- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പരാതിക്കാരി
കോഴിക്കോട്: പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി പൊലീസ് വിട്ടയച്ചു. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴായിരുന്നു വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന യുവതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു. വീട്ടുകാർക്കൊപ്പം പോകില്ലെന്നും ഡൽഹിയിലേക്ക് തിരിച്ചുപോകുന്നുവെന്നും യുവതി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വച്ച് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
ഏതാനും ദിവസം മുമ്പ് പന്തീരങ്കാവ് കേസിൽ ട്വിസ്റ്റുണ്ടാവുകയും യുവതി സ്വന്തം കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ഭർത്താവിനും ഭർതൃകുടുംബത്തിനും പൊലീസിനുമെതിരെ പരാതിയുന്നയിക്കുകയും രഹസ്യമൊഴിയുൾപ്പെടെ നൽകുകയും ചെയ്ത യുവതി പിന്നീട് മലക്കംമറിയുകയായിരുന്നു. കുറ്റബോധം കൊണ്ടാണ് ഇപ്പോൾ സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ രംഗത്തെത്തിയത്.
വീട്ടുകാരുടെ സമ്മർദം മൂലമാണ് താൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞതെന്നും പ്രശനം വഷളാക്കിയത് ബന്ധുക്കളാണെന്നും ഭർത്താവ് രാഹുലിന്റെ ഭാഗത്തുനിന്നും സ്ത്രീധനം സംബന്ധിച്ച ചർച്ചകളുണ്ടായിട്ടില്ലെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് പരാതിയില്ലെന്ന് പന്തീരങ്കാവ് പൊലീസിനോട് പറഞ്ഞതാണെന്നും രാഹുലിന്റെ കൂടെ പോകണമെന്നാണ് താൻ നിലപാടെടുത്തതെന്നും എന്നാൽ അച്ഛന്റെ സമ്മർദം മൂലമാണ് കുടുംബത്തോടൊപ്പം പോയതെന്നും യുവതി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ വീട്ടുകാർ യുവതിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. ഇതേ തുടർന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വഷണം നടന്നുവരവെ വീണ്ടും യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തിയ യുവതി, തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും വീട്ടിലെ സമ്മർദം മൂലമാണ് മാറിനിൽക്കുന്നതെന്നും വ്യക്തമാക്കി.
താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. തന്റെ ബന്ധുക്കൾ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിന്റെ അല്ല.
കയ്യിൽ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞിരുന്നു.
എന്നാൽ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിനിടെ യുവതി ഡൽഹിയിൽ ഉണ്ടെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രാവിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് കൊച്ചിയിലേക്ക് വരുന്ന കാര്യം അറിഞ്ഞതും നെടുമ്പാശേരിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.