- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഗത്തി വിമാനത്താവളത്തിൽ വട്ടംചുറ്റി നൂറുകണക്കിന് മലയാളികൾ
അഗത്തി: സാങ്കേതിക തകരാർ കാരണം അലയൻസ് എയറിന്റെ വിമാനം മുടങ്ങിയതോടെ അഗത്തി വിമാനത്താവളത്തിൽ വട്ടം ചുറ്റി നൂറുകണക്കിന് മലയാളികൾ. യാത്ര പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കണ്ണൂരിൽനിന്നുള്ള യാത്രാസംഘം ഉൾപ്പെടെ 68 യാത്രക്കാരാണു വിമാനത്താവളത്തിനു പുറത്തു കഴിയുന്നത്.
രണ്ടു ദിവസമായി വെള്ളമോ ഭക്ഷണമോ ലഭിക്കാത്തതിനാൽ യാത്രക്കാരിൽ പലരും അവശരാണ്. യാത്രാ സംഘത്തിൽ 88 വയസ്സുള്ള സ്ത്രീയും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് അലയൻസ് എയർ അവസാന നിമിഷം റദ്ദാക്കിയത്.
അലയൻസ് എയർ വിമാനം പാർക്കിങ് മേഖലയിൽ കുടുങ്ങിയതോടെ മറ്റു വിമാന സർവീസുകളും മുടങ്ങി. വ്യാഴാഴ്‌ച്ച കേടായ വിമാനം വെള്ളിയാഴ്‌ച്ച ഉച്ചയായിട്ടും നന്നാക്കിയിട്ടില്ല. 16ന് വ്യാഴാഴ്ച ഉച്ചക്ക് 11 മണിയോടെ ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. യാത്രക്കാരെ കയറ്റി അൽപസമയം കഴിഞ്ഞപ്പോൾത്തന്നെ എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്നും പറക്കാനാവില്ലെന്നും അറിയിച്ചു. യാത്രക്കാരെ തിരിച്ച് പവലിയനിലെത്തിച്ചു.
ഈ വിമാനം ഇവിടന്ന് നീക്കാതെ മറ്റൊരു വിമാനത്തിന് ഇവിടെ വരാനാവില്ല. അത്രക്ക് ചെറിയ വിമാനത്താവളമാണ് അഗത്തിയിലേത്. കൊച്ചിയിൽ നിന്ന് സാങ്കേതിക വിദഗ്ധരും ഉപകരണങ്ങളും ഉടൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്‌ച്ച ഉച്ചയായിട്ടും ആരും വന്നിട്ടില്ല. അതു കൊണ്ടുതന്നെ വെള്ളിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളും മുടങ്ങിയിരിക്കുകയാണ്.
യാത്രക്കാർക്ക് ഭക്ഷണമോ, താമസസൗകര്യമോ നൽകിയില്ല
എ്ഞ്ചിൻ തകരാറാണെന്നും ഹൈദരാബാദിൽ നിന്നു മെഷീനും മെക്കാനിക്കും എത്തി സാങ്കേതിക തടസ്സം പരിഹരിച്ചാൽ മാത്രമേ സർവീസ് നടത്താനാകൂവെന്നും അലയൻസ് എയർ അധികൃതർ അറിയിച്ചെങ്കിലും സർവീസ് എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നു വ്യക്തമാക്കാത്തതോടെ യാത്രക്കാർ പ്രതിഷേധിച്ചു. എറണാകുളം വിമാനത്താവളത്തിൽനിന്നു കണക്ഷൻ വിമാനത്തിൽ മറ്റിടങ്ങളിലേക്കു പോകേണ്ടവരുടെ യാത്രയും മുടങ്ങി.
യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കാൻപോലും വിമാനത്താവള അധികൃതർ തയ്യാറായിട്ടില്ല. അഗത്തിയിലാണെങ്കിൽ ഇത്രയധികം വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവുമില്ല. പലരും വൻ വാടക കൊടുത്താണ് ചില റിസോർട്ടുകളിൽ തങ്ങിയത്. കുറച്ചുപേർക്ക് സ്‌പോൺസർമാർ സൗകര്യമൊരുക്കി.
ഒരു ചായപോലും ലഭിക്കാത്ത വിമാനത്താവളമാണ് അഗത്തിയിലേത്. അടുത്തൊന്നും കടകളുമില്ല. വിശന്ന് വലഞ്ഞാണ് വെള്ളിയാഴ്‌ച്ച ആളുകൾ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയത്. ഇതിനിടെ ഉച്ചക്ക് ഉണക്കിയ പഴങ്ങളും ബിസ്‌കറ്റുമടങ്ങിയ പാക്കറ്റ് ചില എയർലൈൻസ് കമ്പനികൾ വിതരണം ചെയ്തിരുന്നു.
വിമാനത്താവളത്തിനു പുറത്താണ് ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. ഇന്നു രാവിലെ 9ന് എത്തണമെന്ന് അറിയിപ്പുണ്ടായതോടെ യാത്രക്കാർ വിമാനത്താവളത്തിനുപുറത്ത് എത്തിയെങ്കിലും വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ധാർഷ്ട്യത്തോടെയും ധിക്കാരത്തോടെയുമാണ് അലയൻസ് എയർ അധികൃതർ യാത്രക്കാരോടു പെരുമാറിയത്. അലയൻസ് എയറിന്റെ അനാസ്ഥ കാരണം യാത്രക്കാരെ ബലിയാടാക്കുകയായിരുന്നു. വെള്ളമോ ഭക്ഷണമോ നൽകാൻ പോലും തയാറായില്ല. ചെയ്യാൻ പറ്റുന്നത് ചെയ്‌തോളൂ എന്ന വെല്ലുവിളിയാണ് അലയൻസ് എയർ അധികൃതർ നടത്തിയതെന്നു യാത്രക്കാർ പറഞ്ഞു.
യാത്രക്കാരുടെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് അധികൃതർ വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിലുപരി സമയനഷ്ടവും മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ഡി.ജി.സി.എക്ക് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു.