- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കോൽ പ്യൂണിന്റെ കൈയിൽ; പണയം വച്ച സ്വർണം ലോക്കറിൽ നിന്നെടുത്ത് മറ്റൊരു ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടി; വിവരം പുറത്തായപ്പോൾ പണയ സ്വർണം തിരികെ എടുത്ത് ബാങ്ക് ലോക്കറിൽ കൊണ്ടു വയ്ക്കാൻ എത്തിയത് അർധരാത്രിയിൽ; സിസിടിവി ദൃശ്യങ്ങൾ തെളിവായി; പന്തളം സർവീസ് സഹകരണ ബാങ്കിൽ സിപിഎം വെട്ടിലാകുമ്പോൾ
പന്തളം: സർവീസ് സഹകരണ ബാങ്കിൽ പണയ സ്വർണമെടുത്ത് മറ്റൊരു ബാങ്കിൽ പണയം വച്ച് ജീവനക്കാരൻ ലക്ഷങ്ങൾ തട്ടിയെന്ന് ആരോപണം. പണയ സ്വർണം തിരികെ വയ്ക്കാൻ അർധരാത്രി ജീവനക്കാരൻ ബാങ്കിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ബാങ്ക് ഭരണ സമിതിയും സിപിഎം നേതൃത്വവും വെട്ടിലായി. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാതിരിക്കാൻ ബിജെപി ബാങ്കിന് മുന്നിൽ രാപകൽ സമരം തുടങ്ങി.
പന്തളം സർവീസ് സഹകരണ ബാങ്കിലെ പ്യൂൺ അർജുൻ പ്രമോദാണ് തട്ടിപ്പ് നടത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സഹിതം തട്ടിപ്പ് പുറത്തായിട്ടും പൊലീസിൽ പരാതി നൽകാൻ ബാങ്ക് സെക്രട്ടറി തയാറായിട്ടില്ല. അടുത്തിടെ പരിഷ്‌കരിച്ച സഹകരണ നിയമ പ്രകാരം ഇത്തരം സന്ദർഭങ്ങളിൽ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകണമെന്നാണ്. അല്ലാത്ത പക്ഷം സെക്രട്ടറിക്കെതിരേ പൊലീസിന് കേസെടുക്കാൻ കഴിയും.
സിപിഎം മുൻ ഏരിയാ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ.കെ.ആർ. പ്രമോദ്കുമാറിന്റെ മകനാണ് ആരോപണ വിധേയനായ അർജുൻ. പാർട്ടി നടപടി നേരിട്ടിട്ടുള്ള പ്രമോദ് വീണ്ടും താഴേത്തട്ടിൽ നിന്ന് സജീവമായി പാർട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബാങ്കിലെ പ്യൂൺ ആയിട്ടാണ് അർജുൻ ജോലിക്ക് കയറിയിട്ടുള്ളത്. പ്യൂണിന് ഒരിക്കലും ലോക്കർ കൈകാര്യം ചെയ്യാനുള്ള അധികാരമില്ല. ബാങ്കിലെ ക്ലാർക്കിന് മാത്രമാണ് ഇതിനുള്ള ചുമതല. ഇവിടെ അർജുൻ ലോക്കർ റൂം തുറക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ എന്ന് പറയുന്നു.
സഹകണ ബാങ്കിൽ ഇടപാടുകാർ പണയം വച്ച 70 പവനോളം സ്വർണാഭരണങ്ങൾ ലോക്കറിൽ നിന്ന് എടുത്ത് ഇയാൾ മറ്റ് ബാങ്കുകളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്. പണയം തിരികെ എടുക്കാൻ ഇടപാടുകാരിൽ ചിലർ എത്തിയപ്പോൾ ഉരുപ്പടി ഇവിടെ ഉണ്ടായിരുന്നില്ല. ഇതാണ് തട്ടിപ്പ് പുറത്തു വരാൻ കാരണമായത്.
ഇങ്ങനെ തട്ടിപ്പ് നടത്തി കിട്ടിയ പണം ഉപയോഗിച്ച് അർജുൻ ലോറികളും ജെസിബിയും വാങ്ങിയെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആരോപിക്കുന്നു. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത് ബിജെപിയാണ്. പിന്നാലെ കോൺഗ്രസും എത്തി. ഞായറാഴ്ച പകൽ ബാങ്കിന് മുന്നിൽ സമര പരമ്പര തുടങ്ങി. ബിജെപി പന്തളം മണ്ഡലം, മുനിസിപ്പൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം തുടങ്ങി. ബാങ്കിന് രാത്രി കാവൽ ഏർപ്പെടുത്തി സമരവും തുടർന്നു.
തട്ടിപ്പ് പുറത്തു വന്നിട്ടും ഇതുവരെ പരാതി നൽകാൻ ഭരണസമിതി തയാറായിട്ടില്ല എന്നത് സിപിഎം ബാങ്ക് ഭരണസമിതിയുടെ പൂർണ്ണ പിന്തുയോടെയാണ് തട്ടിപ്പെന്നതിന് തെളിവാണെന്ന് ബിജെപി ആരോപിച്ചു. യഥാർഥ ഉടമകൾ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ 70 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ അർജുൻ സ്വർണം എടുത്തുകൊണ്ട് പോകുന്നതും ഉണ്ട്.
തട്ടിപ്പ് പുറത്തായതോടെ ശനിയാഴ്ച രാത്രി ബാങ്ക് ജീവനക്കാരെ മുഴുവൻ വിളിച്ചു വരുത്തിയ ശേഷം അർജുന്റെ ബന്ധുക്കളുടെ കൈയിൽ നിന്ന് 35 പവൻ സ്വർണം പകരമായി ബാങ്കിൽ വയ്പിച്ചു. തിങ്കളാഴ്ച ബാക്കി സ്വർണം നൽകാമെന്ന് ധാരണയുണ്ടാക്കിയെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
അർജുൻ പ്രമോദ് ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം മറ്റൊരു ബാങ്കിൽ പണയം വച്ചിരിക്കുന്നത് പൊലീസ് തൊണ്ടിമുതലായി കണ്ടുകെട്ടുകയും ബാങ്ക് കൊള്ളയ്ക്ക് അർജുനെയും, കൂട്ടാളികളായ പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ജന:സെക്രട്ടറി അഡ്വ: നന്ദകുമാർ, മുൻസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത്, സംസഥാന കൗൺസിൽ അംഗം പ്രതീപ് കൊട്ടേത്ത്, സീനഎന്നിവർ ആവശ്യപ്പെട്ടു.
അതിനിടെ വിചിത്രമായ വിശദീകരണവുമായി സിപിഎം നേതാവും ബാങ്ക് പ്രസിഡന്റുമായ ഇ. ഫസിൽ രംഗത്ത് വന്നു. ബാങ്കിനെതിരെ നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഫസിൽ പറഞ്ഞു. രാത്രിയിൽ ബാങ്കിലെ സിസിടിവിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് അർദ്ധരാത്രിയിൽ ബാങ്ക് തുറന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്