പമ്പ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചു. കേസെടുക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാൻ കെഎസ്ആർടിസി അധികൃതർ ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ. 30,000 രൂപയ്ക്ക് പ്രശ്നം പരിഹരിച്ചപ്പോൾ അടികിട്ടിയ കണ്ടക്ടർക്ക് ലഭിച്ചത് 25,000. ശേഷിച്ച അയ്യായിരം രൂപ യൂണിയൻ നേതാക്കൾ നോക്കുകൂലി ഈടാക്കിയെന്നും ആക്ഷേപം. രണ്ടടിക്ക് 25,000 കിട്ടിയ കണ്ടക്ടർക്ക് പരാതിയില്ല.

ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ത്രിവേണി യു-ടേണിന് സമീപമാണ് സംഭവം. ഇവിടെ കെഎസ്ആർടിസി ബസിൽ ഭക്തരെ കയറ്റി വിടുന്ന ജോലി ചെയ്തു കൊണ്ടിരുന്ന തേവള്ളി സ്വദേശി ശ്രീരാഘവനാണ് അടി കിട്ടിയത്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് തിരിച്ചറിയുന്ന യാതൊരു അടയാളങ്ങളും ഇദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. ത്രിവേണിയിൽ നിന്ന അയ്യപ്പന്മാർ യു ടേൺ വഴി വണ്ടി വിടണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ബസ് തടയുകയായിരുന്നു. ഇവരെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോഴാണ് രണ്ടു പേർ ചേർന്ന് കണ്ടക്ടറെ മർദിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പമ്പ പൊലീസ് അയ്യപ്പന്മാരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടർ ഗവ. ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. അയ്യപ്പന്മാർക്കെതിരേ കേസ് എടുക്കണമെന്ന ആവശ്യമായിരുന്നു കെഎസ്ആർടിസി അധികൃതർക്ക്. അയ്യപ്പന്മാർക്ക് കേസും വഴക്കുമൊന്നും വേണ്ട, നഷ്ടപരിഹാരം കൊടുക്കാമെന്നായി. തുടർന്ന് പമ്പ കെഎസ്ആർടിസി സ്പെഷൽ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയപ്പോൾ മൂന്നു ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഇത്രയും നൽകാൻ കഴിയില്ലെന്ന് സ്വാമിമാർ അറിയിച്ചു. ഒടുവിൽ 30,000 രൂപയെന്ന് ധാരണയായി. പിന്നെയാണ് ട്വിസ്റ്റ് ഉണ്ടായത്.25,000 രൂപ കണ്ടക്ടർക്ക് കൊടുത്തു. ശേഷിച്ച 5000 മറ്റുള്ളവർക്ക് കിട്ടി. യൂണിയന്റെ പേരിലാണ് ഇത് വാങ്ങിയത്. പമ്പയിൽ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് യൂണിയൻ ഒന്നും ഇല്ലെന്നാണ് അറിയുന്നത്.