കണ്ണൂർ: പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർക്കും, മുസ്ലിം ലീഗ് നേതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലംമാറ്റി. പാനൂർ നഗരസഭാ ചെയർമാനെ ഇ.ഡിയെക്കൊണ്ടു ചവുട്ടിക്കൂട്ടി ഉത്തർപ്രദേശിൽ കൊണ്ടുപോയിടുന്നത് ഉൾപ്പെടെയുള്ള വിവാദഫോൺ സന്ദേശം സോഷ്യൽ മീഡിയിയൽ പ്രചരിച്ചതിനെ തുടർന്ന് പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിനെയാണ് സ്ഥലം മാറ്റിയത്.

ചെയർമാനെയും മുസ്ലിം ലീഗ് നേതാക്കളെയും അധിക്ഷേപിക്കുന്ന ശബ്ദം സന്ദേശം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേന്ദ്രമന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്വിയുടെ കസേര തെറിപ്പിച്ചത് താനാണെന്ന് സെക്രട്ടറി നേരത്തെ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനുമായി നടത്തിയ ഫോൺ സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു. സൗദിയിലെ കേയി റൂബാത്തിന്റെ ആറായിരം കോടി കേയിമാർക്ക് നൽകാൻ നഖ്വി ആയിരംകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഇതറിഞ്ഞ താൻ ഇടപെട്ടാണ് നഖ്വിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് എനിക്കൊന്നുമല്ല, പിന്നെയല്ലേ നിന്റെ നാസർ മാഷും ബാഫഖി തങ്ങളുമെന്ന പരാമർശവും ശബ്ദ സന്ദേശത്തിലുണ്ട്.

'ഇസ്ലാമിക് ബ്രദർ ഹുഡ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പേരും ശബ്ദസന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്. നഗരസഭാ ചെയർമാന് രണ്ടു മുഖമാണെങ്കിൽ എനിക്ക് രാവണനപ്പോലെ പത്തുതലയാണ്. എനിക്ക് പലരെയും സംരക്ഷിക്കണം. അടങ്ങിയൊതുങ്ങി നിന്നാൽ ചെയർമാന് കൊള്ളാംട'-നഗസഭാ സെക്രട്ടറിയുടെ എട്ടുമിനുറ്റും പതിനാലു സെക്കൻഡും നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം ശ്രവിക്കുന്ന നഗരസഭാ ജീവനക്കാരനായ അശോകനോട,് അശോകൻ ഒന്നുമറിയില്ലെന്നും ഇദ്ദേഹം ആവർത്തിക്കുന്നുണ്ട്.

സെക്രട്ടറി പറയുന്ന അപകീർത്തികരമായ പരാമർശങ്ങളെ ചെറുക്കാൻ ജീവനക്കാരൻ നടത്തുന്ന ശ്രമങ്ങളും ശബ്ദ സന്ദേശത്തിൽ തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇതിനിടെ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട അജ്ഞാതനായ കൗൺസിലർക്കെതിരെ നടപടി വേണമെന്ന് വെള്ളിയാഴ്‌ച്ച രാവിലെ നടന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

കൗൺസിലറും സി പി എം നേതാവുമായ കെ.കെ സുധീർ കുമാറാണ് നിശിതമായ വിമർശനം ഉന്നയിച്ചത്. പാനൂർ നഗരസഭയിലെ ജീവനക്കാരനായ അശോകന്റെ ഫോൺ കൈക്കലാക്കിയ കൗൺസിലറാണ് ഓഡി/a സന്ദേശം പുറത്ത് വിട്ടത്. സെക്രട്ടറിക്കൊപ്പം തന്നെ കുറ്റക്കാരനാണ് ഈ ഉദ്യോഗസ്ഥനെന്നും ഇയാൾക്കെതിരെയും നടപടി വേണമെന്ന് കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.എം ടി കെ ബാബു, ദാസൻ മാസ്റ്റർ, പി.കെ പ്രവീൺ, എന്നിവരും സംസാരിച്ചു.

ന്യൂനപക്ഷങ്ങൾക്കെതിരെ അധിക്ഷേപവും അസഭ്യം വർഷവും നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ കേസെടുക്കുകയും തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും വേണമെന്ന് എസ്. ഡി.പി. ഐ കൂത്തുപറമ്പ് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പുതല അന്വേഷണത്തിനു പുറമേ പൊലിസ് അന്വേഷണം നടത്തി തക്കതായ ശിക്ഷ ഉറപ്പാക്കണം.തന്നെ വിമർശിക്കുന്നവരെ ഇ.ഡിയെ കൊണ്ടു യു.പി ജയിലിൽ അടപ്പിക്കുമെന്ന ഭീഷണിയും നിസാരമായി കാണാനാവില്ല. സെക്രട്ടറിക്കെതിരെ പൊലിസ് നടപടിയെടുക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പുനൽകി.