- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പെൺകുട്ടി സംസ്ഥാനം വിട്ടു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ്. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണ്. അതേ സമയം പാസ്‌പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്‌സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്‌ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വീഡിയോ റെക്കോഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്‌ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറയുന്നു. മകളെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും പുതിയ വീഡിയോയിൽ യുവതി വെളിപ്പെടുത്തി. സമ്മർദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നത്.
താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. തന്റെ ബന്ധുക്കൾ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിന്റെ അല്ല.
കയ്യിൽ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞു. കേസിൽ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോൾ യുവതി പുറത്തുവിട്ടിരിക്കുന്നത്.
യുവതി തനിക്ക് രാഹുലിനോടുള്ള അടുപ്പം സൂചിപ്പിച്ച് കൊണ്ട് ആദ്യ വീഡിയോയിൽ പറഞ്ഞ വാക്കുകൾ നോക്കാം:
'സത്യം എന്താണെന്ന് അറിഞ്ഞില്ലെങ്കിൽ ഞാനിങ്ങനെ കുറ്റബോധം പേറി ജീവിക്കേണ്ടി വരും. എന്തായാലും എനിക്ക് പറഞ്ഞേ പറ്റു...കുറച്ചുനാളായി പൊലീസിന്റെയും മീഡിയയുടെയും മുന്നിൽ കുറെയധികം നുണകൾ പറയേണ്ടിവന്നു. ഒരു പാട് പശ്ചാത്തപിക്കുന്നു. അത്രയും ഇഷ്ടപ്പെട്ട, സ്‌നേഹിച്ച അത്രയും നല്ലരീതിയിൽ ട്രീറ്റ് ചെയ്ത എന്റെ ഹസ്ബൻഡ് രാഹുലേട്ടനെ കുറിച്ച് അത്രയും മോശമായി പറയേണ്ടി വന്നതിൽ റിഗ്രറ്റ് ചെയ്യുന്നു. ആവശ്യമില്ലാത്ത കുറെ തെറ്റായ ആരോപണങ്ങൾ രാഹുലിന്റെ തലയിൽ വച്ചുകൊടുക്കുകയായിരുന്നു. എന്റെ മാത്രം തെറ്റ്. ...എനിക്ക് നുണ പറയാൻ ഒട്ടും താൽപര്യമില്ല. വീട്ടുകാരുടെ സൈഡിൽ നിന്നുണ്ടായ സപ്പോർട്ടില്ലായ്മ, എന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പറഞ്ഞു ഡൗറി( സ്ത്രീധനം) പറയണമെന്ന് പറഞ്ഞു, ഡൗറി പറഞ്ഞിട്ടാണ് മർദ്ദിച്ചതെന്ന് പറയണമെന്ന് പറഞ്ഞു. അതുപോലെ തന്നെ ബെൽറ്റ് വച്ച് അടിച്ചതും, ചാർജറിന്റെ കേബിൾ വച്ച് കഴുത്ത് മുറുക്കിയെന്ന് പറഞ്ഞതും, തെറ്റായ ആരോപണങ്ങൾ ആയിരുന്നു.
പലപ്പോഴും, എനിക്ക് ആ സമയത്ത് സപ്പോർട്ട് ഉണ്ടായിരുന്നില്ല. എന്തുപറയണം, ആരുടെ കൂടെ നിൽക്കണം. ഭയങ്കര കൺഫ്യുസ്ഡായിരുന്നു ഞാൻ. ഭയങ്കര ഷോക്ക്ഡ് ആയിരുന്നു. അന്ന് പേരന്റ്‌സിന്റെ കൂടെ നിന്നിട്ട് അങ്ങനെയാണ് ചെയ്യാൻ തോന്നിയത്. ഒരുപാട് രീതിയിൽ ബ്രെയിൻ വാഷ് ചെയ്തു. ലൈക്ക്, സ്യൂയിസൈഡ് ചെയ്യുമെന്ന് പോലും പറഞ്ഞു. അങ്ങനെ കേട്ടപ്പോഴേക്കും ഞാൻ ഒരുപാട് പേടിച്ചുപോയി. എനിക്ക് ആ സമയത്ത് അവരുടെ കൂടെ നിൽക്കണമെന്ന് തോന്നി. അതുകൊണ്ട് മനസ്സില്ലാ മനസ്സോടെ ആ സമയത്ത് മീഡിയാസിന്റെ മുന്നിൽ വന്നിട്ട് രാഹുലേട്ടനെ കുറിച്ച് ആവശ്യമില്ലാത്ത കുറേ നുണകൾ പറയേണ്ടി വന്നു. അറിയില്ല...ഒരു പാട് റിഗ്രറ്റ് ചെയ്യുന്നു...മിസ് ചെയ്യുന്നു രാഹുലേട്ടനെ'
'ഞാൻ പറഞ്ഞതെല്ലാം നുണകളാണ്. അതിൽ കുറ്റബോധം തോന്നുന്നു. രാഹുൽ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം ഞാനാണ് വീട്ടിൽ അറിയിക്കാതിരുന്നത്".
വിവാഹമോചനം ലഭിക്കാത്തതിനാൽ വിവാഹം നടത്തേണ്ട എന്ന് രാഹുൽ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താൻ നിർബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുൽ തന്നെയാണ്. രാഹുൽ തന്നെ മർദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കത്തെ തുടർന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടർന്ന് താൻ കരഞ്ഞ് ബാത്ത്റൂമിൽ പോയപ്പോൾ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.
ഇക്കാര്യം ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടിൽ പരിചയപ്പെട്ട ഒരാളുടെ ഫോൺ കോളുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തർക്കം ഉണ്ടായത്. കേസിന് ബലം കിട്ടാൻ വേണ്ടിയാണ് വക്കീൽ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്.
രാഹുലിന്റെ വീട്ടിൽ നിന്ന് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന്റെ കൂടെ പോയാൽ രക്ഷിതാക്കൾ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.