- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുവർഷത്തെ ലിവിങ് ടുഗദറിന് ശേഷം നാട്ടിലേക്ക് മടങ്ങിയ പങ്കാളി മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു; വിവരം കിട്ടിയ യുവതി റാന്നിയിലെത്തി ആത്മഹത്യാഭീഷണി മുഴക്കി; പമ്പാ നദിയുടെയും പമ്പ് ഹൗസിന്റെയും ചിത്രങ്ങൾ അയച്ചു കൊടുത്തത് പങ്കാളി പൊലീസിന് കൈമാറി; റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ അവസാന നിമിഷം സാഹസികമായി രക്ഷിച്ച് പൊലീസ്
പത്തനംതിട്ട: റാന്നി പൊലീസ് സ്റ്റേഷനിലെ സിപിഓ എൽടി ലിജു ഇന്നലെ നടത്തിയത് അതിസാഹസികമായ ഒരു രക്ഷപ്പെടുത്തലായിരുന്നു. റാന്നി പാലത്തിന്റെ കൈവരിയിൽ നിന്ന് നിറഞ്ഞൊഴുകുന്ന പമ്പാ നദിയിലേക്ക് ചാടിയ യുവതിയെ അവസാന നിമിഷം വലിച്ച് കരയിലേക്കും ജീവിതത്തിലേക്കുമിടുകയായിരുന്നു ലിജു ചെയ്തത്.
മണിക്കൂറുകളോളം റാന്നി പൊലീസിനെ വട്ടം ചുറ്റിച്ച യുവതി(22) ആത്മഹത്യ ചെയ്യാൻ ചങ്ങനാശേരിയിൽ നിന്ന് വന്നതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. നാലു കൊല്ലം ഒപ്പം താമസിച്ച് മധുരവാക്കുകൾ മൊഴിഞ്ഞ റാന്നിക്കാരനായ പങ്കാളി തന്നെ വിട്ട് മറ്റൊരു വിവാഹം കഴിക്കുന്നത് സഹിക്കാൻ കഴിയാതെയായിരുന്നു ചങ്ങനാശേരിയിൽ നിന്ന് യുവതി ആത്മഹത്യ ചെയ്യാൻ ഇവിടെ വന്നത്.
കഥ ഇങ്ങനെ:
ബംഗളൂരുവിൽ നഴ്സിങ് പഠിക്കുന്ന യുവതി അവിടെ തന്നെയുള്ള റാന്നിയിലെ പ്രമുഖ കുടുംബാംഗമായ യുവാവുമായി പ്രണയിച്ച് നാലു വർഷത്തിലേറെയായി ഒന്നിച്ച് താമസിക്കുകയായിരുന്നു. അടുത്ത സമയം യുവാവ് പ്രണയത്തിൽ നിന്നും പിന്മാറി തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരം യുവതി അറിയുന്നു. ഒട്ടും വൈകിയില്ല. നേരെ റാന്നിക്ക് വച്ചു പിടിച്ചു.
ഇന്നലെ ഉച്ചയോടെ എത്തിയ യുവതി താൻ പമ്പയിൽ ചാടി ആത്മഹത്യ ചെയ്യുകയാണെന്നു കാണിച്ച് നദിയുടേയും കരയിലുള്ള പമ്പ് ഹൗസിന്റേയും അടക്കം ഏതാനും ഫോട്ടോകൾ മൊബൈലിൽ പകർത്തി യുവാവിന്റെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തു. സംഗതി ഗൗരവമേറിയതാണെന്ന് മനസിലാക്കിയ യുവാവിന്റെ വീട്ടുകാർ ഈ ഫോട്ടോകളും യുവതിയുടെ ഫോൺ നമ്പരും മറ്റു വിവരങ്ങളും പൊലീസിന് കൈമാറി. എസ്‌ഐ ഹരികുമാർ, പൊലീസുകാരായ ജോൺസി, എൽ.ടി.ലിജു, അഞ്ജന എന്നിവർ യുവതിയെ തേടിയിറങ്ങി.
