പത്തനംതിട്ട: ടൗണില്‍ വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘത്തെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തീവ്രശ്രമം. അതിക്രമത്തിന്റെ പേരില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ജനരോഷം താല്‍ക്കാലികമായി ശമിപ്പിച്ചെങ്കിലും പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങളൊക്കെ അണിയറയില്‍ കൃത്യമായി നടക്കുകയാണ്.

പോലീസ് അബാന്‍ ജങ്ഷനില്‍ രാത്രി 11 മണിയോടെ എത്തുന്നത് തൊട്ടടുത്ത ഹെയ്ഡേ ബാറില്‍ നിന്ന് വിളിച്ചത് അനുസരിച്ചാണ്. മദ്യം ആവശ്യപ്പെട്ട് ചിലര്‍ കണ്ണാടിച്ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബാറില്‍ നിന്ന് പോലീസിനെ വിളിച്ചു പറഞ്ഞത്. ഇത്രയും കാര്യങ്ങള്‍ കൃത്യമാണ്. എന്നാല്‍, ബാറിന് മുന്നില്‍ എത്തിയ പോലീസിന് പിന്നെയാണ് പിഴയ്ക്കുന്നത്. അവിടെ നിന്നവരെയെല്ലാം ചോദിക്കാതെയും പറയാതെയും പൊതിരെ തല്ലി. അതിനിടയിലാണ് സിത്താര, ഭര്‍ത്താവ് ശ്രീജിത്ത്, ബന്ധു ഷിജിന്‍ എന്നിവര്‍ക്ക് മാരകമായ മര്‍ദനമേറ്റത്. അടിച്ചത് ആളുമാറിയാണെന്ന് മനസിലാക്കിയ പോലീസ് സംഘം ഉടന്‍ തന്നെ രംഗം കാലിയാക്കി.

അടി കൊണ്ടവര്‍ക്ക് ഗുരുതര പരുക്ക് ഏറ്റെന്നും കളി കാര്യമായെന്നും മനസിലാക്കിയ പോലീസ് രക്ഷയ്ക്ക് ബാറുകാരുടെ സഹായം തേടി. ബാര്‍ ജീവനക്കാരന്‍ വെച്ചൂച്ചിറ സ്വദേശി അഖില്‍ ഷാനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇന്നലെ രാവിലെ 10.11 ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. സ്റ്റേഷനില്‍ വിവരം കിട്ടിയത് രാവിലെ 8.40 നാണ്. തിരിച്ചറിയാവുന്ന 10 പേരാണ് പ്രതികള്‍. ബാര്‍ അടച്ചതിന് ശേഷം മദ്യം കൊടുക്കാത്തതിന്റെ വിരോധത്തില്‍ സംഘം ചേര്‍ന്ന് ബാറിനുള്ളില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നും ജീവനക്കാരെ അസഭ്യം വിളിച്ചുവെന്നുമാണ് എഫ്ഐആറിലുള്ളത്.

തിരിച്ചറിയാവുന്ന 10 പ്രതികള്‍ എന്ന് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വിവാഹപ്പാര്‍ട്ടിയില്‍ പെട്ടവരെ പ്രതി ചേര്‍ക്കാനാണെന്ന് വ്യക്തം. ഈ കേസ് കാണിച്ച് മര്‍ദനമേറ്റ വിവാഹ സംഘത്തിലുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യം. പോലീസിന്റെ ക്രൂരമര്‍ദനമേറ്റവരുടെ മൊഴി പോലും എടുക്കുന്നതിന് മുന്‍പ് അവരില്‍ ചിലരെ പ്രതികളാക്കുക എന്ന ഗൂഢലക്ഷ്യവുമായിട്ടാണ് രാവിലെ 8.40 ന് പോലീസ് എഫ്ഐആര്‍ ഇട്ടത്. വിവാഹപ്പാര്‍ട്ടിയില്‍ വന്ന ചിലരും ബാറിലേക്ക് കടന്നു ചെന്ന് മദ്യം ചോദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മര്‍ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ സിതാരയുടെ മൊഴി പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇന്നലെ രാവിലെ 10.50 നാണ്. സ്റ്റേഷനില്‍ വിവരം കിട്ടിയതായി കാണിച്ചിരിക്കുന്നത് 9.30 നാണ്. ജാമ്യമില്ലാ വകുപ്പുകള്‍ സഹിതമാണ് നിലവില്‍ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട്, സ്ത്രീയ്ക്ക് നേരെയുളള അതിക്രമം എന്നിവ ചുമത്തിയിട്ടില്ല. ബാറിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പോലീസിന് നടപടി എടുക്കേണ്ടി വന്നുവെന്ന് വരുത്തി തീര്‍ത്ത് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പോലീസിനെ ചതിച്ചു. ബാറില്‍ പറയത്തക്ക സംഘര്‍ഷം ഒന്നുമുണ്ടായില്ല. ചെന്നവര്‍ മദ്യം ചോദിച്ചു. അവര്‍ തിരികെ മടങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. യാതൊരു വിധ സംഘര്‍ഷവും ഉണ്ടായതായി ദൃശ്യങ്ങളില്‍ ഇല്ല. ബാറിന് പുറത്ത് വെറുതേ നിന്നവരെ ഒരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു. യുവതി അടക്കമുളളവരെ പോലീസ് അകാരണമായി മര്‍ദിക്കുകയായിരുന്നു.

പൊലീസ് അതിക്രമം: സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹം: രാജു ഏബ്രഹാം

പത്തനംതിട്ട: വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. വഴിയരികില്‍ നിന്ന സ്ത്രീകളടക്കമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. പ്രശ്നത്തില്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.

നടപടി മാതൃകാപരമാണ്. പൊലീസിന് കളങ്കം വരുത്തുന്ന പൊലീസുകാര്‍ക്കുള്ള ശക്തമായ താക്കീതാണ് സസ്പെന്‍ഷന്‍. മികച്ച പൊലീസിങ്ങിന് ഇന്ത്യയില്‍ തുടര്‍ച്ചയായി കേന്ദ്ര ്രൈകം റിക്കോര്‍ഡ്സ് ബ്യൂറോയുടെ ഒന്നാം സ്ഥാനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ക്രിമിനലുകളായി കണ്ടെത്തിയ ഏറ്റവും കൂടുതല്‍ പൊലീസുകാരെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ട സംസ്ഥാനമാണ്.

അവിടെ ഇത് പോലെയുള്ള അതിക്രമങ്ങള്‍ നോക്കിനില്‍ക്കുന്ന ഭരണകൂടമല്ല ഇന്ന് കേരളം ഭരിക്കുന്നതെന്ന് ഇത്തരം ആളുകള്‍ തിരിച്ചറിയണം. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗം കൂടിയാണ് ശിക്ഷാനടപടിയെന്ന് രാജു ഏബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു.