- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തീരാങ്കാവ് കേസിൽ യുവതി അന്ന് പറഞ്ഞതും ഇന്നുപറയുന്നതും
കോഴിക്കോട്: മെയ് 5 ന് വിവാഹം. മെയ് 14 ന് ഭർത്താവ് തന്നെ കഴുത്തിൽ വയർ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് ഭാര്യയുടെ ആരോപണം. മാധ്യമങ്ങൾക്ക് മുന്നിൽ യുവതി ഇത് തുറന്നടിച്ചതോടെയാണ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന്റെ ആരംഭം. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽവച്ചാണ് നടന്നത്.
രാഹുലിനെതിരെ കൊലപാതകശ്രമം ഉൾപ്പെടെ ആരോപിച്ച യുവതി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും ആരോപിച്ചിരുന്നു. ക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് മാധ്യമങ്ങളോട് അന്ന് 'വെളിപ്പെടുത്തിയ' യുവതി 'താൻ നേരിട്ട ക്രൂരതകൾ' അന്ന വിവരിച്ചിരുന്നു. എന്നാൽ, യുവതി ഇന്ന് പുറത്തുവിട്ട വീഡിയോയിൽ എല്ലാം ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും തനിക്ക് അതിൽ കുറ്റബോധം ഉണ്ടെന്നുമാണ് വിശദീകരിച്ചത്.
'വിവാഹമോചനം ലഭിക്കാത്തതിനാൽ വിവാഹം നടത്തേണ്ട എന്ന് രാഹുൽ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താൻ നിർബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുൽ തന്നെയാണ്. രാഹുൽ തന്നെ മർദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കത്തെ തുടർന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടർന്ന് താൻ കരഞ്ഞ് ബാത്ത്റൂമിൽ പോയപ്പോൾ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.
യുവതി നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ
'മർദനം നടക്കുന്നത് രാത്രിയിലാണ്. രാവിലെ രാഹുലും അമ്മയും ചേർന്ന് വാതിൽ അടച്ച് എന്തൊക്കെയോ ചർച്ചകൾ നടത്തിയിരുന്നു. അത് എന്താണെന്ന് ചോദിച്ച എന്നോട് നീ അറിയേണ്ട എന്നാണ് രാഹുൽ പറഞ്ഞത്. മർദിക്കുന്ന സമയത്ത് രാഹുൽ മദ്യപിച്ചിരുന്നു. 'ബാക്കി സ്വർണം എപ്പോൾ കിട്ടും, എന്റെ കാറെവിടെ, സ്ത്രീധനം കുറഞ്ഞു പോയി ഇതിൽ കൂടുതൽ ലഭിക്കാൻ അർഹനാണ് ഞാൻ' എന്നെല്ലാം പറഞ്ഞാണ് തർക്കം തുടങ്ങുന്നത്. അതാണ് മർദനത്തിലേക്കെത്തിയത്.'
കരണത്തടിയേറ്റ് താൻ ബെഡിൽ വീണു, പിന്നീട് തലയുടെ ഇടതു ഭാഗത്തും വലതുഭാഗത്തും മുഷ്ടി ചുരുട്ടി ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിളെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു, കുനിച്ച് നിർത്തി പുറത്തിടിച്ചു. കഴുത്തിലും ചുണ്ടിലും നഖം വച്ചമർത്തി, ഡോർ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വസ്ത്രത്തിൽ പിടിച്ച് വലിച്ച് ബെഡിലേക്കിട്ട് ബെൽറ്റ് വച്ച് അടിച്ചു. ചെവിയുടെ ഭാഗത്തേറ്റ അടിയിൽ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു. അതോടെ എന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു.'
മർദിക്കുന്ന സമയത്ത് ആരോ വീട്ടിലെ സ്റ്റെയർ കയറി വരുന്ന ശബ്ദം കേട്ടിരുന്നു. അന്നേരം മിണ്ടാതിരിക്കാൻ പറഞ്ഞ് രാഹുൽ ആക്രോശിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷ് അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. അലമുറയിട്ട് കരഞ്ഞിട്ടും ആരും വന്നില്ല. വിവാഹ ശേഷം ഞാൻ എന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല. അത് രാഹുലിന്റെ കയ്യിലായിരുന്നു.'
'അടുക്കള കാണലിന് വീട്ടിൽനിന്ന് ബന്ധുക്കൾ വന്നപ്പോഴാണ് എന്റെ അവസ്ഥ അവർക്ക് മനസ്സിലായത്. കുളിമുറിയിൽ വീണെന്നാണ് ഞാനാദ്യം പറഞ്ഞത്. അങ്ങനെയേ പറയാവൂ എന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. കഴുത്തിലെയും മറ്റും പാട് കണ്ട് സംശയം തോന്നി വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം പറയുന്നത്. ഉടനെ തന്നെ അവരെന്നെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടു പോരുകയായിരുന്നു.'
'വീട്ടിലെത്തി ആശുപത്രിയിൽ കാണിച്ചതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. എന്നാൽ ഒത്തുതീർപ്പിനാണ് സിഐ. ശ്രമിച്ചത്. ഈ ബന്ധത്തിൽ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതെല്ലാം സർവ സാധാരണ വിഷയമല്ലേ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതല്ലേ, പറഞ്ഞു തീർക്കാം എന്നായിരുന്നു പൊലീസ് പറഞ്ഞത്. അതിന് മുമ്പ് രാഹുൽ അവിടെ എത്തിയിരുന്നു. പൊലീസുകാരെല്ലാം രാഹുലിന്റെ ഭാഗത്താണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ അതൊന്നും തന്നെ എഫ്.ഐ.ആറിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനാണ് തീരുമാനം.'
