പത്തനംതിട്ട: മണി നാലടിച്ചാൽ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ അടി പൊട്ടുകയായി. സ്‌കൂൾ കുട്ടികളുടെ ഗ്യാങ് വാറാണ് നടക്കുന്നത്. ചേരി തിരിഞ്ഞ്, കൂട്ടം കൂടി തമ്മിലടിക്കുന്നത് പരിസരം പോലും അവഗണിച്ചാണ്. സംഘട്ടനം വ്യാപിച്ച് തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്കും ബസ് കാത്തു നിൽക്കുവന്നർക്ക് ഇടയിലേക്കും ചെന്നെത്തും. അടി പതിവായിട്ടും ഇവന്മാർക്കിട്ട് രണ്ട് അടി കൊടുക്കാൻ പൊലീസ് എത്തുന്നില്ലെന്ന പതിവാണ് വ്യാപാരികൾക്കും മറ്റ് യാത്രക്കാർക്കും.

പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കുട്ടികളുടെ തമ്മിലടി ഒരു പുതിയ സംഭവമല്ല. ഒരേ സ്‌കൂളിലെ വിവിധ ബാച്ചുകളിലെയും രണ്ടു സ്‌കൂളുകളിലെയും കുട്ടികളാകും പലപ്പോഴും തമ്മിലടിക്കുക. പെണ്ണു കേസാണ് മിക്കപ്പോഴും ഗ്യാങ് വാറിന് കാരണമാകുന്നതെന്ന് ബസ് യാത്രക്കാരും വ്യാപാരികളും പറയുന്നു. സ്‌കൂളിൽ നേരിടുന്ന അപമാനത്തിന് പ്രതികാരം ചെയ്യുന്നത് ബസ് സ്റ്റാൻഡിൽ എത്തിയാണ്. ഇതിന്റെ പരിണിത ഫലലം അനുഭവിക്കേണ്ടി വരുന്നതാകട്ടെ യാത്രക്കാരും കച്ചവടക്കാരുമാണ്.

സ്‌കൂൾ വിട്ട് സ്റ്റാൻഡിലെത്തിയാൽ ഒരു വിഭാഗം വിദ്യാർത്ഥികൾ മണിക്കുറുകളോളം ഇവിടെ തങ്ങുന്നത് പതിവാണ്. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നില പൂർണമായും ഒഴിഞ്ഞ് കിടക്കുന്നതും കുട്ടികൾക്ക് ഇവിടെ ഏറെ സമയം തങ്ങാൻ സൗകര്യമൊരുക്കുന്നുണ്ട്. ലഹരി ഉപയോഗവും ഉണ്ട്. മിക്കവാറും എല്ലാ ദിവസങ്ങളിലും യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് തല്ലുന്നു. സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും അവിടെ ഡ്യൂട്ടിക്ക് പൊലീസുകാർ ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ കാര്യമായ എയ്ഡ് അവരുടെ ഭാഗത്തു നിന്നുമുണ്ടാകാറില്ല. വിദ്യാർത്ഥികളുടെ സംഘർഷം അറിയിച്ചാലും പൊലീസ് കാര്യമായ നടപടികളൊന്നും എടുക്കാറുമില്ല.

പത്തനംതിട്ട സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതും ഒരു കാരണമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി മുതൽ 6 മണിവരെ രണ്ട് മണിക്കൂറോളം നീണ്ടു നിന്ന കൂട്ടപ്പൊരിച്ചിലാണ് ഇവിടെ നടന്നത്. കൂട്ട അടിക്കിടെ വിദ്യാർത്ഥികൾ വ്യാപാര സ്ഥാപനങ്ങളിലേക്കും യാത്രക്കാർക്കിടയിലേക്കും ഓടിക്കയറിയതോടെ നിരവധി യാത്രക്കാർക്ക് മർദ്ദനമേൽക്കുകയും വ്യാപാര സ്ഥാപനങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പൊലീസ് എത്തിയതോടെ സംഘർഷം താത്ക്കാലികമായി അവസാനിച്ചെങ്കിലും അവർ മടങ്ങിയതോടെ വീണ്ടും കൂട്ടത്തല്ല് ആരംഭിച്ചു.

വീണ്ടും പൊലീസ് എത്തിയെങ്കിലും ഇത്തവണ ഇടവേള കൊടുക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. സംഘർഷം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയപ്പോൾ മറ്റൊരാൾ എത്തി സുഹൃത്തിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കയർത്തു. അവസാനം രണ്ട് പേരെയും പൊലീസ് പിടികൂടിയതോടെ മറ്റ് വിദ്യാർത്ഥികൾ മുങ്ങി.

ഒരു ദിവസത്തെ സംഘർഷത്തിന്റെ ബാക്കിയായി അടുത്ത ദിവസം വീണ്ടും തമ്മിലടിക്കുകയാണ് പതിവ്. ഒരു വിഭാഗം വിദ്യാർത്ഥികൾ കഞ്ചാവ് മയക്ക് മരുന്ന് ക്യാരിയർമാരാണെന്നും പറയപ്പെടുന്നു. ഇവരുടെ ഗ്യാങിൽ ചേർന്ന് കരിയർമാരാവാത്ത വിദ്യാർത്ഥികളെ ഇത്തരക്കാർ ഉപദ്രവിക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്.

ഇത്തരം ആരോപണങ്ങളെപ്പറ്റി പൊലീസ് അധികൃതർ വിശദമായ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത.