- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു; അതിനിടെ നടുവിലത്തെ ഷട്ടർ തനിയെ തുറന്നു; തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളത്തെ വെള്ളം പെരിങ്ങൽകുത്തിലേക്ക് അതിവേഗം ഒഴുകിയെത്തുന്നു; തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണം; വീണ്ടും മഴ എത്തിയാൽ പ്രതിസന്ധി രൂക്ഷമാകും; ചാലക്കുടിയിൽ അതീവ ജാഗ്രത
പാലക്കാട്: തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ കൂടുതൽ ഉയരുകയായിരുന്നു. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.
ഇതേതുടർന്ന് പെരിങ്ങൽകൂത്ത് ഡാമിലേക്ക് 20,000 ക്യൂസെക്സ് വെള്ളം ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് നടപടി. മഴ വീണ്ടും എത്തിയാൽ പ്രതിസന്ധി ശക്തമാകും. രണ്ടാഴ്ച എങ്കിലും എടുത്ത് മാത്രമേ ഷട്ടർ തകരാർ പരിഹരിക്കാൻ കഴിയൂ. ഡാമിലേക്ക് വെള്ളം കൂടുതലായി ഇതുവരെ ഒഴുകിയെത്തും.
അതേസമയം, ചാലക്കുടി പുഴയോരത്ത് ജാഗ്രത പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാനാണ് സാധ്യത. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മീൻ പിടിക്കാനോ കുളിക്കാനോ ആളുകൾ പുഴയിൽ ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്. അപകട സാധ്യത കൂടിയാൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും. ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡാമിലെ വെള്ളം 25 ശതമാനത്തിൽ താഴെ ആയാൽ മാത്രമേ ഷട്ടർ നന്നാക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ വലിയ തോതിൽ വെള്ളം ഒഴുക്കേണ്ടി വരും. വലിയ പദ്ധതിയാണ് പറമ്പിക്കുളത്തേത്. അതുകൊണ്ട് തന്നെ കാൽ ഭാഗത്തിൽ താഴെയായി വെള്ളം കുറയാൻ നിരവധി ദിവസം എടുക്കും. ഇതിനിടെ നീരൊഴുക്കു കൂടിയാൽ പ്രതിസന്ധിയുമാകും. നിലവിൽ മഴ മാറി നിൽക്കുന്നത് മാത്രമാണ് ആശ്വാസം.
പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തനിയെ തുറക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടർന്ന് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടർ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റർമാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തിൽ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂർകൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന.
അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങൽക്കുത്ത് ഡാമിലും തുടർന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവിൽക്കൂടുതൽ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കിൽ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവൻ ഒഴുകിത്തീരും. തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നൽകുന്നത്.
കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതർ അറിയിച്ചു. പറമ്പിക്കുളം റിസർവോയറിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് ഇന്ന് പുലർച്ചെ മുതൽ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങൽക്കുത്തിന്റെ നാല് ഷട്ടറുകൾ ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാൽ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റർ വരെ ഉയർന്ന് 4.5 മീറ്റർ വരെ എത്താനിടയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