- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിതരണം ചെയ്ത തിരിച്ചറിയൽ കാർഡുകൾ 2000; വോട്ടു ചെയ്തത് 5800ലേറെ പേർ; പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്ക് ഭരണം പിടിച്ചെടുത്ത എൽഡിഎഫിനെതിരേ യുഡിഎഫ് കോടതിയിലേക്ക്
പത്തനംതിട്ട: തെരഞ്ഞെടുപ്പിന് വിതരണം ചെയ്തത് 2000 തിരിച്ചറിയൽ കാർഡാണ്. എന്നാൽ ചെയ്ത വോട്ടാകട്ടെ 5800ൽപ്പരം. വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. 30 വർഷത്തിന് ശേഷം ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് വ്യാപകമായി കള്ളവോട്ട് നടന്നത്. പൊലീസിനെയും സകല സന്നാഹങ്ങളെയും ഉപയോഗിച്ചാണ് എൽഡിഎഫ് ഭരണം പിടിച്ചത്. സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിൽ മേൽക്കൈ നേടാൻ പത്തനംതിട്ടയിലെ ബാങ്ക് പിടിക്കേണ്ടത് എൽഡിഎഫിന് അനിവാര്യമായിരുന്നു. തൊട്ടു മുൻപ് നടന്ന പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളും കള്ളവോട്ടും ഒപ്പഗമുണ്ടായിട്ടും ഒന്നൊഴികെ എല്ലാ സീറ്റിലും എൽഡിഎഫ് പരാജയപ്പെട്ടത് നേതാക്കളെ ഞെട്ടിച്ചിരുന്നു. ഇക്കുറി അതുണ്ടാകാതിരിക്കാൻ സകല മുൻകരുതലും എടുത്തിരുന്നു.
ബാങ്കിൽ ആകെ 8500 അംഗങ്ങളുണ്ട്. ബാങ്ക് തുടങ്ങിയ കാലം മുതലുള്ള അംഗസംഖ്യയാണിത്. ഇതിൽ ഒരു പാട് പേർ മരിച്ചു പോയിട്ടുണ്ട്. നാട്ടിലില്ലാത്തവരും അനവധി. എന്നാൽ, ഇവരുടെയൊന്നും പേര് അംഗത്വത്തിലും വോട്ടർ പട്ടികയിലും നിന്ന് നീക്കിയിരുന്നില്ല. ഇതാണ് വ്യാപക കള്ളവോട്ടിന് വഴിയൊരുക്കിയത്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള 2000 പേർക്കാണ് തിരിച്ചറിയിൽ കാർഡ് കൊടുത്ത്. പക്ഷേ, വോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡുമായി വന്നത് 5800 പേരാണ്. ഉദ്യോഗസ്ഥരാകട്ടെ ഇതിന് ഒത്താശയും ചെയ്തു. ഫലം വന്നപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥികൾ മൃഗീയ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
എൽഡിഎഫ് സ്ഥാനാർത്ഥികളായിരുന്ന ചിലർക്ക് സഹകരണ ചട്ടം പ്രകാരം മത്സരിക്കാനുള്ള യോഗ്യത ഇല്ലായിരുന്നു. ഇവർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. തൽക്കാലം ഇവർ മത്സരിച്ച് തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നതായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇരുപക്ഷവും കള്ളവോട്ട് നന്നായി ചെയ്തു. എന്നാൽ, കൂടുതൽ വ്യാജ തിരിച്ചറിയൽ കാർഡ് കൊണ്ടു വന്നത് എൽഡിഎഫായിരുന്നു.
