ന്യുഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ബിജെപി സ്വന്തമാക്കിയത്. 2015 ലും 2020 തുടർച്ചയായി വമ്പൻ വിജയം നേടിയ ആം ആദ്മി പാർട്ടിക്ക് ഇത്തവണ കാലിടറി. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് ആപ്പ് നേടിയിരുന്നു. ബിജെപി മൂന്ന് സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും നേടാനായില്ല. 2020 ലും 70 ല്‍ 62 സീറ്റ് നേടി ആംആദ്മി തങ്ങളുടെ ജൈത്രയാത്ര തുടരുകയായിരുന്നു. ബിജെപി എന്നാല്‍ 2015 ലെ മൂന്ന് സീറ്റില്‍ നിന്നും എട്ടിലേക്കെത്തിയിരുന്നു. അപ്പോഴും കോണ്‍ഗ്രസ് പൂജ്യത്തില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ വലിയ നേട്ടമൊന്നും ഇത്തവണയും പ്രതീക്ഷിച്ചില്ല. ബിജെപി വലിയ വിജയം നേടിയതോടെ ആരാകും ഡൽഹിയുടെ മുഖ്യമന്ത്രിയെന്ന ചർച്ചകൾ ചൂട് പിടിക്കുകയാണ്.

പർവേഷ് സാഹിബ് സിംഗ് വർമ്മയ്ക്കാകും മുഖ്യമന്ത്രി കസേര കിട്ടാനുള്ള സാധ്യതയെന്നാണ് സൂചന. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവായ അരവിന്ദ് കെജ്‌രിവാളിനെയാണ് പർവേഷ് സാഹിബ് പരാജയപ്പെടുത്തിയത്. 4,000-ത്തിലധികം വോട്ടുകൾക്കായിരുന്നു കെജ്‌രിവാളിനെ വർമ്മ തറപ്പറ്റിച്ചത്. വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ജാട്ട് സമുദായത്തിൽ നിന്നും ബിജെപിക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. കഴിഞ്ഞ വർഷത്തെ ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്നതിൽ ജാട്ട് സമുദായത്തിന്റെ വോട്ട് വിഹിതം വലിയ പങ്ക് വഹിച്ചിരുന്നു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പർവേഷ് വർമ്മ മറുപടി ഇങ്ങനെയായിരുന്നു, 'പാർട്ടിയാണ് ആ കാര്യം തീരുമാനിക്കുന്നത്. പാർട്ടിയുടെ തീരുമാനം എല്ലാവർക്കും സ്വീകാര്യമായിരിക്കും. ന്യൂഡൽഹിയിലെ വോട്ടർമാർക്കും, ലക്ഷക്കണക്കിന് കഠിനാധ്വാനികളായ പ്രവർത്തകർക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ നന്ദി പറയുന്നു. ഇത് യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വിജയമാണ്. ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസം പ്രകടിപ്പിച്ചു. സ്ത്രീകൾക്ക് 2500 രൂപ നൽകുക, അഴിമതി അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിക്കുക, യമുന നദീതീരത്ത്, മലിനീകരണം കുറയ്ക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തലസ്ഥാനം ഞങ്ങൾ നിർമ്മിക്കും'

ആരാണ് പർവേഷ് വർമ്മ ?

ഡൽഹിയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് പർവേഷ്. മുൻ ബിജെപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ സാഹിബ് സിംഗ് വർമ്മയുടെ മകനാണ് പർവേഷ്. അദ്ദേഹത്തിന്റെ അമ്മാവൻ ആസാദ് സിംഗ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറായി സേവനമനുഷ്ഠിക്കുകയും 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മുണ്ട്ക നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും ചെയ്തു. 1977 ൽ ജനിച്ച പർവേഷ് വർമ്മ, ആർ.കെ. പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

തുടർന്ന് ഡൽഹി സർവകലാശാലയിലെ കിരോരി മാൾ കോളേജിൽ നിന്ന് ബിരുദവും. ഫോർ സ്കൂൾ ഓഫ് മാനേജ്മെന്റിൽ എംബിഎ ബിരുദം നേടി. 2013 ൽ മെഹ്‌റൗളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഡൽഹി നിയമസഭയിൽ വിജയിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. തുടർന്ന് 2014 ൽ വെസ്റ്റ് ഡൽഹി പാർലമെന്ററി സീറ്റിലും വിജയം നേടി. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 5.78 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അദ്ദേഹം വീണ്ടും വിജയിച്ചു. എംപിയായിരുന്ന കാലത്ത്, പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവൻസും സംബന്ധിച്ച സംയുക്ത സമിതിയിൽ അംഗമായും നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2025 ലെ ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പ് പർവേഷ് വർമ്മ 'കെജ്‌രിവാളിനെ നീക്കം ചെയ്യുക, രാഷ്ട്രത്തെ രക്ഷിക്കുക' എന്ന പേരിൽ ഒരു കാമ്പെയ്‌ൻ ആരംഭിച്ചു. ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനീകരണവുമായ് ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകൾ കൈകാര്യം ചെയ്യുന്ന രീതി, സ്ത്രീകൾക്കുള്ള സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ പല വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പർവേഷിനായി. നഗരത്തിന് ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി തുടരുന്ന യമുന നദി ശുദ്ധീകരിക്കാനുള്ള കഴിയാത്ത ആം ആദ്മി ജനങ്ങളെ വഞ്ചിച്ചെന്നതും പർവേഷിൻറെ പ്രചാരണ തന്ത്രമായി.