പത്തനംതിട്ട: സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോമഡികൾ തുടരുന്നു. പ്രതിസന്ധിയിലായ ബാങ്കിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച്, കള്ളവോട്ട് ദൃശ്യങ്ങൾ പുറത്തു വന്ന് സിപിഎം ബാക്ഫുട്ടിലാണ്. സിപിഎമ്മിന്റെ കള്ളവോട്ടിൽ തങ്ങൾ തോൽക്കുമെന്ന് ഉറപ്പിച്ച് വീട്ടിലേക്ക് പോയ യുഡിഎഫ് നേതാക്കൾ ജയിച്ചപ്പോൾ ആകെ അത്ഭുത ലോകത്താണ്. പ്രസിഡന്റാകാൻ വേണ്ടിയുള്ള അടി അവിടെ തുടങ്ങിക്കഴിഞ്ഞു.

അതിനെയെല്ലാം വെല്ലുന്ന മറ്റൊരു കോമഡി ഇന്നലെ ബാങ്കിൽ നടന്നു. യുഡിഎഫ് പാനലിൽ നിന്ന് മത്സരിച്ച 11 പേരിൽ പരാജയപ്പെട്ട ഏക അംഗം കേരളാ കോൺഗ്രസിന്റേതാണ്. ഇദ്ദേഹമാകട്ടെ മത്സരിക്കാൻ സീറ്റ് ഒപ്പിച്ചത് യുഡിഎഫ് കൺവീനർ എംഎം ഹസന്റെ കത്തുമായി വന്നാണ്. 11 സീറ്റിലും കോൺഗ്രസുകാർക്ക് മത്സരിക്കാനായിരുന്നു താൽപര്യം. അതിനിടെ ഹസൻ പറഞ്ഞതു കൊണ്ട് മാത്രം സീറ്റ് കിട്ടിയ ആളാണ് കേരളാ കോൺഗ്രസിലെ സാം മാത്യു. ഇതിനായി ബാങ്കിൽ അംഗത്വം എടുക്കാൻ വേണ്ടി 10,000 രൂപ സാമിന് ഡെപ്പോസിറ്റ് ചെയ്യേണ്ടി വന്നു.

ഫലം വന്നപ്പോൾ യുഡിഎഫ് പാനലിൽ നിന്ന് സാം മാത്രം തോറ്റു. കഴിഞ്ഞ ഭരണ സമിതിയിൽ യുഡിഎഫിന്റെ ലേബലിൽ ഉണ്ടായിരുന്ന കെ.ആർ. അജിത്ത് കുമാർ മാത്രം ഇക്കുറി എൽഡിഎഫ് പാനലിൽ നിന്ന് വിജയം കണ്ടു. യുഡിഎഫിന്റെ പാനലിൽ സാം പിന്നാക്കം പോയപ്പോൾ മുൻ യുഡിഎഫുകാരനായ അജിത്തിന് അവരുടെ പാനൽ വോട്ട് കിട്ടി വിജയിക്കാനുമായി. താൻ മാത്രം തോറ്റു പോയതിന്റെ കലിപ്പിൽ ഡെപ്പോസിറ്റ് ചെയ്ത 10,000 രൂപ തിരികെ ലഭിക്കാൻ സാം ബാങ്കിലെത്തി. സാമ്പത്തിക പ്രതിസന്ധിയാണ്. രണ്ടാഴ്ച കഴിഞ്ഞ് വന്നാൽ പണം തരാമെന്ന് സെക്രട്ടറി പറഞ്ഞതു കേട്ട് സാം ഞെട്ടി.