കള്ളവോട്ട് ആരോപിച്ച് സംഘർഷമുണ്ടായപ്പോൾ നാലു റൗണ്ട് ലാത്തിച്ചാർജ് നടന്നു. മുൻ ആറന്മുള എംഎൽഎ കെ.സി രാജഗോപാൽ അടക്കമുള്ളവരെ പൊലീസ് മർദിച്ചു. കള്ളവോട്ട് ചെയ്യുന്നത് തടയാൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം ശ്രമിക്കുന്നതിനിടെയാണ് ലാത്തിച്ചാർജ് ഉണ്ടായത്. എ.ആർ. ക്യാമ്പിൽ നിന്നുള്ള പൊലീസുകാരും ഒരു എസ്‌ഐയും ചേർന്നാണ് മുൻ എംഎൽഎയെ മർദിച്ചത്. നിലത്തു വീണ അദ്ദേഹത്തെ അവിടെ ഇട്ട് ചവിട്ടുകയും ചെയ്തുവെന്ന് പറയുന്നു. മുൻ എംഎൽഎയാണെന്ന് പറഞ്ഞിട്ടും രാജഗോപാലിനെ പൊലീസ് മർദിക്കുകയായിരുന്നു. വൻ പൊലീസ് സന്നാഹമുണ്ടായിരുന്നിട്ടും വ്യാപകമായി കള്ളവോട്ട് നടന്നു. ഇടയ്ക്ക് ചെറിയ സംഘർഷം വന്നപ്പോഴാണ് നാലു തവണ പൊലീസ് ലാത്തി വീശിയത്.
വിജയികൾ: കെ. അനിൽ, കെ. അനിൽകുമാർ, അഡ്വ. പി.എൻ. അബ്ദുൾ മനാഫ്, എ. ഗോകുലേന്ദ്രൻ, എസ്. ബിജു, ലളിതാഭായി, വർഗീസ് ദാനിയേൽ, ബി. ഷാഹുൽ ഹമീദ് (ജനറൽ മണ്ഡലം), ആനി സ്ലീബ, പി.ഡി. രമ, സലിജ (വനിതാ മണ്ഡലം), ടി.കെ. പൊടിയൻ (എസ്.സി/എസ്.ടി മണ്ഡലം), പി.കെ. സലിംകുമാർ (നിക്ഷേപ മണ്ഡലം).
ഇത് കള്ളവോട്ടിന്റെ വിജയമെന്ന് ഡിസിസി പ്രസിഡന്റ്
സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കള്ളവോട്ടും അക്രമവും ഭീഷണിയും നടത്തി നേടിയ അധാർമ്മിക വിജയമാണ് ഇടതുമുന്നണി പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേതെന്ന് ഡിസിസി പ്രസിസന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കുവാൻ സിപിഎം നേതൃത്വം നടത്തിയ ഹീനമായ ശ്രമം പരാജയപ്പെട്ട ശേഷം കാർഷിക ഗ്രാമ വികസന ബാങ്ക് പിടിച്ചടക്കുവാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നും സിപിഎം, ഡിവൈഎഫ് ഗുണ്ടകളെ ഇറക്കി വ്യാജ കാർഡുകളും ബാലറ്റ് പേപ്പറുകളും നിർമ്മിച്ച് വ്യാപകമായി കള്ളവോട്ടും അക്രമവും ഭീഷണിയും നടത്തിയാണ് ഭരണം പിടിച്ചെടുത്തത്. ഇതിനായി സഹകണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിയമ വിരുദ്ധമായി പ്രവർത്തിക്കുകയും എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും ചെയ്തു. വ്യാജ തിരിച്ചറിയൽ, ബാലറ്റ് പേപ്പർ നിർമ്മാണം എന്നിവയെക്കുറിച്ചും കള്ള വോട്ടിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിസന്റ് ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകൾ കൊള്ളയടിച്ച് നിക്ഷേപകരുടെ പണം തട്ടിയെടുക്കുന്ന സിപിഎം നേതൃത്വം മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിനെ തകർക്കുമെന്ന് സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പ് നൽകി. കള്ളവോട്ടും അക്രമവും നടത്തി എല്ലാ കാലത്തും വിജയിക്കാമെന്ന സിപിഎം വ്യാമോഹത്തിന് കാലം തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്