കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിന് നേരിടേണ്ടി വന്നത് ഭർത്താവിന്റെ ക്രൂരമർദനം. പന്തീരാകാവ് ഗാർഹിക പീഡനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരികായണ്. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർത്തൃവീട്ടിൽ മർദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കിയെന്നും ക്രൂരമായി മർദിച്ചെന്നും യുവതി പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതി പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം അഞ്ചിനാണ് പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുൽ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് നടന്നത്. രാഹുൽ ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.

തന്റെ മകളെ ക്രൂരമായി മർദിച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഗാർഹികപീഡനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ ക്രൂരമായി മർദിച്ചതിൽ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.

വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മർദിച്ച നിലയിൽ കണ്ടത്. തുടർന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുൽ പി. ഗോപാലി(29)ന്റെപേരിൽ ഗാർഹികപീഡനത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് വിവാഹാലോചന വന്നതെന്നാണ് യുവതി പറയുന്നത്. ഒരിക്കൽ ആലോചന വന്ന് ചില കാരണങ്ങളാൽ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടർന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പരുകൾ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു. "മൊബൈൽ ഫോൺ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച് ഇടിച്ചു. ഇപ്പോൾ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോൾ ബോധം പോവുകയും മൂക്കിൽനിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭർത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭർത്താവിന്റെ സുഹൃത്തും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു" യുവതി പറഞ്ഞു.

അടുക്കളകാണലിനെത്തിയ ബന്ധുക്കൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ചപാടുകൾ കണ്ടതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം കുളിമുറിയിൽ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാർ കൂടുതൽ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടൻതന്നെ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.