ആലപ്പുഴ: തുടർ ഭരണം സിപിഎം സഖാക്കൾക്ക് നൽകിയത് അഹങ്കാരമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ പോലും ഭീഷണിപ്പെടുത്തുന്നത് കാണുകയും കേൾക്കുകയും ചെയ്തു. ഇത് അതിന്റെ മറ്റൊരു ഉദാഹരണമാണ്. ആലപ്പുഴ പള്ളിപ്പുറത്ത് പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന കെട്ടിട നിർമ്മാണം ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ തടസ്സപ്പെടുത്തിയെന്നും ഒരു ലക്ഷം രൂപയോ 3 സെന്റ് സ്ഥലമോ നൽകണമെന്ന് ആവശ്യപ്പെട്ടെന്നും പരാതി.

ഇതു സംബന്ധിച്ച് പള്ളി വികാരി സിപിഎം ജില്ലാ സെക്രട്ടറിക്കു നൽകിയ പരാതിയിൽ യുവ നേതാവിനെതിരെ പാർട്ടി അന്വേഷണം ആരംഭിച്ചു. പള്ളിക്ക് പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ. പള്ളിയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പള്ളിയും സിപിഎം ഭരിക്കുന്ന പഞ്ചായത്തും തമ്മിലുള്ള നിയമ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പണമോ സ്ഥലമോ ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. അലപ്പുഴയിലെ സിപിഎം മാഫിയാ ഭരണത്തിലാണെന്നതിനുള്ള മറ്റൊരു തെളിവ് കൂടിയായി ഇതിനെ വിലയിരുത്തുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചേർത്തല ഏരിയ കമ്മിറ്റിയംഗവുമായ നേതാവിനെതിരെയുള്ള പരാതിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജ് എന്നിവർ ഉൾപ്പെട്ട പാർട്ടി കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. പള്ളിക്ക് മുന്നിലെ സ്ഥലം പുറമ്പോക്കാണെന്ന് തർക്കമുള്ളതിനാൽ അവിടെ കെട്ടിടം നിർമ്മിക്കുന്നതിനെതിരെ പഞ്ചായത്ത് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഭൂമി പള്ളിയുടേതാണെന്നതിന് രേഖകൾ കൈവശമുണ്ടെന്ന് പള്ളി ഭാരവാഹികൾ പറയുന്നു.

അതിനിടെ ഡിവൈഎഫ്‌ഐ നേതാവ് പണം ആവശ്യപ്പെട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം ചേർത്തല ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പഞ്ചായത്തും പള്ളിയുമായുണ്ടായ പ്രശ്‌നങ്ങൾ പാർട്ടി ഇടപെട്ട് പറഞ്ഞുതീർക്കാനാണ് ശ്രമിച്ചതെന്നും മതസൗഹാർദം തകർക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ബന്ധപ്പെട്ട പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. അതുകൊണ്ട് കൂടിയാണ് ഭീഷണി ചർച്ചയാകുന്നത്.