- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല-മകരവിളക്ക് കാല പടിമേളം: മറുനാടൻ വാർത്തയെ തുടർന്ന് പമ്പ സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; വകുപ്പു തല അന്വേഷണ നടപടിക്കും സാധ്യത; വാർത്ത വെളിയിൽ പോയത് എസ്‌പി മുതൽ താഴേക്കുള്ള പൊലീസുകാർക്കും സേനയ്ക്കും ഒന്നടങ്കം നാണക്കേടുണ്ടാക്കിയെന്ന് ഡിഐജിയുടെ റിപ്പോർട്ട്
പത്തനംതിട്ട: മണ്ഡല-മകര വിളക്ക് കാലത്ത് കരാറുകാരിലും ഹോട്ടൽ നടത്തിപ്പുകാരിലും നിന്ന് പടി സ്വീകരിച്ചതിനെ തുടർന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ അടക്കം നാലു പൊലീസുകാരെ പമ്പ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖലാ ഡിഐജി ആർ. നിശാന്തിനിയുടെ നിർദേശ പ്രകാരമാണ് നടപടി. ഇവർക്കെതിരേ വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാകും.
പടി വാങ്ങിയെന്ന് ആരോപണ വിധേയനായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സൂരജ് സി. മാത്യു, വിവരം പുറത്തു വിട്ടുവെന്ന് ആരോപിക്കപ്പെടുന്ന എഎസ്ഐമാരായ മാനുവൽ, അജി ജോസ്, സിപിഓ അഭിലാഷ് എന്നിവർക്കാണ് സ്ഥലം മാറ്റം. സൂരജിനെ അടൂരിലേക്കും മാനുവലിനെ റാന്നിയിലേക്കും അജി ജോസിനെ തിരുവല്ലയിലേക്കും അഭിലാഷിനെ കീഴ്‌വായ്പൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
പമ്പയിലെ പടി മേളം സംബന്ധിച്ച വാർത്ത മറുനാടനാണ് പുറത്തു വിട്ടത്. സാധാരണ മണ്ഡല-മകരവിളക്ക് കാലം കഴിഞ്ഞാൽ പമ്പയിൽ കട നടത്തുന്നവരും ടോയ്ലറ്റ് സമുച്ചയവും വിരി വയ്ക്കുന്ന സ്ഥലങ്ങളും കരാർ എടുത്തവരും ഹോട്ടൽ ഉടമകളും പമ്പ പൊലീസ് സ്റ്റേഷനിൽ പടി നൽകുന്ന പതിവുണ്ട്. ഈ പടി താഴെ മുതൽ ഉന്നതങ്ങളിൽ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ വീതം വയ്ക്കുകയാണ് ചെയ്യുന്നത്.
കോവിഡ് കാലത്തിന് ശേഷം ഇക്കുറി സമ്പൂർണമായി നടന്ന തീർത്ഥാടന കാലത്ത് വൻതുകയാണ് പടി ഇനത്തിൽ കരാറുകാർ പൊലീസിന് നൽകിയിരുന്നത്. ഇത് റൈറ്ററായ സൂരജിന് കൈവശമാണ് ഏൽപ്പിച്ചിരുന്നത്. കൈവശം പണം വച്ച് സൂരജ് എണ്ണുന്നത് ശ്രദ്ധയിൽപ്പെട്ട എഎസ്ഐ ഇത് എവിടെ നിന്നാണെന്ന് അന്വേഷിച്ചു. താൻ പലിശയ്ക്ക് കൊടുത്ത പണം സീസൺ കഴിഞ്ഞപ്പോൾ തിരികെ വാങ്ങിയതാണെന്നായിരുന്നു മറുപടി. എന്നാൽ, ഇത് കരാറുകാരിൽ നിന്ന് ലഭിച്ച പണമാണെന്ന് വന്നതോടെ സംഭവം വിവാദമായി. ഇതിന്റെ പേരിൽ പൊലീസ് ചേരിതിരിവുണ്ടായി. ഈ വിവരം സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത വിവരമാണ് മറുനാടൻ വാർത്തയാക്കിയത്.
മറ്റു മാധ്യമങ്ങളും ഇത് ഏറ്റു പിടിച്ചതോടെ വാർത്ത അവഗണിക്കാനും പൊലീസുകാരെ സംരക്ഷിക്കാനും ഉന്നത തലത്തിൽ നിന്ന് തന്നെ നിർദ്ദേശം വന്നു. ഈ വിവരവും മറുനാടൻ പുറത്തു വിട്ടതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് ജില്ലാപൊലീസ് മേധാവി ഉത്തരവിട്ടു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി നടത്തിയ അന്വേഷണത്തിൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി.
സൂരജ് സി. മാത്യു കരാറുകാരിൽ നിന്ന് പണം കൈപ്പറ്റിയെന്നും ഇതു കിട്ടാതെ വന്ന മറ്റു മൂന്നു പേരും ചേർന്ന് വാർത്ത മാധ്യമങ്ങൾക്ക് ചോർത്തിയെന്നുമായിരുന്നു ഡിവൈ.എസ്‌പിയുടെ കണ്ടെത്തൽ. ഇത്തരം വാർത്തകൾ പുറത്തു പോയത് പൊലീസ് സേനയ്ക്കും എസ്‌പി മുതൽ താഴേത്തട്ടു വരെയുള്ള ഉദ്യോഗസ്ഥർക്കും നാണക്കേടുണ്ടാക്കി. ഇതേ തുടർന്നാണ് ഡിഐജി നടപടിക്ക് ശിപാർശ ചെയ്തത്. സൂരജ് സി. മാത്യുവിനെതിരേ വാച്യാന്വേഷണം നടത്തും. മറ്റു മൂന്നു പേർക്കുമെതിരേ വിശദമായ അന്വേഷണത്തിനും ഉത്തരവായി. പത്തനംതിട്ട ഡിസിആർബി ഡിവൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്