- Home
- /
- News
- /
- SPECIAL REPORT
ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമാ ഷൂട്ടിംഗില്‍ ആയിരുന്നു; ഇന്‍സ്റ്റയില്‍ ചിത്രങ്ങളും വീഡിയോയും; നിവിന്‍ പോളിക്ക് പിന്തുണയുമായി പാര്‍വതി ആര്‍ കൃഷ്ണ
.പരാതിക്കാരിയുടെ മൊഴിയിലെ പൊരുത്തക്കേടുകളില്‍ കൂടുതല്‍ അന്വേഷണം
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: നടന്‍ നിവിന്‍പോളിക്കെതിരെ യുവതി നല്‍കിയ പീഡനപരാതിയിലെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ദുബായിലെ ഹോട്ടലില്‍ വച്ച് 2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതില്‍ വ്യക്തത വരുത്താന്‍ യാത്രാരേഖകള്‍ പരിശോധിക്കും. ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരം ശേഖരിക്കും. അതേസമയം, പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിനൊപ്പം 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്‍ താനുണ്ടായിരുന്നെന്ന് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നിവിന്‍ പോളിക്ക് പിന്തുണയുമായി പാര്‍വതി എത്തിയത്.
ഡിസംബര്‍ 14 ന് നിവിന്‍ പോളി ദുബായില്‍വെച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഈ ദിവസം വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റില്‍ താനും നിവിന്‍ പോളിയും ഒരുമിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് പാര്‍വതി വ്യക്തമാക്കി. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
''ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബര്‍ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബര്‍ 14-ന് നിവിന്‍ ചേട്ടന്റെ കൂടെയാണ് ഞാനാ രംഗം ചെയ്തത്. പറയണമെന്ന് തോന്നി. ആ പറയുന്ന സ്റ്റേജിലെ ഷൂട്ടില്‍ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാര്‍ത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. സത്യമായതുകൊണ്ടാണ് ഇക്കാര്യം ഞാന്‍ തുറന്നു പറഞ്ഞത്.''പാര്‍വതി പറഞ്ഞു.
ദുബായില്‍ ലൈംഗികപീഡനം നടന്നുവെന്ന് യുവതി ആരോപിച്ച ദിവസം നിവിന്‍ പോളി തനിക്കൊപ്പം കൊച്ചിയില്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ സംവിധാനംചെയ്ത 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചി ന്യൂക്ലിയസ് മാള്‍, ക്രൗണ്‍പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു ആ ദിവസം നിവിന്‍. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടായിരുന്നു. നിവിന്‍ സെറ്റിലുണ്ടായിരുന്നു എന്നതിന് ഇവരും സാക്ഷികളാണ്. അതിനുശേഷം ക്രൗണ്‍ പ്ലാസയിലേക്കുപോയി. അവിടെ പിറ്റേന്ന് പുലര്‍ച്ചെവരെ ചിത്രീകരണം നീണ്ടു. മൂന്നരമണിയെങ്കിലുമായി പിരിഞ്ഞപ്പോള്‍ എന്നും വിനീത് വ്യക്തമാക്കി.
2021ന് ശേഷം നിവിന്‍ യുവതി മൊഴിയില്‍ പറഞ്ഞ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോള്‍ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിന്‍ പോളിയടക്കം 6 പേര്‍ക്ക് എതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് തൃശൂര്‍ സ്വദേശി എ.കെ.സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണു മറ്റു പ്രതികള്‍.
കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ 'കെയര്‍ ഗിവറായി' ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടല്‍ മുറിയില്‍ മറ്റു പ്രതികള്‍ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.