- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പുരുത്തി യു പി സ്‌കൂൾ കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുസ്ലിംലീഗ് പഞ്ചായത്ത് മെമ്പർ അടക്കമുള്ള പള്ളി ഭാരവാഹികൾക്കെതിരെ നടപടി; സ്‌കൂൾ കെട്ടിട നിർമ്മാണത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്; മട്ടന്നൂർ ജുമാമസ്ജിദ് അബ്ദുറഹിമാൻ കല്ലായി വെട്ടിലായിരിക്കവേ കണ്ണൂരിലെ ലീഗിനെ കുഴപ്പത്തിലാക്കി മറ്റൊരു അഴിമതി ആരോപണവും
കണ്ണൂർ: പള്ളിയുടെ കീഴിലുള്ള സ്‌കൂൾ കെട്ടിട നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ ഭാരവാഹികൾക്കെതിരെ നടപടി. പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കു കീഴിലുള്ള പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പള്ളി കമ്മിറ്റി ഭാരവാഹികളായ രണ്ടു പേർക്കെതിരെയാണ് നടപടി.
സംഭവത്തിൽ അന്നത്തെ പള്ളി കമ്മിറ്റിക്കും നിർമ്മാണ കമ്മിറ്റിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുഅന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി കൂട്ടത്തോടെ നടപടിയെടുത്തത്. ഇതുപ്രകാരം 2020-22 വർഷത്തെ കമ്മിറ്റി പ്രസിഡന്റായിരുന്ന കെ പി അബ്ദുൽ സലാം, ജനറൽ സെക്രട്ടറി വി ടി മുഹമ്മദ് മൻസൂർ, ട്രഷറർ എം മുസ്തഫ ഹാജി, നിലവിലെ പ്രസിഡന്റ് വി ടി മുഹമ്മദ് മൻസൂർ, നിർമ്മാണ കമ്മിറ്റി അംഗം കെ പി മുഹമ്മദലി എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു.
കെ പി അബ്ദുൽ സലാം കൊളച്ചേരി പഞ്ചായത്ത് പാമ്പുരുത്തി വാർഡ് മെംബറും മുസ് ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയുമാണ്. വി ടി മുഹമ്മദ് മൻസൂർ യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റും എസ് വൈ എസ് ജില്ലാ ഭാരവാഹിയുമാണ്. പിടിഎ ഭാരവാഹി കൂടിയാണ് കെ പി മുഹമ്മദലി. സ്‌കൂൾ കെട്ടിട നിർമ്മാണത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി നേരത്തേ നാട്ടുകാർ ആരോപിച്ചിരുന്നു.
എന്നാൽ, ഉപദേശക സമിതിക്കു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടിന്റെ ആഴം മനസ്സിലായത്. തുടർന്നാണ് ഭാരവാഹികൾക്കെതിരേ കൂട്ടത്തോടെ നടപടിയെടുത്തത്. തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജനകീയ കമ്മിറ്റിയുടെ മേൽനോട്ടത്തിനു കീഴിലാക്കാനും മുസ് ലിം ജമാഅത്ത് ഉപദേശക സമിതി യോഗം തീരുമാനിച്ചു. നിർമ്മാണപ്രവർത്തനങ്ങളിലെ സാമ്പത്തിക നഷ്ടം സംബന്ധിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുമെന്നും പാമ്പുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക സമിതി യോഗം അറിയിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം പള്ളിയിലെ നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ മട്ടന്നൂർ ജുമാമസ്ജിദ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മുസ്ലിം സംസ്ഥാന നേതാക്കളിലൊരാളായ അബ്ദുറഹിമാൻ കല്ലായിക്കെതിരെ ഒരുവിഭാഗം പരാതി നൽകിയതിനെതുടർന്ന് മട്ടന്നൂർ പൊലിസ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു.വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ കോടികൾ ചെലവഴിച്ചു പള്ളി പുനർനിർമ്മാണം നടത്തുകയും ഷോപ്പിങ് കോംപ്ളക്സിനായി നിക്ഷേപകരിൽ നിന്നും പണം വാങ്ങി വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസ് നിലനിൽക്കവെ വിദേശത്തേക്ക് പോകാൻ അനുമിതി തേടി ഹരജി നൽകിയ അബ്ദുൽ റഹിമാൻ കല്ലായിയുടെ പാസ്പോർട്ടി കോടതി തടഞ്ഞുവെച്ചിരിക്കുകയാണ്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്