ഫോട്ടോയിലുള്ള പമ്പ് ഹൗസ് ഏതാണെന്ന് പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഐത്തലയിലേതാണെന്നു കരുതി അവിടെയെത്തി നോക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഫോൺ നമ്പരിൽ വിളിച്ചു നോക്കിയിട്ടും കിട്ടിയില്ല. അവസാന ശ്രമമെന്ന നിലയിൽ സിപിഓ ലിജു വാട്സാപ്പ് കോൾ വിളിച്ചു. അത് യുവതി അറ്റൻഡ് ചെയ്തതോടെ പൊലീസിന് തുമ്പായി. പിന്നിട് പൊലീസ് ഫോണിലൂടെ യുവതിയുമായി അനുനയ നീക്കം നടത്തുകയായിരുന്നു. യുവതി പലകുറി ഫോൺ കട്ടാക്കാൻ ശ്രമിച്ചെങ്കിലും അതിനു സമ്മതിക്കാതെ പൊലീസ് സംസാരം തുടർന്നു.
ഇതിനിടയിൽ യുവതി റാന്നി പാലത്തിലാണ് ഉള്ളതെന്നു മനസിലാക്കിയ പൊലീസ് സംഘങ്ങൾ രണ്ടു ദിശകളിൽ നിന്നും അവിടം ലക്ഷ്യമാക്കി പാഞ്ഞു. യുവതിയോടു സംസാരിച്ചു കൊണ്ടേയിരുന്ന പൊലീസ് യുവാവുമായി ചർച്ച നടത്താമെന്നും സ്നേഹിച്ചവരാണെങ്കിൽ വിവാഹം കഴിപ്പിച്ചു നൽകാൻ മുൻകൈ എടുക്കാമെന്നും വാഗ്ദാനം ചെയ്തു. ആശ്വാസ വാക്കുകൾ യുവതിയെ തെല്ലു തണുപ്പിച്ചുവെന്ന് പൊലീസിന് തോന്നി. എന്നാൽ, പെട്ടെന്ന് യുവതി ട്രാക്കു മാറ്റി. ആരുടേയും വാക്കുകളിൽ വിശ്വാസം ഇല്ലെന്നും ജീവനൊടുക്കുകയാണെന്നും യുവതി മറുപടി നൽകി.
അപ്പോഴേക്കും പഴവങ്ങാടി കരയിലെത്തിയ പൊലീസിന് പാലത്തിൽ നിൽക്കുന്ന യുവതിയെ കാണാൻ കഴിഞ്ഞു. സെക്കൻഡുകൾക്കുള്ളിൽ യുവതിയുടെ പിന്നിൽ പൊലീസ് ജീപ്പ് ബ്രേക്കിട്ടു. പൊലീസിന്റെ വരവ് ശ്രദ്ധിക്കാതെ നദിയിലേക്കു നോക്കി ചാടാനായി പാലത്തിന്റെ കൈവരിയിലേക്കു കയറിയ യുവതിയെ അതിവേഗം ചാടി വലിച്ച് കരയിലേക്കു മാറ്റുകയായിരുന്നു. പൊലീസിന്റെ കൈയിൽ കടിച്ചും മാന്തിയും കുതറി നദിയിലേക്കു ചാടാൻ ശ്രമിച്ചെങ്കിലും നിഷ്ഫലമായി. യുവതിയെ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച് പിന്നീട് പിതാവിനൊപ്പം അയച്ചു.
യുവാവുമായി അടുത്ത ദിവസം തന്നെ പൊലീസ് ചർച്ചയും വച്ചിട്ടുണ്ട്. സെക്കൻഡിന്റെ നൂറിലൊരംശം കൊണ്ടാണ് പൊലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു നിന്നപ്പോഴാണ് സിപിഓ ലിജു അവസരത്തിനൊത്ത് ഉയർന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്