ഇത്രയും പ്രതിസന്ധിയുള്ള ബാങ്കിന്റെ ഭരണം നിലനിർത്താനാണ് താൻ മത്സരിച്ചതെന്ന് അദ്ദേഹത്തിന് വിശ്വസിക്കാൻ സാധിച്ചിട്ടുണ്ടാവില്ല. ഇതേ ബാങ്കിന് വേണ്ടിയാണ് സിപിഎം കള്ളവോട്ട് ചെയ്തത് നാണം കെട്ടതെന്നത് മറ്റൊരു യാഥാർഥ്യം. എന്തായാലും ബാങ്ക് പ്രസിഡന്റാകാൻ യുഡിഎഫിൽ മത്സരം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്-യു.ഡി.എഫ് നേതാക്കൾ പരസ്പരം കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ സംഘർഷം ഉണ്ടായി.

പലതവണ പൊലീസ് ലാത്തിവീശി. ഇതിനിടെയാണ് എസ്്.എഫ്.ഐ ജില്ലാ സെക്രട്ടറിയും തിരുവല്ല സ്വദേശിയുമായ കെ.എസ് അമൽ അടക്കം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. കെ എസ് അമൽ അഞ്ച് പ്രാവശ്യം പോളിങ് ബൂത്തിൽ പ്രവേശിച്ച് വോട്ടു ചെയ്യുകയായിരുന്നു. ഇയാൾ വോട്ടർമാർക്കൊപ്പം ക്യൂവിൽ നിൽക്കുന്നതും തിരിച്ചറിയൽ രേഖ പരിശോധിക്കനായി നൽകുന്നതും ബാലറ്റുമായി നീങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇതിനിടെ ഒരു ബൂത്തിലെ സംശയം ഉന്നയിച്ച ഉദ്യോഗസ്ഥരോട് തർക്കിച്ച് ബാലറ്റ് വാങ്ങി വോട്ട് ചെയ്യുന്നതും കാണാം.

വോട്ട് ചെയ്യുന്നതിനിടെ സമീപത്ത് വോട്ട് ചെയ്യുന്ന മറ്റൊരു സ്ത്രീക്ക് ബാലറ്റ് കൈമാറുന്നതും കാണാം. ഒരു പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇയാളെ തിരിച്ചറിഞ്ഞിട്ടുംതടയാതെ ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ദൃശ്യങ്ങളിൽപ്പെട്ടിട്ടുണ്ട്. ഇതേപോലെ എസ്.എഫ്.ഐ കൊടുമൺ എരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്ഐ ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി അംഗം ജോയേഷ് പോത്തൻ, സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ ഉൾപ്പെടെ പലരും കള്ള വോട്ട് ചെയ്തതിന്റെ ദ്യശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.

എൽ.ഡി.എഫ് വ്യാപകമായി കള്ളനോട്ട് ചെയ്തുവെന്ന യു.ഡി.എഫ് ആരോപണത്തിന് ഇത് അടിവരയിടുന്നു. തെളിവുകൾ സഹിതം ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേ സമയം തെരഞ്ഞെടുപ്പ് പാനലിനായി ആരും കള്ളവോട്ട് ചെയ്തെന്ന് ശ്രദ്ധയിൽപെളപട്ടിട്ടില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് അവസാനം പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ നടത്തിയ പ്രസംഗമാണ് ഇവർക്കെതിരായും കള്ളവോട്ട് ആരോപണം ഉയർത്തുന്നത്. ഞാൻ കോൺഗ്രസ് പ്രവർത്തകരോട് പറയുകയാണ്. ഇവിടെ ഈ തെരഞ്ഞെടുപ്പ് കണ്ട് പഠിക്കണം. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഇവന്മാർക്ക് മാത്രമല്ല, ഞങ്ങൾക്കും അറിയാം എന്നത് വളരെ വ്യക്തമായി കാണിച്ചുകൊടുത്തിരിക്കുകയാണ്.

എന്നാൽ ജയിച്ചതിന്റെ ആവേശത്തിൽ പറഞ്ഞ് പോയതാണെന്നും തങ്ങൾ ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ കള്ളവോട്ടുകളും തിരിമറികളും സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ വ്യക്തമാക്കി.