പന്തളം: എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എബിവിപി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി സുധി സദൻ, കൊട്ടാരക്കര സ്വദേശിയായ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ സുധി സദനെ ഗവർണർ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി നാമനിർദ്ദേശം ചെയ്തിരുന്നതാണ്. പ്രതിപ്പട്ടികയിലോ മർദനമേറ്റവരുടെ മൊഴിയിലോ പേരില്ലാതിരുന്നവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. സുധി 12-ാം പ്രതിയും വിഷ്ണു 13-ാം പ്രതിയുമാണ്. ഗവർണർ-സർക്കാർ പോരിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പ്രതി ചേർത്ത് എന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്തു വന്നു.

ഡിസംബർ 21 ന് ഉച്ചയ്ക്കാണ് ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് കോളജിൽ സംഘട്ടനം നടന്നത്. ചെയർമാൻ ഉൾപ്പെടെ ഏഴുപേർക്കാണ് പരുക്കേറ്റത്. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ വൈഷ്ണവ് (20), യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായ വിവേക് (20), അനന്തു (21), യദുകൃഷണൻ (20),സൂരജ് (19),ഹരികൃഷ്ണൻ (21),അനു എസ് കുട്ടൻ (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ യദുകൃഷ്ണൻ ഭിന്നശേഷിക്കാരനാണ്. ഇതുമായി ബന്ധപ്പെട്ട് 11 പേരെയും കണ്ടാലറിയാവുന്നവരെയും സഹിതം 20 പേരെയാണ് പ്രതിയാക്കി കേസെടുത്തത്. ആദ്യത്തെ എഫ്ഐആറിലും മർദനമേറ്റവരുടെ മൊഴിയിലും ഇരുവരുടെയും പേര് പരാമർശിച്ചിരുന്നില്ലെന്ന് പറയുന്നു. എന്നാൽ, കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിൽ ഇവരുണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

സുധിയും വിഷ്ണുവും കോളജിലെ എബിവിപിയുടെ പ്രമുഖ നേതാക്കളാണ്. ഇവരെ എല്ലാവർക്കും നന്നായി അറിയുകയും ചെയ്യാം. അങ്ങനെയുള്ളവരെ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്ന ഒറ്റക്കാരണം കൊണ്ട് സുധിയെ കേസിൽ പ്രതിയാക്കി ഗവർണർക്കെതിരേ ആയുധമാക്കാനാണ് നീക്കമെന്ന് പറയുന്നു.

ഗവർണർ എസ്എഫ്ഐ പോരിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് കോളജിൽ എസ്എഫ്ഐഎബിവിപി സംഘർഷം രൂക്ഷമായിരുന്നു. കോളജിന് മുന്നിൽ എസ്എഫ്ഐ ബാനർ ഉയർത്തി. ഇതിന് പിന്നാലെ എബിവിപി ഗവർണറെ അനുകൂലിച്ച് എബിവിപിയും ബാനർ ഉയർത്തി. എസ്എഫ്ഐ ഉയർത്തിയ ബാനറിലെ അക്ഷരത്തെറ്റ് നിരവധി ട്രോളുകൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെ ടൗണിലെ ആർഎസ്എസ് കാര്യാലയം അടിച്ചു തകർക്കുകയും ചെയ്തു. ഏഴംകുളത്ത് ശ്രീനാഥ് എന്ന എബിവിപി പ്രവർത്തകന്റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ മർദിക്കുകയും ചെയ്തു.