- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിൽ രണ്ട് അടക്കം നാലു കെഎസ്ആർടിസി ബസുകൾ തകർത്തു; രണ്ടിടത്ത് ഡ്രൈവർമാർക്ക് പരുക്ക്; പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങൾ ശാന്തം
പത്തനംതിട്ട: ജില്ലയിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് നേരെ അക്രമം. രണ്ടു ഡ്രൈവർമാർക്ക് പരുക്കേറ്റു. അക്രമം ഉണ്ടാകുമെന്ന് കരുതി പൊലീസ് മുൻകരുതൽ സ്വീകരിച്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ ശാന്തം.
കോന്നിയിൽ രണ്ട്, പത്തനംതിട്ട ആനപ്പാറയിലും പന്തളത്തും ഒന്നു വീതം കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് അക്രമം നടന്നത്. കോന്നി കുളത്തുങ്കൽ ഭാഗത്ത് തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. മുന്നിലെ ചില്ല് തകർന്ന് തെറിച്ചു കയറി ഡ്രൈവർ കടയ്ക്കൽ സ്വദേശി ഷാജിയുടെ കൈയ്ക്ക പരുക്കേറ്റു. അദ്ദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇതിന് ശേഷമാണ് ഇളകൊള്ളൂർ സ്‌കൂൾ പടിക്ക് സമീപം വച്ച് പത്തനാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറിന് നേരെ കല്ലേറുണ്ടായത്. ചില്ല് തെറിച്ച് കോന്നി താലൂക്ക് ഓഫീസിലെ ഒരു ജീവനക്കാരന് പരുക്കേറ്റു.
പത്തനംതിട്ട-കുമ്പഴ റോഡിൽ ആനപ്പാറയിൽ കെഎസ്ആർടിസി ബസിന് നേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. പത്തനംതിട്ട നിന്നും തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്ക് സർവീസ് നടത്തിയബസ്സിന് നേരെ നാലംഗ സംഘം കല്ലെറിയുകയായിരുന്നു. ഇടവഴിയിലുടെ ബസ്സിന് മുന്നിലെക്ക് ഓടിയെത്തിയ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിൻതുടർന്ന് പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. കല്ലേറിൽ ബസിന് കേടുപാടുകളുണ്ടാവുകയൊ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. ബസ് പൊലീസ് എസ്‌കോർട്ടോടെ സർവീസ് നടത്തി.
പന്തളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പെരുമണിലേക്ക് പുറപ്പെട്ട ഉടൻ ഓർഡിനറി ബസിന് നേരെ കല്ലേറുണ്ടായി. രാവിലെ ഏഴിനാണ് സംഭവം. മുൻ ഗ്ലാസ് തകർന്ന് ചില്ല് തെറിച്ച് ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ ജില്ലയിലെ പ്രധാന സ്ഥലങ്ങളൊക്കെ ശാന്തമാണ്. മിക്കയിടത്തും കടകമ്പോളങ്ങൾ തുറന്നിട്ടുണ്ട്. ഗതാഗത സൗകര്യമില്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്