പമ്പ: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്ത് പാർക്കിങിന് സൗകര്യമൊരുക്കി പണം തട്ടുന്നു. ആയിരം മുതൽ പതിനായിരം വരെ രൂപയാണ് ഈ ഇനത്തിൽ ഈടാക്കുന്നത്. മുഖ്യമായും ഇതര സംസ്ഥാന തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള പകൽക്കൊള്ള സംബന്ധിച്ച് പൊലീസ് ഇന്റലിജൻസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയുള്ള തട്ടിപ്പ് തുടരുകയാണ്.

മണ്ഡല-മകര വിളക്ക് തീർത്ഥാടനകാലത്താണ് ഇവിടെ ചാകര. മാസപൂജ, ഓണം, വിഷു, ഉത്സവ സമയങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവിൽ ശബരിമലയുടെ ഹബ് എന്ന് പറയുന്നത് നിലയ്ക്കലാണ്. എല്ലാ വാഹനങ്ങളും ഇവിടെ എത്തി തീർത്ഥാടകരെ ഇറക്കി പാർക്ക് ചെയ്യണം. ഇവിടെ നിന്ന് കെഎസ്ആർടിസി ബസ് മുഖേനെ വേണം പമ്പയിലേക്ക് തീർത്ഥാടകരെ കടത്തി വിടാൻ. വിഐപികൾ, സർക്കാർ വകുപ്പുകൾ, മാധ്യമങ്ങൾ എന്നിവർക്ക് മാത്രമാണ് പമ്പയിലേക്ക് വാഹനങ്ങൾ കൊണ്ടു പോകുന്നതിന് അനുവാദമുള്ളു.

എന്നാൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ എന്ന പേരിലാണ് ഇൻസ്പെക്ഷൻ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുന്നത്. ഇത് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്തുകൊണ്ടു പോയി പാർക്ക് ചെയ്യും. വണ്ടിയൊന്നിന് ആയിരം രൂപയാണ് ഈടാക്കുന്നത്. അടുത്തിടെ ഇങ്ങനെ വാഹനവുമായി ചെന്ന ഒരാളോട് 7000 രൂപയാണ് ഇവർ ചോദിച്ചത്. അദ്ദേഹം കൊടുത്തില്ലെന്ന് മാത്രമല്ല, പരാതിപ്പെടുകയും ചെയ്തു. പരാതി ചെന്നത് പൊലീസിന് എതിരേയായിരുന്നു. പൊലീസുകാർ പണം വാങ്ങി പാർക്കിങ് നൽകുന്നുവെന്ന പരാതി സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും അന്വേഷിച്ചു ചെന്നപ്പോഴാണ് വനംവകുപ്പ് ജീവനക്കാർ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. അങ്ങനെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഒന്നിലധികം തവണ റിപ്പോർട്ട് അയച്ചിട്ടും പണം വാങ്ങിയുള്ള പാർക്കിങ് നിർബാധം തുടരുകയാണ്.

ഇതരസംസ്ഥാനത്ത് നിന്നുള്ള വാഹനങ്ങൾ വരെ കേരളാ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ എന്ന രീതിയിൽ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ചിങ്ങമാസ പൂജയ്ക്ക് നട തുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. നിർബാധം പേ ആൻഡ് പാർക്ക് ഇവിടെ ഉണ്ട്. ഒരു ദിവസം തന്നെ വൻതുകയാണ് ഇവിടെ വരുമാനമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. നിരവധി വാഹനങ്ങളാണ് ഇന്നലെയും ഇന്നുമായി ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്.