പത്തനംതിട്ട: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ആരാധനാലയം അടച്ചു പൂട്ടാനുള്ള ഇടക്കാല ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസ്, പഞ്ചായത്ത് അധികൃതർക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്കും നേരെ പാസ്റ്ററുടെയും സംഘത്തിന്റെയും ധാർഷ്ട്യം. പൊലീസ് പറഞ്ഞിട്ടും വാതിൽ തുറക്കാതെ അകത്തിരുന്നതിനാൽ കോടതി ഉത്തരവും നോട്ടീസും ഭിത്തിയിൽ പതിപ്പിച്ച് പൊലീസ് സംഘം മടങ്ങി.

പത്തനംതിട്ട-ഓമല്ലൂർ റോഡിൽ പുത്തൻപീടികയിൽ പ്രവർത്തിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ പ്രവർത്തനമാണ് പൊലീസ് തടഞ്ഞത്. അടുത്ത കാലത്തായി മുളച്ചു പൊന്തിയ ബിനു വാഴമുട്ടം എന്ന പാസ്റ്ററാണ് സെന്റർ നടത്തിപ്പുകാരൻ. ഇയാൾക്കെതിരേ നിരവധി പരാതികളും ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനാലയം പ്രവർത്തിക്കുന്നത് നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ഇയാൾ പ്രാർത്ഥനാലയം പ്രവർത്തിപ്പിച്ചു പോന്നു. ഇതിനെതിരേ പരാതി വ്യാപകമായതോടെയാണ് പൊലീസും പഞ്ചായത്തും ചേർന്ന് അടച്ചു പൂട്ടാൻ ഇറങ്ങിയത്.

പ്രാർത്ഥനാലയത്തിന് പ്രവർത്തിക്കണമെങ്കിൽ കലക്ടറുടെ അനുമതി വേണം. ബിനു വാഴമുട്ടത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഇത് മറി കടക്കാൻ ഇയാൾ കണ്ട തന്ത്രം അതാത് കാലത്തുള്ള കലക്ടർമാരെ കൈയിലെടുക്കുക എന്നുള്ളതായിരുന്നു. കോവിഡ് കാലത്ത് കലക്ടറായിരുന്ന പി.ബി നൂഹ്, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരെ അടക്കം വിവിധ പരിപാടികൾക്ക് ക്ഷണിച്ച് ഇയാൾ കൈയിലെടുത്തു. അതിന്റെ ആത്മവിശ്വാസത്തിലാണ് നിയമലംഘനം തുടർന്നു വന്നത്. അതിനിടെയാണ് ഹൈക്കോടതി വിധി വന്നത്.

ശരിക്കും വിധി നടപ്പാക്കേണ്ടത് പഞ്ചായത്താണ്. കൊമേഴ്സ്യൽ ബിൽഡിങ്സിലാണ് ആരാധനാലയം പ്രവർത്തിച്ചിരുന്നത്. ഇതിനോട് ചേർന്ന മുറികളിൽ ബിനുവിന്റെ സഭാവിശ്വാസികളായ ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചിട്ടുമുണ്ട്. ഇന്ന് രാവിലെ ഓമല്ലൂർ പഞ്ചായത്ത് അധികൃതരും പൊലീസും കോടതി വിധി നടപ്പാക്കാനെത്തി. ഇതോടെ കുറേപ്പേരെ ഉള്ളിലാക്കി പുറത്ത് നിന്ന് പൂട്ടി ഇവരിൽ ചിലർ പുറത്ത് നിന്നു. പൊലീസിനോട് തർക്കിക്കുകയും മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. കോടതി ഉത്തരവ് കൈപ്പറ്റാനും ഇവർ മടിച്ചു. സ്ഥലത്ത് വന്ന ഡിവൈ.എസ്‌പി എസ്. നന്ദകുമാർ ഇവരുമായി ചർച്ച നടത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഇതിനിടെ പുറത്തു നിന്ന ഒരു സഭാ വിശ്വാസി ഹൈക്കോടതിയെ തെറി വിളിക്കുകയും ചെയ്തു.

നോട്ടീസ് ഏറ്റുവാങ്ങിയില്ലെങ്കിൽ വിവരമറിയുമെന്ന് ഡിവൈ.എസ്‌പി താക്കീത് ചെയ്തതോടെ കൂട്ടത്തിൽ ഒരാൾ കൈപ്പറ്റാൻ തയാറായി. അകത്ത് പൂട്ടിയിട്ടിരിക്കുന്നവരെ തുറന്നു വിടാൻ പൊലീസ് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. കോടതി ഉത്തരവ് ലംഘിച്ച് ഇനി പ്രാർത്ഥന നടത്തിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് താക്കീത് നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

കോവിഡ് കാലത്ത് ലോക്ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയതിന് 11 പേരെ ഇവിടെ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാസ്റ്റർ ബിനു വാഴമുട്ടത്തിനെതിരേ അന്ന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ സ്വന്തം നിലയിൽ പാസ് അടിച്ച് വാഹനങ്ങളിൽ സന്നദ്ധ പ്രവർത്തകരെന്ന പേരിൽ കുറേപ്പേരെ ഇറക്കി വിട്ടു. ഇവരെയും പൊലീസ് പിടികൂടി കേസെടുത്തു. ഒടുവിൽ ആശുപത്രികൾക്ക് വെന്റിലേറ്റർ വിതരണം എന്ന പേരിൽ ഇയാൾ അന്നത്തെ കലക്ടർ പിബി നൂഹിനെ സമീപിക്കുകയായിരുന്നു. ഈ സഭയ്ക്കെതിരേ നിരവധി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പാസ്റ്ററിന്റെ ്രൈഡവർ ആയിരുന്ന ചെറുപ്പക്കാരൻ ചില വെളിപ്പെടുത്തൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

ചാരിറ്റി പ്രവർത്തനമെന്ന പേരിൽ ഇയാൾ നടത്തിയ പരിപാടിയിൽ മന്ത്രിയായിരുന്ന എംഎം മണി, വീണാ ജോർജ് എംഎൽഎ എന്നിവർ പങ്കെടുത്തിരുന്നു. ഇവരുമായി അടുപ്പമുണ്ടെന്ന് കാട്ടിയാണ് പല വിഷമഘട്ടങ്ങളിലും പാസ്റ്റർ രക്ഷപ്പെടുന്നത്. കുളനടയിൽ രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ ഒരു വീട്ടിൽ നിന്ന് ഇയാളെ പിടികൂടുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തിരുന്നു.