പാലക്കാട്: പനയമ്പാടത്ത് 4 വിദ്യാര്‍ഥികളുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നോ എന്നും പരിശോധിക്കും. കാസര്‍കോട് സ്വദേശികള്‍ ആണ് ഡ്രൈവറും ക്ലീനറും. മഹേന്ദ്ര പ്രസാദ് എന്നയാളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍. ഇരുവരും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഇരുവരെയും ചോദ്യം ചെയ്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ വിശദീകരിച്ചു. ഇരുവരുടെയും രക്ത സാംപിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അതിനിടെ റോഡാണ് വില്ലനെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണ്ട സ്ഥലമാണ് ഇത്.

വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും അന്വേഷിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നു. മുന്‍പ് ഇവിടെ അപകടങ്ങള്‍ നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പനയമ്പാടത്തെ സ്ഥിരം അപകട വളവിലാണ് 4 വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഇതിനു പിന്നാലെ നാട്ടകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്ന പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ലോറി ഡ്രൈവര്‍മാര്‍ക്ക് നേരിയ പരിക്കുണ്ട്. വര്‍ഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനര്‍ വര്‍ഗീസിന്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്. അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നാണ് ആര്‍ടിഒ പറയുന്നത് നിര്‍ണ്ണായകമാണ്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്‌നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് ഇവിടെ അപകടം നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ പറയുന്നു.

പാലക്കാട് പനയമ്പാടം സ്ഥിരം അപകട കേന്ദ്രമാണ്. കുട്ടികളുടെ മരണത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. തുടര്‍ അപകടങ്ങള്‍ക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രദേശവാസികള്‍ വാഹനങ്ങള്‍ തടഞ്ഞു. പാലക്കാട് കരിമ്പാ പഞ്ചായത്തിലാണ് പനയമ്പാടം. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞിരുന്നു. 2022 വരെയുള്ള കണക്ക് പ്രകാരം 7 പേര്‍ മരിച്ചു. 65 പേര്‍ക്കു പരുക്കേറ്റു. 2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടക്കെണിയാകും. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 2 സ്‌കൂളുകളും പ്രദേശത്തുണ്ട്. ഇതെല്ലാം നാട്ടുകാരുടെ പ്രതിഷേധത്തിന് ശക്തി കൂട്ടുന്നുണ്ട്. ഈ അപകടത്തോടെ സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ പനയമ്പാടം ഉള്‍പ്പെടെയുള്ള മേഖലകള്‍ സ്ഥിരം അപകടമേഖലയാണെന്ന് എല്ലാവര്‍ക്കും അറിയാം. ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ അപകടം പതിവാണ്. വ്യാഴാഴ്ച അപകടമുണ്ടായ പനയമ്പാടത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍ക്ക് അകലെയാണ് ഒന്നരമാസം മുന്‍പുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍പൊലിഞ്ഞത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് ഒക്ടോബര്‍ 22-ന് രാത്രി അപകടമുണ്ടായത്. കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമായിരുന്നു അന്ന് അപകടം സംഭവിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. സിമന്റ് കയറ്റിവന്ന ലോറി മറ്റൊരുവാഹനത്തിലിടിച്ച ശേഷമാണ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് സമീപവാസികള്‍ പറയുന്നത്. സ്‌കൂളില്‍ നിന്ന് മടങ്ങുകായിരുന്ന വിദ്യാര്‍ഥിനികളുടെ ദേഹത്തേക്കാണ് കൂറ്റന്‍ ചരക്കുലോറി മറിഞ്ഞത്. വിദ്യാര്‍ഥിനികളില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തിന് ശേഷം ലോറിയിലെ ഡ്രൈവറും ക്ലീനറുമെന്ന് കരുതുന്ന രണ്ടുപേര്‍ സമീപത്തെ വീട്ടിലെത്തി ബക്കറ്റിലുണ്ടായിരുന്ന വെള്ളംകുടിച്ച് പോയെന്നും സമീപവാസികളായ സ്ത്രീകള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടത് സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്ന വിവരം മാത്രമാണ് ആദ്യംപുറത്തുവന്നത്. ഇതോടെ സമീപപ്രദേശങ്ങളിലെ മിക്ക വീട്ടുകാരും സംഭവസ്ഥലത്തേക്ക് കുതിച്ചു. അപകടത്തില്‍പ്പെട്ടത് തങ്ങളുടെ കുട്ടികളാണോയെന്ന ആശങ്കയിലാണ് പലരും ഓടിയെത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളെ ലോറിക്കടിയില്‍നിന്ന് പുറത്തെടുത്തെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. അതിനിടെ, ലോറിക്കടിയില്‍ കൂടുതല്‍ കുട്ടികളുണ്ടോയെന്നും സംശയമായി. പിന്നീട് ലോറി ഉയര്‍ത്തിയശേഷമാണ് കൂടുതല്‍പേര്‍ അപകടത്തില്‍പ്പെട്ടില്ലെന്ന് സ്ഥിരീകരിച്ചത്.