തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ ലൈംഗിക ആരോപണത്തില്‍ നടപടിയെടുത്തില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതി രണ്ട് വര്‍ഷമായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുമ്പ് സെക്രട്ടറിയേറ്റിലെ വനിതാ ജീവനക്കാരും സെക്രട്ടറിയേറ്റ് സംരക്ഷണ സമിതിയും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരിന്നു. എന്നിട്ടും അന്വേഷണം നടത്താന്‍ തയ്യാറായെല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിക്കുമ്പോള്‍ ആണ് ഈ വിവാദവും ആളികത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഇടത് എംഎല്‍എമാരിലും മന്ത്രിമാരിലും എല്ലാം പീഡനാരോപണത്തില്‍ കുടുങ്ങിയവരുണ്ട്. മന്ത്രിസഭയില്‍ 'പൂച്ചക്കുട്ടികളെ' വളര്‍ത്തുന്ന വൈകല്യമുളളവരുമുണ്ടെന്നാണ് സോഷ്യല്‍ മീഡിയാ ആരോപണം. ഇതിനൊപ്പമാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ജയതിലകിന് എതിരായ ആരോപണവും. ഇതിനൊപ്പം പിടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയില്‍ മുക്കലുണ്ടായി എന്നും ആരോപണമുണ്ട്.

രണ്ട് വര്‍ഷം മുന്‍പാണ് ജയതിലകിനെതിരെ പീഡനവും ലൈംഗിക വൈകൃതവും ആരോപിച്ച് യുവതി പരാതി നല്‍കുന്നത്. ആ സമയത്ത് ധനവകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു ജയതിലക്. എന്നാല്‍ ഇത്രയും ഗൗരവകരമായ വിഷയമായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന വാര്‍ത്ത ജനം ടിവിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ നിരവധി വനിത ഉദ്യോഗസ്ഥരുടെ പരാതിയും ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വനിത ജീവനക്കാരെ വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറുക, കീഴ് ഉദ്യോഗസ്ഥകള്‍ക്ക് അശ്ലീല മെസേജ് അയക്കുക, വിവാഹമോചിതരായ വനിതകളെ തെരഞ്ഞെു പിടിച്ച് ലൈംഗിക ചുവയോടുകൂടിയ സന്ദേശങ്ങള്‍ നിരന്തരം അയക്കുക എന്നിങ്ങനെ പോകുന്ന ചീഫ് സെക്രട്ടറിയുടെ ലീലാവിലാസങ്ങള്‍. ഈ സന്ദേശങ്ങള്‍ നമ്പര്‍ മാറി എത്തിയതോടെയാണ് വിവരം പുറത്തുവരുന്നതെന്ന് ജനം ടിവി പറയുന്നു.

പിഎ ആയ വനിതയാണ് ജയതിലകിന് ഒത്താശ ചെയ്യുകയാണെന്നു ഇടത് സര്‍വീസ് സംഘടനകള്‍ അടക്കം ചൂണ്ടിക്കാട്ടുന്നു. ജയതിലക് പോകുന്ന വകുപ്പുകളിലും പദവികളിലും വനിതയെയും ഒപ്പം കൂട്ടുന്നുണ്ട്. ഇതിന് പുറമേ കോടികളുടെ അഴിമതി, മാഫിയ ബന്ധം എന്നിവയും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ജയതിലകിനെതിരെ ഛത്തീസ്ഗഢില്‍ പോക്‌സോ കേസും നിലവിലുണ്ട്. മുന്‍ ഭാര്യ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അതും പരിഗണിച്ചില്ല. ജയതിലകിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ഇടത് സര്‍വീസ് സംഘടനകള്‍ അടക്കം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതും ഗൗനിച്ചിട്ടില്ലെന്നതാണ് ജനം ടിവിയുടെ വാര്‍ത്ത. സ്ത്രീപീഡകനായ ചീഫ് സെക്രട്ടറി ജയതിലകിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ ഉന്നത ഭരണതലത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരളത്തിലെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരായുള്ള ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ അടങ്ങിയ രേഖയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് വര്‍ഷത്തിലധികമായി നടപടിയെടുക്കാതെ കിടക്കുന്നത്. വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍, ഛത്തീസ്ഗഡിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേത് ഉള്‍പ്പെട്ട പീഢന പരാതി, കോടികളുടെ അഴിമതി എന്നിവയ്‌ക്കൊപ്പം ഈ ഉദ്യോഗസ്ഥന്‍ അധികാരം ഉപയോഗിച്ച് കീഴ് ജീവനക്കാരികളെ ലൈംഗിക ചൂഷണം നടത്തി എന്നാണ് അതിജീവിത ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഉദ്യോഗസ്ഥന്റെ ലൈംഗിക വൈകൃതങ്ങള്‍ സഹിക്കാനാവാതെ വിവാഹമോചനം നേടിയ ആദ്യ ഭാര്യ കുട്ടികളുടെ കസ്റ്റഡിക്കായി കുടുംബക്കോടതിയില്‍ നല്‍കിയ പെറ്റീഷനില്‍ ഭര്‍ത്താവ് കൊച്ചു കുട്ടികളെ വരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും ഛത്തീസ്ഗഢില്‍ ഇയാള്‍ക്കെതിരെയുള്ള പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കിയതിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെന്ന് പരാതിക്കാരി പറയുന്നു.

ഈ ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് കീഴ്ജീവനക്കാരായ വനിതാ ഉദ്യോഗസ്ഥരെ നിരന്തരം വേട്ടയാടുന്നെന്നും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടും, സര്‍വ്വീസ് സംഘടനകള്‍ നല്‍കിയ അനവധി പരാതികള്‍ ഉണ്ടായിട്ടും നടപടി ഒന്നും ഉണ്ടായില്ല. ചൂഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് താനെന്നാണ് രണ്ട് വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ പറയുന്നതെന്നാണ് പുറത്തേക്ക് വരുന്ന വിവരം.