കുളനട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും മാർക്കറ്റുകളിൽ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന ആരോപണം ബലപ്പെടുന്നു. തുടർച്ചയായ ദിവസങ്ങളിലാണ് രണ്ടിടത്തും തീപിടുത്തമുണ്ടായത്. പന്തളത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള മത്സ്യമാർക്കറ്റിലെ പ്ലാന്റിനോട് ചേർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തീ പിടിച്ചത്. സമാന രീതിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കുളനട പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള മത്സ്യ മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മാലിന്യ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു.

കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ആണ് തീ പിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലം എംഎ‍ൽഎ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോർജ് ഫയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു. അടൂർ നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റ് കൂടി എത്തിയാണ് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയം ആക്കിയത്. ജെ.സി.ബി എത്തിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചികഞ്ഞ് മാറ്റി ആണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. അതേ സമയം മത്സ്യ മാർക്കറ്റിലെ തീപിടുത്തം അട്ടിമറി ആണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ പറഞ്ഞു.

മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള പദ്ധതി പ്രകാരം മാർക്കറ്റിൽ നിന്നും ആലപ്പുഴയിലേക്ക് മാറ്റി മിനിറ്റുകൾക്കകം തീപിടുത്തം ഉണ്ടായത് സംശയാസ്പദമാണെന്നും സംഭവത്തിൽ അട്ടിമറിയുണ്ടെന്നും ഉദ്യോഗസ്ഥരും വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയായി മത്സ്യ മാർക്കറ്റിന്റെ തെക്കുവശം പ്ലാന്റിന്റെ അരികിൽ മാലിന്യങ്ങൾ തരംതിരിക്കുന്ന ജോലി പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ലോഡ് മാലിന്യം ഇവിടെ നിന്നും പുറപ്പെട്ടിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇവിടെ നിന്നും ലോഡ് പുറപ്പെട്ടിരുന്നുവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പറഞ്ഞു. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും ഉണ്ടായ തീപിടുത്തം അട്ടിമറിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ജില്ലാ പ്രസിഡന്റ് അഡ്വ. വി എസ്. സൂരജ് പറഞ്ഞു.

ബിജെപി ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റിയുടെ കെടുകാര്യസ്ഥത മൂലം മാലിന്യ സംസ്‌കരണം ഉചിതമായ രീതിയിൽ നടത്തുന്നില്ലെന്ന് സിപിഎം ആരോപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്താണ് വയ്ക്കുന്നത് ഇതുകൂടാതെ സർക്കാർ സ്ഥാപനമായ കൃഷിഭവനിലും പാണിൽ സ്ഥിതിചെയ്യുന്ന കമ്യൂണിറ്റി സെന്ററിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ചിട്ടുണ്ട്. ഇതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ സമരം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിന്റെ നിഷേധാത്മകമായ സമീപനമാണ് തീപിടുത്തത്തിന് കാരണം.

മത്സ്യഫെഡ് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ബിൽഡിങ്ങ്സിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതും വൻ തീപിടുത്തത്തിന് സാഹചര്യം ഉണ്ടാക്കി. ഇതിന് സമീപത്തായി അനേകം വീടുകൾ ഉള്ളതാണ് ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത പഞ്ചായത്തിന്റെ നെറികേട് അവസാനിപ്പിക്കണം. മാലിന്യ സംസ്‌കരണത്തിലെ പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പൻ പറഞ്ഞു.