- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും ഭര്‍ത്താവും ഭാര്യയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് നല്‍കിയും പങ്കാളിയുടെ പേര് ചേര്‍ക്കാം; വനിതാ അപേക്ഷകരുടെ പേരില്‍ പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കാനും ഇത് അനിവാര്യം; പാസ്പോര്‍ട്ടില്‍ പേര് ചേര്‍ക്കാന്‍ നിബന്ധനകള്‍
തിരുവനന്തപുരം: പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോഴോ പങ്കാളിയുടെ പേര് കൂടി ചേര്‍ക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. ഇതിന് സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണ കുറിപ്പിറക്കി. പാസ്പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവന നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍.
വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ, ഭര്‍ത്താവും ഭാര്യയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ടോ പങ്കാളിയുടെ പേര് ചേര്‍ക്കാം. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍ വന്നു. പാസ്‌പോര്‍ട്ടില്‍ നിന്ന് ജീവിത പങ്കാളിയുടെ പേര് ഒഴിവാക്കണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ലഭിച്ച വിവാഹ മോചന ഉത്തരവ് സമര്‍പ്പിച്ചാല്‍ മതി. മറ്റൊരു വിവാഹം കഴിച്ചാല്‍ പഴയ പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് മാറ്റി പുതിയ പങ്കാളിയുടെ പേര് കൂട്ടിച്ചേര്‍ക്കാം. ഇതിനായി പുനര്‍വിവാഹം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ പുതിയ പങ്കാളിയോടൊപ്പം നില്‍ക്കുന്ന ചിത്രം പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് സമര്‍പ്പിക്കാം.
വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ലോകമൊട്ടുക്കും സഞ്ചരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് പാസ്പോര്‍ട്ട്. അന്താരാഷ്ട്ര യാത്രകള്‍ പരിശോധിക്കുന്നതിനു പുറമേ, പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായും ഏത് രാജ്യത്തെ പൗരനാണ് എന്നതിന്റെയും തെളിവായും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. മിക്ക രാജ്യത്തേയും സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത് ഒരു നിശ്ചിത ഫീസ് ഈടാക്കികൊണ്ടാണ്.
കുറഞ്ഞ ചെലവില്‍ പാസ്പോര്‍ട്ട് നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുഎഇ ആണ്. യുഎഇ പാസ്പോര്‍ട്ടിന് 1492 രൂപയാണ് ഫീ ആയി ഈടാക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. പത്ത് വര്‍ഷത്തെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് 1523 രൂപയാണ് ഫീയായി നല്‍കേണ്ടത്. 2024-ലെ കണക്കനുസരിച്ചാണ് ഈ പട്ടികപ്പെടുത്തല്‍. എന്നാല്‍ യുഎഇ അഞ്ചു വര്‍ഷത്തെ പാസ്പോര്‍ട്ടാണ് നല്‍കുന്നത്. ഇന്ത്യ പത്ത് വര്‍ഷത്തെ കാലാവധിയിലും.