കോട്ടയം: ബഫർ സോൺ വിഷയത്തിൽ ഏറ്റവും കൂടുതൽ പ്രതിഷേധം ആളി പടർന്നത് ഏയ്ഞ്ചൽവാലിയിലും പമ്പാവാലിയിലുമാണ്. വനം വകുപ്പിന്റെ ബോർഡ് പിഴുതെടുത്തു കരി ഓയിൽ ഒഴിച്ചായിരുന്നു പ്രതിഷേധിച്ചത്. സംഭവത്തിൽ എരുമേലി പഞ്ചായത്ത് മെമ്പർമാരായ മാത്യു ജോസഫ്, മറിയാമ്മ സണ്ണി എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന 90 പേർക്കെതിരേയും എരുമേലി പൊലീസ് കേസെടുത്തു. ഏയ്ഞ്ചൽവാലിയിലും പമ്പാവാലിയിലും കർഷക പ്രതീക്ഷ ഇനി ജിയോടാഗിൽ മാത്രമാണ്. പ്രശ്‌ന പരിഹാരത്തിന് 27 വരെ സമയം നൽകി പ്രതിഷേധക്കാർ കാത്തിരിക്കുകയാണ്. നാടിന് പഞ്ചായത്തിന്റെ പിന്തുണയുമുണ്ട്. എന്നാൽ അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം കത്തും.

ബഫർ സോണിൽ പ്രതിഷേധം ശക്തമായിരിക്കുമ്പോൾ ജനങ്ങളുടെ ആശങ്ക പടർത്തി പഞ്ചായത്ത് സെക്രട്ടറിയുടെ ശബ്ദസന്ദേശം വൈറലായിരുന്നു. എരുമേലി പഞ്ചായത്തു കമ്മിറ്റിക്കു മുന്നോടിയായി മെമ്പർമാർക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പുതിയ മാപ്പിൽ പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തു തിരുത്തലുകൾക്കൊണ്ടൊന്നും പ്രയോജനമുണ്ടാകില്ലെന്ന രീതിയിൽ നൽകിയ ശബ്ദസന്ദേശമാണ് വിവാദമായത്. ഇതേ തുടർന്നു പ്രതിഷേധം ആളിപടർന്നു.

പുതിയ റിപ്പോർട്ടിൽ എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ സംരക്ഷിത വനത്തെ സൂചിപ്പിക്കുന്ന പച്ച നിറത്തിലാണ് ചിത്രീകരിച്ചിരുന്നത്. ശബ്ദ സന്ദേശത്തിൽ, പച്ച നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തെക്കുറിച്ച് അപ്പീൽ കൊടുത്തിട്ടു കാര്യമൊന്നുമില്ലെന്നും, ഒരു കാരണവശാലും ഇത്തരം ഭാഗത്ത് അപ്പീൽ പരിഗണിക്കില്ലെന്നുമുള്ള രീതിയിലായിരുന്നു സന്ദേശം. വെള്ള നിറത്തിൽ കാണിച്ചിരിക്കുന്ന പ്രദേശം ജനവാസ കേന്ദ്രമാണെന്നും ഇവിടെയുള്ളവർ പരാതി നൽകേണ്ടതില്ലെന്നും ബഫർ സോണിനെ സൂചിപ്പിക്കുന്ന പിങ്ക് നിറത്തിലുള്ളവർ നിർബന്ധമായും പരാതി നൽകണമെന്നും അദ്ദേഹം പറയുന്നുണ്ട്. പച്ച നിറം വനഭൂമിയെയാണ് ചൂണ്ടിക്കാട്ടുന്നത്.

അഞ്ചു പതിറ്റാണ്ടിലേറെയായി താമസിക്കുന്ന സ്ഥലം വനഭൂമിയാണെന്ന വനം വകുപ്പിന്റെ റിപ്പോർട്ടിനു പിന്നാലെയാണു മുന്നറിയിപ്പൊന്നുമില്ലാതെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത മാർച്ചിനിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ചിരുന്ന വനംവകുപ്പ് ഓഫീസിന്റെ ബോർഡ് പിഴുതെടുത്തു. തുടർന്നു വനംവകുപ്പ് ഓഫീസിനു മുന്നിൽ എത്തിച്ചു കരി ഓയിൽ ഒഴിച്ചു നശിപ്പിക്കുകയായിരുന്നു.

2021ൽ വനംവകുപ്പ് തയാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനഭൂമിയാണെന്നു ചിത്രീകരിച്ചതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. അതുവരെ ബഫർ സോൺ ആയി പറയപ്പെട്ടിരുന്ന സ്ഥലം വനംഭൂമിയാണെന്നു റിപ്പോർട്ടിൽ വന്നതോടെ കർഷകരുടെ ആശങ്ക വർധിക്കുകയായിരുന്നു. ജനങ്ങളുടെ ആശങ്ക ശരിയാണെന്ന രീതിയിലുള്ള സെക്രട്ടറിയുടെ സന്ദേശത്തിനു പിന്നാലെ പ്രതിഷേധവും വർധിച്ചു. ഉച്ചകഴിഞ്ഞു പഞ്ചായത്തു കമ്മിറ്റിയോഗം നടന്ന വേദിയിലേക്കു പ്രതിഷേധവുമായി നാട്ടുകാർ എത്തി. സെക്രട്ടറിക്കെതിരേയും വനംവകുപ്പിനെതിരേയും മുദ്രാവാക്യവുമായി നാട്ടുകാർ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബഫർ സോൺ കേസിൽ പഞ്ചായത്തു സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്നു പ്രസിഡന്റ് തങ്കമ്മ ജോർജു കുട്ടി അറിയിച്ചു. മുഖ്യമന്ത്രി, വനം,റവന്യൂ മന്ത്രിമാരെ വീണ്ടും നേരിൽകണ്ട് നിവേദനം നൽകും. 11, 12, 13, 14 വാർഡുകളിൽ അടിയന്തിരമായി ജിയോ ടാഗ് നടത്താനായി സമിതിയെ രൂപീകരിച്ചു.

പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ അംഗങ്ങളായ സമിതിക്കു മുമ്പിൽ ജനങ്ങൾക്കു പരാതി നൽകാമെന്നും പഞ്ചായത്ത് പൂർണമായും ജനങ്ങൾക്കൊപ്പമാണെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലെന്നും തങ്കമ്മ പറഞ്ഞു.