യുവതി വീഡിയോയിൽ പറഞ്ഞത്
'സത്യം എന്താണെന്ന് അറിഞ്ഞില്ലെങ്കിൽ ഞാനിങ്ങനെ കുറ്റബോധം പേറി ജീവിക്കേണ്ടി വരും. എന്തായാലും എനിക്ക് പറഞ്ഞേ പറ്റു...കുറച്ചുനാളായി പൊലീസിന്റെയും മീഡിയയുടെയും മുന്നിൽ കുറെയധികം നുണകൾ പറയേണ്ടിവന്നു. ഒരു പാട് പശ്ചാത്തപിക്കുന്നു. അത്രയും ഇഷ്ടപ്പെട്ട, സ്‌നേഹിച്ച അത്രയും നല്ലരീതിയിൽ ട്രീറ്റ് ചെയ്ത എന്റെ ഹസ്ബൻഡ് രാഹുലേട്ടനെ കുറിച്ച് അത്രയും മോശമായി പറയേണ്ടി വന്നതിൽ റിഗ്രറ്റ് ചെയ്യുന്നു. ആവശ്യമില്ലാത്ത കുറെ തെറ്റായ ആരോപണങ്ങൾ രാഹുലിന്റെ തലയിൽ വച്ചുകൊടുക്കുകയായിരുന്നു. എന്റെ മാത്രം തെറ്റ്. ...എനിക്ക് നുണ പറയാൻ ഒട്ടും താൽപര്യമില്ല. വീട്ടുകാരുടെ സൈഡിൽ നിന്നുണ്ടായ സപ്പോർട്ടില്ലായ്മ, എന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പറഞ്ഞു ഡൗറി( സ്ത്രീധനം) പറയണമെന്ന് പറഞ്ഞു, ഡൗറി പറഞ്ഞിട്ടാണ് മർദ്ദിച്ചതെന്ന് പറയണമെന്ന് പറഞ്ഞു. അതുപോലെ തന്നെ ബെൽറ്റ് വച്ച് അടിച്ചതും, ചാർജറിന്റെ കേബിൾ വച്ച് കഴുത്ത് മുറുക്കിയെന്ന് പറഞ്ഞതും, തെറ്റായ ആരോപണങ്ങൾ ആയിരുന്നു.
പലപ്പോഴും, എനിക്ക് ആ സമയത്ത് സപ്പോർട്ട് ഉണ്ടായിരുന്നില്ല. എന്തുപറയണം, ആരുടെ കൂടെ നിൽക്കണം. ഭയങ്കര കൺഫ്യുസ്ഡായിരുന്നു ഞാൻ. ഭയങ്കര ഷോക്ക്ഡ് ആയിരുന്നു. അന്ന് പേരന്റ്‌സിന്റെ കൂടെ നിന്നിട്ട് അങ്ങനെയാണ് ചെയ്യാൻ തോന്നിയത്. ഒരുപാട് രീതിയിൽ ബ്രെയിൻ വാഷ് ചെയ്തു. ലൈക്ക്, സ്യൂയിസൈഡ് ചെയ്യുമെന്ന് പോലും പറഞ്ഞു. അങ്ങനെ കേട്ടപ്പോഴേക്കും ഞാൻ ഒരുപാട് പേടിച്ചുപോയി. എനിക്ക് ആ സമയത്ത് അവരുടെ കൂടെ നിൽക്കണമെന്ന് തോന്നി. അതുകൊണ്ട് മനസ്സില്ലാ മനസ്സോടെ ആ സമയത്ത് മീഡിയാസിന്റെ മുന്നിൽ വന്നിട്ട് രാഹുലേട്ടനെ കുറിച്ച് ആവശ്യമില്ലാത്ത കുറേ നുണകൾ പറയേണ്ടി വന്നു. അറിയില്ല...ഒരു പാട് റിഗ്രറ്റ് ചെയ്യുന്നു...മിസ് ചെയ്യുന്നു രാഹുലേട്ടനെ'
'ഞാൻ പറഞ്ഞതെല്ലാം നുണകളാണ്. അതിൽ കുറ്റബോധം തോന്നുന്നു. രാഹുൽ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം ഞാനാണ് വീട്ടിൽ അറിയിക്കാതിരുന്നത്".
വിവാഹമോചനം ലഭിക്കാത്തതിനാൽ വിവാഹം നടത്തേണ്ട എന്ന് രാഹുൽ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താൻ നിർബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുൽ തന്നെയാണ്. രാഹുൽ തന്നെ മർദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കത്തെ തുടർന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടർന്ന് താൻ കരഞ്ഞ് ബാത്ത്റൂമിൽ പോയപ്പോൾ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.
ഇക്കാര്യം ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടിൽ പരിചയപ്പെട്ട ഒരാളുടെ ഫോൺ കോളുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തർക്കം ഉണ്ടായത്. കേസിന് ബലം കിട്ടാൻ വേണ്ടിയാണ് വക്കീൽ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്.
രാഹുലിന്റെ വീട്ടിൽ നിന്ന് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന്റെ കൂടെ പോയാൽ രക്ഷിതാക്കൾ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.