- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പാലത്തുകാരൻ സ്റ്റീഫൻ ദേവസി വരുമ്പോൾ വരാം; പത്തനംതിട്ടക്കാരൻ പന്തളം ബാലൻ വരുമ്പോൾ വരാത്തത് ശരിയല്ല; അപ്പോൾ എന്റെ കുലമാണ് പ്രശ്നം; ജാതിയാണ് പ്രശ്നം... മതമാണ് പ്രശ്നം; പേരിന് പിന്നിൽ വാലില്ലാത്തതാണ് പ്രശ്നം: സർക്കാരിന്റെ പരിപാടിക്കിടെ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ ഗായകൻ പന്തളം ബാലൻ
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന വേദിയിൽ ജില്ലാ കലക്ടർക്കെതിരേ ആഞ്ഞടിച്ച് ഗായകൻ പന്തളം ബാലൻ. ഗാനമേളയ്ക്ക് കലക്ടർ വരാതിരുന്നതിന്റെ പേരിലായിരുന്നു പാടുന്നതിനിടെ പന്തളം ബാലൻ തുറന്നു പറച്ചിൽ നടത്തിയത്.
ഹരിമുരളീരവം പാടി അവസാനിപ്പിച്ചതിന് ശേഷം നടത്തിയ ലഘു പ്രസംഗത്തിൽ ബാലൻ വികാരാധീനനായി. ഞാൻ ആലോചിക്കുകയായിരുന്നു കലക്ടർ പന്തളം ബാലന്റെ ഗാനമേളയായതു കൊണ്ടാണോ ഈ വഴിക്ക് വരാത്തത് എന്ന് ഞാനി്ങ്ങനെ ചോദിക്കുകയായിരുന്നു. ബാക്കി പരിപാടിക്കൊക്കെ വന്നിരുന്നു. എന്താണ് പ്രശ്നം? പന്തളം ബാലന്റെ നിറമാണോ പ്രശ്നം മതമാണോ പ്രശ്നം? ജാതിയാണോ പ്രശ്നം? കുലമാണോ പ്രശ്നം. അങ്ങനെ ഒരു കലാകാരനെയും ഇകഴ്‌ത്തിക്കാണിക്കാൻ പാടില്ല.
എന്റെ വ്യക്തിപരമായ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഒരു കലാകാരനോടും ചെയ്യാൻ പാടില്ല. എത്ര വലിയ കലക്ടർ ആയാലും ശരി കലാകാരനാണ് മുന്നിൽ. കലാകാരനാണ് സമൂഹത്തിന്റെ സ്വത്ത്. കലാകാരന്റെ പ്രതിബദ്ധതയാണ് സമൂഹത്തോടുള്ളത്. അവനിൽ കൂടിയാണ്, കെപിഎസി പോലെയുള്ള നാടകട്രൂപ്പുകളിൽ കൂടിയാണ് ആശയങ്ങൾ സമൂഹത്തിന് മുന്നിലെത്തിയത്. സംശയമില്ലാത്ത കാര്യമാണ്. എന്റെ ചോദ്യമാണിത്. മറ്റുള്ള പരിപാടികളിൽ ഞാൻ കലക്ടറെ കണ്ടിരുന്നു. ഇപ്പോൾ എന്തു കൊണ്ടു വന്നില്ല.
ഞാൻ ഈ ജില്ലക്കാരനല്ലേ? പത്തനംതിട്ട ജില്ലക്കാരനാണ് ഞാൻ. സ്റ്റീഫൻ ദേവസി ഒറ്റപ്പാലത്തുകാരനാണ്. പന്തളം ബാലൻ പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. എന്താണ് പ്രശ്നം? എന്റെ നിറമാണ് പ്രശ്നം, മതമാണ് പ്രശ്നം, എന്റെ ജാതിയാണ് പ്രശ്നം. എന്താ എനിക്ക് വാലില്ല. എന്നെ അംഗീകരിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരുണ്ട് കേരളത്തിൽ.എനിക്ക് അതു മതി. ഇത് എന്റെ പ്രതിഷേധമാണ്.
എന്റെ കേരളം പ്രദർശന മേളയിൽ സ്റ്റീഫൻ ദേവസിയുടെ പരിപാടിയിൽ മാത്രമാണ് പങ്കെടുത്തത് എന്ന് കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്റ്റീഫൻ അടുത്ത സുഹൃത്താണ്. അതു കൊണ്ടാണ് വന്നതെന്നും കലക്ടർ പറഞ്ഞു. സ്റ്റീഫനൊപ്പം കലക്ടർ വേദിയിൽ പാടുകയും ചെയ്തിരുന്നു. ഉദ്ഘാടന ദിവസം ഗായിക മഞ്ജരിക്കൊപ്പവും കലക്ടർ വേദിയിലുണ്ടായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്