ള പ്രവണത വാഹനയാത്രക്കാരിൽ കൂടുതലാണെന്നും അപകട മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും ഡ്രൈവർമാർ വകവയ്ക്കാറില്ലെന്നും നാട്ടുകാർ പറന്നു. അപകടം നടന്ന സ്ഥലത്ത് ഇന്നലെ രാത്രി മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തി.