ആലപ്പുഴ: ചെറിയൊരു തിരിച്ചടിയില്‍ പോലും ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നവര്‍ ആലപ്പുഴ അസിസ്റ്റന്റ് കലക്ടര്‍ പാര്‍വ്വതിയുടെ കഥയൊന്ന് കേള്‍ക്കണം.വെറുമൊരു കഥയല്ല.. ഏവര്‍ക്കും പ്രചോദനമാകുന്ന ജീവിതമാണ് പാര്‍വ്വതിയുടെത്. ഓര്‍ക്കാപ്പുറത്ത് ജീവിതത്തിലുണ്ടായ ഒരു സംഭവം തുടര്‍ന്നുള്ള ജീവിതത്തെ തന്നെ ചോദ്യചിഹ്നത്തിലാക്കിയപ്പോള്‍ അതിന് മുന്നില്‍ ഒരു അടി പോലും പതറാതെ ജീവിതത്തില്‍ അന്നുവരെ സങ്കല്‍പ്പത്തില്‍ പോലുമില്ലാതിരുന്ന ഉയരത്തിലേക്കാണ് പാര്‍വ്വതി നടന്നുകയറിയത്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പാര്‍വ്വതിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടക്കുന്നത്.ഏഴില്‍ പഠിക്കുമ്പോള്‍ പിതാവ് കെ.എസ്. ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തില്‍ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോവുകയായിരുന്നു പാര്‍വ്വതി.യാത്രക്കിടെ ഉണ്ടായ അപകടത്തില്‍ തന്റെ വലതുകൈയാണ് ആ ഏഴാം ക്ലാസുകാരിക്ക് നഷ്ടമായത്. പാര്‍വ്വതിക്കുണ്ടായ ദുര്‍വിധിയില്‍ എല്ലാവരും സഹതപിച്ചപ്പോള്‍ അതില്‍ ഒതുങ്ങി വിലപിക്കാന്‍ അ പെണ്‍കുട്ടി തയ്യാറായില്ല.എല്ലാം ഒന്നില്‍ നിന്നും തുടങ്ങാന്‍ തീരുമാനിച്ചു.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് നിരാശപ്പെടാതെ ഇടത് കൈകൊണ്ട് കാര്യങ്ങള്‍ ചെയ്തുപഠിച്ചു. സ്ലേറ്റില്‍ ഇടതുകൈകൊണ്ട് എഴുതാന്‍ പഠിച്ചു.ഇതിനിടെ കൃത്രിമ കൈയും ഘടിപ്പിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി, െബംഗളൂരുവില്‍ നാഷണല്‍ ലോ സ്‌കൂളില്‍നിന്നു 2021-ല്‍ നിയമബിരുദം നേടി.

അന്ന് വരെ ഏത് പ്രൊഫഷനിലേക്ക് പോകും എന്ന് തീരുമാനം എടുക്കാതിരുന്ന പാര്‍വ്വതിക്ക് അതിന് ഒരുത്തരം ലഭിച്ചത് തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ നിന്നാണ്.ആലപ്പുഴ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ കൃഷ്ണ തേജ എന്നിവരുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് ലഭിച്ച അവസരം ഇവരുടെ ഉള്ളില്‍ ഐഎഎസ് മോഹത്തിന് വിത്ത് പാകി.

പാര്‍വ്വതിയുടെ മനസാന്നിദ്ധ്യത്തിന് മുന്നില്‍ രണ്ടാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് കൂടെപ്പോന്നു.അമ്പലപ്പുഴ സ്വദേശിനിയായ പാര്‍വതി 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി, കേരള കേഡറില്‍ ചേര്‍ന്ന പാര്‍വതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസി. കളക്ടറായി നിയമിച്ചത്. ഈ നിയമനവും പരിശീലനത്തിന്റെ ഭാഗമാണ്.




''അച്ഛന്‍ ഡെപ്യൂട്ടി തഹസില്‍ദാരായി ജോലിചെയ്യുന്ന ആലപ്പുഴ കളക്ടറേറ്റില്‍ അസി. കളക്ടറായി ചുമതലയേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മാതൃജില്ല ലഭിക്കില്ലലോ..തൊട്ടടുത്ത ജില്ലയായ എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം'' എന്നും പാര്‍വ്വതി പറയുന്നു.

കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരാണ് പാര്‍വതിയുടെ അമ്മ. സഹോദരി രേവതി ഗോപകുമാര്‍ തിരുവനന്തപുരം ഐസറില്‍ വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ കണ്ട ശേഷമാണ് ചുമതലയേറ്റത്. പാര്‍വതി പുതിയ പദവിയില്‍ ചുമതലയേല്‍ക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങളും കളക്ടറേറ്റില്‍ എത്തിയിരുന്നു.