കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിളമ്പേണ്ട കോഴിയിറച്ചിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്‌കൂളിലെ എല്ലാ അദ്ധ്യാപകരെയും മുറിയിൽ പൂട്ടിയിട്ട് രക്ഷകർത്താക്കളുടെ പ്രതിഷേധം. കുട്ടികൾക്ക് ആയി അനുവദിച്ച കോഴിയിറച്ചിയിലെ ഒട്ടുമിക്ക ലെഗ് പീസുകളും അദ്ധ്യാപകർ തട്ടിയെടുത്തതായി ആരോപിച്ചായിരുന്നു രക്ഷകർത്താക്കൾ മുറിയിൽ പൂട്ടിയിട്ടത്.

മാൾഡ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം അധിക പോഷണം ലഭിക്കാൻ കോഴിയിറച്ചി, മുട്ട, പഴങ്ങൾ എന്നിവ നൽകണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ജനുവരിയിൽ ഇറക്കിയ സർക്കുലറിൽ ഏപ്രിൽ വരെ ഇത്തരത്തിൽ വിതരണം ചെയ്യണമെന്നാണ് നിർദ്ദേശം.

എന്നാൽ കുട്ടികൾക്ക് അനുവദിച്ച കോഴിയിറച്ചിയിൽ നിന്ന് ഒട്ടുമിക്ക ലെഗ് പീസുകളും അദ്ധ്യാപകർ തട്ടിയെടുത്തതായി ആരോപിച്ചായിരുന്നു രക്ഷകർത്താക്കളുടെ പ്രതിഷേധം. സ്‌കൂളിൽ കൂട്ടത്തോടെ എത്തിയ രക്ഷകർത്താക്കൾ അദ്ധ്യാപകരെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. കുട്ടികൾക്ക് ലെഗ് പീസുകൾക്ക് പകരം കോഴിയുടെ കഴുത്തും കരളും കുടലുമാണ് വിളമ്പിയതെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു.

ഉച്ചഭക്ഷണത്തോടൊപ്പം കോഴിയിറച്ചി നൽകാൻ നിശ്ചയിച്ചിരുന്ന ദിവസം അദ്ധ്യാപകർ പിക്നിക് മൂഡിലായിരുന്നു. അവർ വിലകൂടിയ അരി ഉപയോഗിച്ച് പ്രത്യേകം പാചകം ചെയ്ത് കോഴിയിറച്ചി കഴിച്ചതായും രക്ഷകർത്താക്കൾ ആരോപിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിയിറച്ചി വിളമ്പാൻ നിശ്ചയിച്ച ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികൾ നിരാശരായിരുന്നു. വീട്ടുകാർ ചോദിച്ചപ്പോൾ വേണ്ട അളവിൽ കോഴിയിറച്ചി ലഭിച്ചില്ലെന്ന് കുട്ടികൾ പരാതിപ്പെട്ടു. കിട്ടിയതാണെങ്കിൽ കോഴിയുടെ കഴുത്തും കരളും കുടലും മാത്രമാണെന്നും കുട്ടികൾ സങ്കടത്തോടെ പറഞ്ഞു.

തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധവുമായി സ്‌കൂളിൽ എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മുറിയിൽ പൂട്ടിയിട്ട അദ്ധ്യാപകരെ നാലുമണിക്കൂർ കഴിഞ്ഞ് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.