- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
പത്തനംതിട്ട: ബസിലും ട്രാവലറിലുമൊക്കെ ആളെ ഇറക്കി വ്യാപക കള്ളവോട്ട്. അതിർത്തി വിട്ടു വന്നവരിൽ ഓരോരുത്തരും ചെയ്തത് അഞ്ച് വോട്ട് വരെ. എതിർത്തവരെ ഓടിച്ചിട്ട് അടിച്ചത് 10 റൗണ്ട് വരെ. പൊലീസ് ലാത്തിച്ചാർജ് ചെയ്തത് മൂന്നു റൗണ്ട്. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ കള്ളവോട്ടിട്ടവർ ഞെട്ടി. തങ്ങൾ പൊട്ടിപ്പോളീസായിരിക്കുന്നു. കള്ളവോട്ട് കാരണം തോറ്റ് പോകുമെന്ന് കരുതി നേരത്തേ വീട്ടിൽ കയറിയ എതിർപക്ഷവും ഞെട്ടി. തങ്ങൾ ഭരണം നിലനിർത്തിയിരിക്കുന്നു. പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്സ് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റോടു കൂടിയതായിരുന്നു.
വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാൻ സിപിഎം തീരുമാനിക്കുന്നു. സഹകരണ സംഘം ഉദ്യോഗസ്ഥർ, പൊലീസ് അടക്കം കാര്യങ്ങൾ എല്ലാം അനുകൂലമാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു. ബാങ്ക് ആകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. അക്കാരണത്താൽ ഭരണം പിടിക്കാൻ നോക്കേണ്ടെന്ന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ സിപിഎം നേതൃത്വത്തോട് പറഞ്ഞിരുന്നതാണ്. പക്ഷേ, ഭരണം പിടിച്ചേ തീരു. ജില്ലയിലെ മറ്റ പ്രമുഖ ബാങ്കുകളിലെല്ലാം ഈ രീതിയിൽ കള്ളവോട്ടും അട്ടിമറിയും നടത്തി ഭരണം പിടിച്ച പാരമ്പര്യവുമുണ്ട്.
എന്തായാലും ഞായറാഴ്ച രാവിലെ മാർത്തോമ്മ സ്‌കൂളിൽ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ കള്ളവോട്ട് ആരോപണം ഉയർന്നു. സിപിഎം കള്ളവോട്ടിനായി ആളെ ഇറക്കിയെന്നാരോപിച്ച് യുഡിഎഫ് രംഗത്തു വരുന്നു. പിന്നാലെ അടിപൊട്ടുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു. ഇരുഭാഗത്തും കുറേപ്പേർക്ക് അടി കിട്ടി. ചിലർക്ക് തലയ്ക്കടിയേറ്റു. എന്തായാലും മത്സരിച്ചാണ് കള്ളവോട്ട് നടന്നത്. വിജയം ഉറപ്പിച്ച് സിപിഎം അണികൾ ആഹ്ളാദ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഫലം വന്നപ്പോഴാണ് രസം. ഒന്നൊഴികെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. ഭരണവും നിലനിർത്തി. സിപിഎമ്മിൽ നിന്ന് വിജയിച്ച ഏക അംഗമാകട്ടെ മുൻപുള്ള ഭരണ സമിതിയിൽ യുഡിഎഫ് പ്രതിനിധി ആയിരുന്നയാളും.
ഇരുഭാഗത്ത് നിന്നും കള്ളവോട്ട് ഉണ്ടായെന്നാണ് പറയുന്നത്. പക്ഷേ, യഥാർഥ നിക്ഷേപകർ നിലവിലുള്ള ഭരണ സമിതിക്ക് വോട്ടുചെയ്തുവെന്ന് വേണം കരുതാൻ. ഒപ്പം ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ തന്ത്രപരമായ നീക്കം കാരണം ബൂത്ത് പിടുത്തവും ഇവിടെ നടക്കാതെ പോയി. പൊലീസ് പക്ഷം പിടിക്കാതെ നിന്നതും സിപിഎമ്മിന് തിരിച്ചടിയായി. പ്രതീക്ഷിച്ച സഹായം സഹകരണ വകുപ്പ് ജീവനക്കാരുടെ പക്ഷത്ത് നിന്നും കിട്ടിയിട്ടുമില്ലെന്ന് വേണം കരുതാൻ. രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങിയതു മുതൽ വൈകിട്ട് നാലിന് അവസാനിക്കും വരെ ഇടവിട്ട് യു.ഡി.എഫ് എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
രാവിലെ പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, യൂത്ത് കോൺഗ്രസ് ഓമല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ, ആൽഫിൻ, കെവിൻ തുടങ്ങി നിരവധി പേർക്ക് പരുക്കേറ്റു.ഇവർ ആശുപത്രികളിൽ ചികിത്സ തേടി. ആന്റോ ആന്റണി എംപി സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി വൈസ് പ്രസിഡന്റുമായ അനിൽ തോമസിന് മർദ്ദനമേറ്റു.
വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ നിരവധി വാഹനങ്ങളിൽ കള്ള വോട്ട് ചെയ്യിക്കാൻ സിപിഎം ആളകളെ എത്തിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം കള്ളവോട്ടു ചെയ്തിട്ടും യു.ഡി.എഫിന് ജയിക്കാനായി. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പത്തനംതിട്ട റസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നിയന്ത്രിച്ചതെന്നും ഡി.സി.സി നേതൃത്വം ആരോപിച്ചു.
പൊലീസിലെ സിപിഎം ഫ്രാക്ഷനിൽ പെട്ടവരെ ബൂത്തിലും പുറത്തും നിയോഗിച്ചു. കള്ളവോട്ട് ചോദ്യം ചയ്തതിനാണ് പൊലീസ് ലാത്തിക്ക് അടിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫ് നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി. അഞ്ച് പതിറ്റാണ്ടിലേറെയായി യു.ഡി.എഫ് ഭരണത്തിലാണ് പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക്.
വിജയികളും ലഭിച്ച വോട്ടും: ആർ. അഖിൽ കുമാർ (1774), അഡ്വ. അനിൽ തോമസ് (1824), അൻസർ മുഹമ്മദ് (1732), എ. ഫറൂക്ക് (1706), അഡ്വ. എ. സുരേഷ് കുമാർ (1775), ആനി സജി (1879), ആൻസി തോമസ് (1771), സജിനി മോഹൻ (1759), സി.കെ അർജുനൻ (2057), ഏബൽ മാത്യു നിക്ഷേപ മണ്ഡലം (1958) എല്ലാവരും യു.ഡി.എഫ്. കെ.ആർ. അജിത്കുമാർ, എൽ.ഡി.എഫ് (1653).
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്