ന്യൂഡൽഹി: പത്താൻ സിനിമാ വിവാദം ലോക്‌സഭയിലും. സിനിമാ വിവാദം ബി.എസ്‌പി നേതാവ് ഡാനിഷ് അലി ലോക്‌സസഭയിൽ ഉന്നയിച്ചു. സിനിമകൾ നിരോധിക്കാൻ മത, രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെടുന്നത് ദൗർഭാഗ്യകരമായ സാഹചര്യമാണെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി. അഭിനേതാവ് ഏതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മതം അപകടത്തിലാകുമെന്ന് ചിലർ വാദിക്കുകയാണെന്നും ഡാനിഷ് അലി സഭയിൽ പറഞ്ഞു.

ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യവേഷത്തിലെത്തുന്ന പഠാനെതിരെ സംഘപരിവാർ അനുകൂലികൾ പലയിടങ്ങളിലും പരാതി നൽകിയിട്ടുണ്ട്. ചിത്രം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമത്തിന് എതിരാണെന്ന പരാതിയിൽ ഇന്നലെ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബിജെപി അനുയായി സഞ്ജയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം സിനിമയുടെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹരജി ബിഹാർ മുസഫർ നഗർ കോടതി ജനുവരി മൂന്നിന് പരിഗണിക്കും.

നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്ന സിനിമയാണ് പഠാൻ. ചിത്രത്തിലെ 'ബെഷറം രംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്. വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിച്ചിരിക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വീർ ശിവജി എന്ന സംഘടനയുടെ പ്രവർത്തകർ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

അതേസമയം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ ബോളിവുഡ് ചിത്രം പത്താനെ വിമർശിച്ച് സംസ്ഥാന നിയമസഭാ സ്പീക്കറും രംഗത്തുവന്നു. നടൻ ഷാരൂഖ് ഖാൻ തന്റെ സിനിമ മകൾക്കൊപ്പം കാണുമോ എന്ന് ഗിരീഷ് ഗൗതം ചോദിച്ചു. 'ബേഷാരം രംഗ്' ഗാനത്തിലെ ആക്ഷേപകരമായ വസ്ത്രങ്ങളും ചില രംഗങ്ങളും മാറ്റിയില്ലെങ്കിൽ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കുമോ എന്ന് പരിഗണിക്കുമെന്ന് നരോത്തം മിശ്ര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

''ഷാരൂഖ് ഖാൻ തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുകയും, ഒരു ചിത്രം അപ്ലോഡ് ചെയ്ത് മകൾക്കൊപ്പമാണ് താൻ ഇത് കാണുന്നുവെന്ന് ലോകത്തെ അറിയിക്കുകയും വേണം. പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ നിർമ്മിക്കാനും ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.''- നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം പറഞ്ഞു.

''പത്താൻ'' തിയേറ്ററുകളിൽ നിരോധിക്കണമെന്ന ആവശ്യങ്ങൾക്കിടയിൽ ഇന്ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ നിയമസഭാ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് ഗൗതം ഇക്കാര്യം പറഞ്ഞത്. വിഷയം നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി ചർച്ച ചെയ്‌തേക്കും. പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചിത്രത്തെ എതിർത്തു രംഗത്ത് വന്നിരുന്നു. സിനിമ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.