പത്തനംതിട്ട: അഖില ഭാരത അയ്യപ്പസേവാ സംഘത്തിലെ അധികാര തർക്കം കൈയാങ്കളിയിലെടത്തി. സെൻട്രൽ വർക്കിങ് കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പട്ടവരുടെ നേതൃത്വത്തിൽ പമ്പയിലെ അയ്യപ്പ സേവാസംഘം ഓഫീസിൽ കൈയാങ്കളി. ഔദ്യോഗിക പക്ഷത്തെ പ്രകാശ് കോഴിക്കോട്, പ്രസാദ് കുഴിക്കാല എന്നിവർക്കാണ് മർദനമേറ്റത്.

ചൊവ്വാഴ്ച രാവിലെ 6.45 നായിരുന്നു സംഭവം. പ്രകാശും പ്രസാദും ഓഫീസിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം പാലക്കാട് കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിൽ 15 അംഗ സംഘമെത്തി കതകിൽ തട്ടി. കതക് തുറന്നതിന് പിന്നാലെ സംഘം അകത്തേക്ക് പാഞ്ഞു കയറി പ്രകാശ് കോഴിക്കോടിനെയും പ്രസാദിനെയും മർദിച്ചു. ഓഫീസിന്റെ ജനാലച്ചില്ലുകൾ തകർത്തു. പ്രസാദിന്റെ പുറത്ത് പരുക്കുണ്ട്.

ഇന്ന് വൈകിട്ട് ശബരിമല നട തുറക്കുകയാണ്. അതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കാണ് പ്രകാശും പ്രസാദും എത്തിയിരുന്നത്. മർദന വിവരം അറിഞ്ഞ് ഇരുവിഭാഗങ്ങളും തമ്പടിച്ചതോടെ പൊലീസ് സ്ഥലത്ത് വന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

51 അംഗ കേന്ദ്രവർക്കിങ് കമ്മറ്റിയിൽ നിന്ന് കൊച്ചുകൃഷ്ണൻ പാലക്കാട്,കൊയ്യം ജനാർദനൻ എന്നിങ്ങനെ അഞ്ചു പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അധികാരത്തർക്കമാണ് സസ്പെൻഷനിലും അടിയിലും കലാശിച്ചിരിക്കുന്നത്.