- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാഞ്ചഗണി സെന്റ് സേവ്യേഴ്സ് സ്കൂളിന് രജതജൂബിലി തിളക്കം; രണ്ട് ദിവസത്തെ ആഘോഷങ്ങളില്‍ ആത്മീയ-സാമൂഹിക പ്രമുഖര്‍; മലയാളി സംഗമത്തില്‍ ഷാജന്‍ സ്‌കറിയ മുഖ്യപ്രഭാഷകന്‍; മാറ്റുകൂട്ടി മ്യൂസിക്കല്‍ ഡ്രാമയും കരോള്‍ ഗാനങ്ങളും
പാഞ്ചഗണി സെന്റ് സേവ്യേഴ്സ് സ്കൂളിന് രജതജൂബിലി തിളക്കം;
പാഞ്ചഗണി: മഹാരാഷ്ട്രയിലെ പാഞ്ചഗണി സെന്റ് സേവ്യേഴ്സ് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ 20, 21 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളില്‍ ആത്മീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഡിസംബര്‍ 20-ന് വൈകിട്ട് ചായസല്‍ക്കാരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ടോമി കരിയിലക്കുളം സ്വാഗതമാശംസിച്ച ചടങ്ങില്‍ മുന്‍ മുഖ്യാധ്യാപകരായിരുന്ന ബ്ര. ജെത്സ് സി.എം.എസ്.എഫ്, ഫാ. റെജു എം.സി.ബി.എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
വെറും 25 വര്‍ഷം കൊണ്ട് സ്‌കൂള്‍ മഹാരാഷ്ട്രയില്‍ അറിയപ്പെടുന്ന ഒന്നായി മാറിയതിനെ ഫാ. ടോമി അനുസ്മരിച്ചു. സ്‌കൂളിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ഫാ. ടോമിയുടെ കഠിനാധ്വാനത്തെ ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത് പ്രശംസിക്കുകയും പഠനമികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു തോമസ് നന്ദി അറിയിച്ചു.
വൈകിട്ട് സ്‌കൂളിന്റെ ചരിത്രം പ്രതിപാദിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ കുട്ടികള്‍ അവതരിപ്പിച്ചു. മുംബൈയിലെ 'ദ അക്കാഡമി' ഡയറക്ടര്‍ മിസ് മെര്‍ടില്‍ ഷിപ്ലേയാണ് ഡ്രാമ സംവിധാനം ചെയ്തത്. ഒന്നാം ദിവസത്തെ പരിപാടികള്‍ സ്‌നേഹവിരുന്നോടെ അവസാനിച്ചു.
രണ്ടാം ദിവസം രാവിലെ വി. കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. കല്യാണ്‍ രൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന് സ്വീകരണം നല്‍കി. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ 25 ഓളം വൈദികര്‍ പങ്കെടുത്തു.
തുടര്‍ന്ന് 10.30-ന് മുംബൈ, പൂനെ, കൊങ്കണ്‍, സത്താറ മേഖലകളിലെ മലയാളികളെ ഉള്‍പ്പെടുത്തി 'മലയാളി സംഗമം' നടന്നു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. എം.സി.ബി.എസ് പരം പ്രസാദ് പ്രൊവിന്‍ഷ്യല്‍ സൈമണ്‍ ചിറമേല്‍, മിഷന്‍ സുപ്പീരിയര്‍ ഫാ. മോണ്‍സി വടകരപുത്തന്‍പുര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കരാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പാഞ്ചഗണി സെന്റ് അല്‍ഫോന്‍സ കുര്‍ബാന സെന്റര്‍ എന്നിവിടങ്ങളിലെ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കൊങ്കണ്‍ മലയാളി ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.എം മോഹന്‍, സാം വര്‍ഗീസ് ഓതറ, കൊങ്കണ്‍ യാത്രാവേദി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, കെ.വൈ. സുധീര്‍, നാഗത്താണ, എം.വി. പരമേശ്വരന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പുനെ, രമേഷ് ശിവരാമന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പുനെ, രാധാകൃഷ്ണന്‍, കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുന, ഓസ്‌കാര്‍ ജോസ്, വാഘോളി മലയാളി സമാജം പുന തുടങ്ങിയ പ്രമുഖ മലയളികള്‍ പരിപാടിയില്‍ പങ്കെടുത്തു.ഫാ. ടോമി കരിയിലക്കുളം നന്ദി അറിയിച്ചു. ഉച്ചഭക്ഷണത്തോടെ രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ സമാപിച്ചു.




